Quantcast

പുറത്തേക്ക്... ഏഷ്യാകപ്പിൽ ലങ്കയോട് തോറ്റ് ഇന്ത്യ

ഇന്ത്യയ്ക്കായി ചഹൽ മൂന്നും അശ്വിൻ ഒരു വിക്കറ്റും നേടി

MediaOne Logo

Web Desk

  • Published:

    6 Sep 2022 5:46 PM GMT

പുറത്തേക്ക്... ഏഷ്യാകപ്പിൽ ലങ്കയോട് തോറ്റ് ഇന്ത്യ
X

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ആറ് വിക്കറ്റിന് ശ്രീലങ്കയാണ് ഇന്ത്യയെ തോൽപ്പിച്ചത്. തോൽവിയോടെ ഇന്ത്യയുടെ ഏഷ്യാകപ്പ് ഫൈനൽ സാധ്യത മങ്ങി. ഓപ്പണർമാരായ നിസൻകയുടെയും കുശാൽ മെൻഡീസിന്റെയും പ്രകടനമാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. കുശാൽ 57 റൺസും നിസൻക 52 റൺസും എടുത്തു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ശനക നടത്തിയ വെടിക്കെട്ട് പ്രകടനവും ശ്രീലങ്കയുടെ വിജയത്തിന് കാരണമായി. ഇന്ത്യയ്ക്കായി ചഹൽ മൂന്നും അശ്വിൻ ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നായകൻ രോഹിത് ശർമ്മയുടെ അർധസെഞ്ച്വറിയുടെ ബലത്തിലായിരുന്നു 173 റൺസ് എടുത്തത്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റൺസ് നേടിയത്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. സ്‌കോർബോർഡിൽ പതിനൊന്ന് റൺസ് എത്തിയപ്പോഴേക്ക് കെ.എൽ രാഹുലിനെ ശ്രീലങ്ക മടക്കി.

ആറ് റൺസെടുത്ത രാഹുലിനെ തീക്ഷ്ണ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിരാട് കോഹ്ലിയെ കൂടി ലങ്ക വീഴ്ത്തിയതോടെ ഇന്ത്യ 13ന് രണ്ട് എന്ന നിലയിലെത്തി. അക്കൗണ്ട് തുറക്കും മുമ്പെ മധുശങ്ക, കോഹ്ലിയെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ശേഷം വന്ന സൂര്യകുമാർ യാദവുമൊത്താണ് രോഹിത് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് നേടിയത് 97 റൺസ്. 41 പന്തുകളിൽ നിന്ന് അഞ്ച് ഫോറും നാല് സിക്സറും സഹിതം 72 റൺസാണ് രോഹിത് നേടിയത്. ആദ്യ പത്ത് ഓവറിൽ ഇന്ത്യയുടെ സ്‌കോർ പതുക്കെയാണ് നീങ്ങിയത്.

അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ രോഹിത് ആഞ്ഞടിക്കാൻ തുടങ്ങിയത് സ്‌കോറിങ് വേഗത്തിലാക്കി. അതിനിടെ രോഹിത് വീണു. കരുണരത്നയാണ് രോഹിതിനെ മടക്കിയത്. രോഹിത് മടങ്ങുമ്പോൾ ഇന്ത്യയുടെ സ്‌കോർ 12 ഓവറിൽ 110ൽ എത്തിയിരുന്നു. ഒമ്പത് റൺസ് കൂടി ടോട്ടലിൽ എത്തിയപ്പോഴേക്ക് നാലാം വിക്കറ്റും വീണു. 34 റൺസെടുത്ത സൂര്യകുമാർ യാദവിനെ ദസുൻ ശനക മടക്കി.ശനകയുടെ സ്ലോ പന്തിൽ ബാറ്റ് വെച്ച സൂര്യകുമാർ യാദവ് സ്ലിപ്പിൽ ദിൽശന് ക്യാച്ച് നൽകി. നേരിട്ട രണ്ടാം പന്തിൽ ബൗണ്ടറി നേടി റിഷബ് പന്ത് തുടങ്ങി. എന്നാൽ 13 പന്തുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളൂ.

17 റൺസെടുത്ത പന്തിനെ മധുശങ്കയാണ് മടക്കിയത്. ഹാർദിക് പാണ്ഡ്യ 13 പന്തിൽ 17, ദീപക് ഹൂഡ മൂന്ന് പന്തിൽ മൂന്ന് എന്നിവർ വേഗത്തിൽ മടങ്ങിയതോടെ സ്‌കോറിങ് വേഗത കുറഞ്ഞു. വാലറ്റത്തിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അശ്വിൻ അവസാന ഓവറിൽ സിക്സറടിച്ച് സ്‌കോർ 170 കടത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി ദിൽശൻ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story