കട്ടക്കിൽ കലക്കി ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റ് ജയം, പരമ്പര 2-0
സെഞ്ച്വറി നേടിയ രോഹിത് ശർമയാണ് കളിയിലെ താരം

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ വിജയലക്ഷ്യമായ 305 റൺസ് 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ ടി20 പരമ്പരക്ക് പിന്നാലെ ഏകദിന സീരിസും ഇന്ത്യ സ്വന്തമാക്കി(2-0) ചെറിയ ഇടവേളക്ക് ശേഷം സെഞ്ച്വറിയുമായി രോഹിത് ശർമ(90 പന്തിൽ 119) മടങ്ങിവരവ് നടത്തി. ശുഭ്മാൻ ഗിൽ(60) തുടർച്ചയായ രണ്ടാം മാച്ചിലും അർധ സെഞ്ച്വറി സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങിൽ രോഹിത്-ഗിൽ സഖ്യം പവർപ്ലെയിൽ കത്തികയറിയതോടെ സ്‌കോറിംഗ് അതിവേഗമുയർന്നു. ഓപ്പണിങിൽ ഇരുവരും ചേർന്ന് 136 റൺസാണ് കൂട്ടിചേർത്തത്. 76 പന്തിൽ സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ഇംഗ്ലീഷ് ബൗളർമാർക്കെതിരെ തന്റെ ട്രേഡ്മാർക്ക് ഷോട്ടുകളെല്ലാം പുറത്തെടുത്തു. 12 ഫോറും ഏഴ് പടുകൂറ്റൻ സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ജാവി ഓവർട്ടന്റെ ഓവറിൽ ക്ലീൻബൗൾഡായി ശുഭ്മാൻ ഗിൽ( 60) മടങ്ങിയെങ്കിലും രോഹിത് ബാറ്റിങ് തുടർന്നു. പരിക്ക്മാറി ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിക്ക് തിളങ്ങാനായില്ല. അഞ്ച് റൺസെടുത്ത താരത്തെ ആദിൽ റഷീദ് കീപ്പർ ഫിലിപ്പ് സാൾട്ടിന്റെ കൈകളിലെത്തിച്ചു. എന്നാൽ പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യർ(44) മികച്ച പിന്തുണ നൽകി. രോഹിത് പുറത്തായ ശേഷം അക്‌സർ പട്ടേൽ ഇന്ത്യയെ വിജയത്തിലെത്തിക്കേണ്ട ദൗത്യം ഏറ്റെടുത്തു. 41 റൺസുമായി അക്‌സർ പുറത്താകാതെ നിന്നു. കെ.എൽ രാഹുൽ(10), ഹാർദിക് പാണ്ഡ്യ(10) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. രവീന്ദ്ര ജഡേജ(11) ഇന്ത്യയുടെ വിജയറൺ നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകർ 49.5 ഓവറിൽ 304 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 72 പന്തിൽ 69 റൺസെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ ബെൻ ഡക്കറ്റും ഫിലിപ് സാൾട്ടും ചേർന്ന് ആദ്യ പത്ത് ഓവറിൽ സ്‌കോർ 75ലെത്തിച്ചു. എന്നാൽ സാൾട്ടിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് (26) വരുൺ ചക്രവർത്തി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. അരങ്ങേറ്റ മത്സരം കളിച്ച ഇന്ത്യൻ സ്പിന്നറുടെ ആദ്യ വിക്കറ്റായിത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡക്കറ്റ്-ജോ റൂട്ട് കൂട്ടുകെട്ട് ഇംഗ്ലണ്ട് ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുപോയി.
സ്‌കോർ 102ൽ നിൽക്കെ രവീന്ദ്ര ജഡേജയുടെ ഓവറിൽ ഹർദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകി ബെൻ ഡക്കറ്റ്(65) മടങ്ങി. എന്നാൽ ഒരുഭാഗത്ത് നിലയുറപ്പിച്ച റൂട്ട് മധ്യഓവറുകളിൽ സിംഗിളും ഡബിളുമായി സന്ദർശക സ്‌കോറിംഗ് ഉയർത്തി. ഹാരി ബ്രൂക്ക്(31), ക്യാപ്റ്റൻ ജോസ് ബട്ലർ(34) എന്നിവരും മികച്ച പിന്തുണ നൽകിയതോടെ സ്‌കോർ 200 കടന്നു. രവീന്ദ്ര ജഡേജ എറിഞ്ഞ 42ാം ഓവറിൽ വലിയ ഷോട്ടിന് ശ്രമിച്ച ജോ റൂട്ടിനെ വിരാട് കോഹ്ലി കൈപിടിയിലൊതുക്കി. അവസാന ഓവറുകളിൽ ലിയാം ലിവിങ്സ്റ്റൺ(32 പന്തിൽ 41) തകർത്തടിച്ചതോടെ സ്‌കോർ 300 കടന്നു.
Adjust Story Font
16

