മൂന്ന് അർദ്ധ സെഞ്ച്വറികൾ: നെതർലാൻഡ്‌സിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് അര്‍ധ സെഞ്ച്വറികള്‍ കണ്ടെത്തിയത്

സിഡ്‌നി: രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സൂര്യകുമാർ യാദവിന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ നെതർലാൻഡ്‌സിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 179 റൺസ്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചില്ല. ടീം സ്‌കോർ പതിനൊന്നിൽ നിൽക്കെ ലോകേഷ് രാഹുൽ പുറത്ത്. 9 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഒരു ബൗണ്ടറി മാത്രം കണ്ടെത്തിയ രാഹുലിനെ മീകെരിൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹിതും കോഹ് ലിയും ഒത്തുചേർന്നെങ്കിലും റൺസ് അധികം പിറന്നില്ല. സ്ലോ ബോളുകൾ എറിഞ്ഞ് ഇന്ത്യയെ മെരുക്കി.
അതിനിടെ രോഹിത് നൽകിയ ക്യാച്ച് നെതർലാൻഡ് നഷ്ടപ്പെടുത്തുകയും ചെയ്തു. ജീവൻ ലഭിച്ച രോഹിത് പതിയെ ഫോം വീണ്ടെടുത്തു. 39 പന്തിൽ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. രോഹിത് പോയതിന് പിന്നാലെ കോഹ്‌ലി കടിഞ്ഞാൺ ഏറ്റെടുത്തു. കൂട്ടിന് സൂര്യകുമാർ യാദവ് കൂടി ചേർന്നതോടെ സ്‌കോർബോർഡിന് വേഗത കൈവരിക്കാൻ തുടങ്ങി. അതിനിടെ കോഹ്‌ലിയും അർദ്ധ സെഞ്ച്വറി കണ്ടെത്തി. ഈ ടൂർണമെന്റിലെ കോഹ്‌ലിയുടെ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറിയാണിത്. അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ ഇരുവരും ആഞ്ഞുശ്രമിച്ചു.
ഒടുവിൽ കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ സ്‌കോർ 179 . വിരാട് കോഹ്ലി 44 പന്തിൽ 62 റൺസെടുത്തു. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസെടുത്തു. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്‌സ്. അവസാന പന്തിൽ സിക്‌സർ പറത്തിയായിരുന്നു സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറി
Adjust Story Font
16

