അഭിഷേക് വീണ്ടും ഡക്ക്, രക്ഷകനായി ദുബെ; നെതർലൻഡ്‌സിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ. നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് അടിച്ചെടുത്തത്. അർധ സെഞ്ച്വറി നേടിയ(27 പന്തിൽ 55) ശിവം ദുബെയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. സൂര്യകുമാർ യാദവ് 28 പന്തിൽ 34, തിലക് വർമ 27 പന്തിൽ 31, ഹാർദിക് പാണ്ഡ്യ 21 പന്തിൽ 30 മികച്ച പിന്തുണ നൽകി. നെതർലൻഡ്‌സിനായി ലോഗൻ വാൻബീക്ക് മൂന്ന് വിക്കറ്റ് നേടി. പവർപ്ലെയിൽ രണ്ടുവിക്കറ്റെടുത്ത് ആര്യൻദത്തും മികച്ചുനിന്നു.
ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഒട്ടുംമികച്ചതായിരുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായി. ആര്യൻദത്തിന്റെ ഓവറിൽ ഇന്ത്യൻ ഓപ്പണർ ക്ലീൻ ബൗൾഡാകുകയായിരുന്നു. മികച്ച ഫോമിലുള്ള ഇഷാൻ കിഷനേയും (ഏഴ് പന്തിൽ 18) മടക്കി ദത്ത് പവർപ്ലെയിൽ ഇന്ത്യക്ക് ഇരട്ട പ്രഹരം ഏൽപ്പിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന തിലക് വർമ-സൂര്യകുമാർ യാദവ് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ സ്‌കോർ 69ൽ നിൽക്കെ തിലക് വർമയെ(31) പുറത്താക്കി നെതർലാൻഡ് പ്രതീക്ഷകാത്തു. എന്നാൽ മധ്യ ഓവറിൽ സ്‌കോറിംഗ് ഉയർത്തിയ ശിവം ദുബെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 14ാം ഓവറിൽ സൂര്യകുമാർ യാദവിന്റെ(34) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായെങ്കിലും ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ദുബെ ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചു. 31 പന്തിൽ നാല് ഫോറും ആറു സിക്‌സറും സഹിതമാണ് ദുബെ ഫിഫ്റ്റി നേടിയത്.
അതേസമയം, ലോകകപ്പിൽ ഇതുവരെ അഭിഷേകിന് അക്കൗണ്ട് തുറക്കാനായില്ല. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഗോൾഡൻ ഡക്കായ താരത്തിന് രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് കളിക്കാൻ സാധിച്ചിരുന്നില്ല. പാകിസ്താനെതിരെ തിരിച്ചെത്തിയ അഭിഷേക് നാലാം പന്തിൽ തന്നെ റണ്ണൊന്നും എടുക്കാതെ മടങ്ങിയിരുന്നു.
Adjust Story Font
16

