മഴക്കളിയിൽ അടിതെറ്റി ഇന്ത്യ; പെർത്ത് ഏകദിനത്തിൽ ഓസീസിന് ഏഴ് വിക്കറ്റ് ജയം
ഓസീസ് നിരയിൽ 46 റൺസുമായി മിച്ചൽ മാർഷ് പുറത്താകാതെ നിന്നു

പെർത്ത്: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഡിഎൽഎസ് പ്രകാരം 26 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. മിച്ചൽ മാർഷ് 52 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. ജോഷ് ഫിലിപ്പെ 29 പന്തിൽ 37 റൺസുമായി മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അർഷ്ദീപ് സിങും അക്‌സർ പട്ടേലും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. ചെറിയ ഇടവേളക്ക് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമ(8), വിരാട് കോഹ്‌ലി(0) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും(10), ശ്രേയസ് അയ്യരും മടങ്ങിയതോടെ(11) ഒരുവേള സന്ദർശകർ 45-4 എന്ന നിലയിലായി. ഇതിനിടെ രണ്ട് തവണ മഴപെയ്തതോടെ മത്സരം 26 ഓവറാക്കി വെട്ടിചുരുക്കി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന കെഎൽ രാഹുൽ-അക്‌സർ പട്ടേൽ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. രാഹുൽ 31 പന്തിൽ 38 റൺസും അക്‌സർ പട്ടേൽ 38 പന്തിൽ 31 റൺസുമെടുത്തു. അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡി തകർത്തടിച്ചതോടെ(11 പന്തിൽ 19)യാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. ഓസീസ് നിരയിൽ ജോസ് ഹേസൽവുഡും മിച്ചൽ ഓവെനും കുഞ്ഞെമാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വ്യാഴാഴ്ച അഡ്‌ലെയ്ഡ് ഓവലിലാണ് അടുത്ത മത്സരം.
Adjust Story Font
16

