Quantcast

അർദ്ധ സെഞ്ച്വറിയുമായി മാർക്രമും മില്ലറും; ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റു

134 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-10-30 15:20:57.0

Published:

30 Oct 2022 2:41 PM GMT

അർദ്ധ സെഞ്ച്വറിയുമായി മാർക്രമും മില്ലറും; ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റു
X

പെർത്ത്: ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടാമെന്ന കണക്ക്കൂട്ടൽ തെറ്റിയപ്പോൾ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. പെർത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 134 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. ജയം അവസാന ഓവറിലെത്തിച്ചുവെന്നുമാത്രം ഇന്ത്യക്ക് ആശ്വസിക്കാം. എയ്ഡൻ മാർക്രം(52) ഡേവിഡ് മില്ലർ(59) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പികൾ.

മറുപടി ബാറ്റിങിൽ ടീം സ്‌കോർ മൂന്നിൽ നിൽക്കെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പൊരുതി. സ്‌കോർബോർഡിൽ 24 എത്തി നിൽക്കെ മൂന്നാം വിക്കറ്റും വീഴ്ത്തി ഇന്ത്യ കളിയിലേക്ക് വന്നു. എന്നാൽ നാലാം വിക്കറ്റ് വീഴ്ത്താൻ ടീം സ്‌കോർ 100 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു. അതോടെ ദക്ഷിണാഫ്രിക്ക വിജയതീരത്ത് എത്തിയിരുന്നു.അതിനിടെ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. 41 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മാർക്രത്തിന്റെ ഇന്നിങ്‌സ്. കളം മനസിലാക്കിയുള്ള ഇന്നിങ്‌സായിരുന്നു മാർക്രത്തിന്റെത്. അതിനിടെ മാര്‍ക്രം നല്‍കിയൊരു ക്യാച്ച് കോഹ്‌ലി വിട്ടുകളഞ്ഞിരുന്നു. റണ്‍ഔട്ട് അവസരവും ഇന്ത്യ പാഴാക്കി.

മില്ലറും കൂട്ടിനുണ്ടായതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഇരുവരും പന്തും റൺസും തമ്മിൽ അകലം കുറക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ മാർക്രം പോയെങ്കിലും മില്ലർ ഇന്നിങ്‌സ് ഫിനിഷ് ചെയ്തു. മില്ലർ പുറത്താകാതെയാണ് 59 റൺസ് നേടിയത്. 46 പന്തുകളിൽ നിന്നായിരുന്നു മില്ലറുടെ ഇന്നിങ്‌സ്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും ആ ഇന്നിങ്‌സിന്റെ ഭാഗമായി. ഇന്ത്യക്ക് വേണ്ടി അർഷദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്:

കൂടെയുള്ളവരെല്ലാം കൂടാരം കയറിയിട്ടും സൂര്യകുമാർ ഒറ്റക്ക് പൊരുതി നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയത് 133 റൺസ്. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റൺസ് നേടിയത്. 68 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എൻഗിഡിയുടെ പന്തുകൾക്ക് അലക്ഷ്യമായി ബാറ്റ് വെച്ചപ്പോൾ ഇന്ത്യ പെർത്തിൽ തകരുകയായിരുന്നു. 23 റൺസ് വരെ ഓപ്പണിങ് സഖ്യം സ്‌കോർബോർഡ് കൊണ്ടുപോയെങ്കിലും ആദ്യ പ്രഹരം എൻഗിഡി കൊടുത്തത് ഇന്ത്യൻ നായകന്. റിട്ടേൺ ക്യാച്ചിൽ 15 റൺസെടുത്ത രോഹിത് പുറത്ത്. ഫോം വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന ലോകേഷ് രാഹുലായിരുന്നു അടുത്ത ഇര.

9 റൺസെടുത്ത രാഹുൽ മാർക്രത്തിന് ക്യാച്ച് നൽകി. മിന്നും ഫോമിലുള്ള കോഹ്‌ലിയെ കൂടി മടക്കിയതോടെ ഇന്ത്യ 41ന് മൂന്ന് എന്ന നിലയിലെത്തി. അവസരം ലഭിച്ച ദീപക് ഹൂഡയും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും കൂടി മടങ്ങിയതോടെ 49ന് അഞ്ച് എന്ന നിലയിൽ തകർന്നു. ഇതിൽ ഹൂഡയുടെ വിക്കറ്റ് നോർത്‌ജെക്കായിരുന്നു.

അതേസമയം ഒരറ്റത്ത് സൂര്യകുമാർ യാദവ് റൺസ് കണ്ടെത്തുന്നുണ്ടായിരുന്നു. തന്റെ ഫേവറിറ്റ് ഏരിയയിലൂടെയും അല്ലാതെയും സൂര്യ ബൗണ്ടറികളും സിക്‌സറുകളും പായിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വിക്കറ്റ് ലഭിച്ചതിന്റെ ആഘോഷം സൂര്യകുമാർ പതുക്കെ തല്ലിക്കെടുത്തുന്നുണ്ടായിരുന്നു. എന്നാൽ പിന്തുണ കൊടുക്കാൻ മറ്റു ബാറ്റർമാർ ആരും ഇല്ലാതെ പോയി.

TAGS :

Next Story