Quantcast

റൺമലക്ക് മുന്നിൽ പൊരുതിവീണ് ഡൽഹി; രാജസ്ഥാന്റെ ജയം 15 റൺസിന്‌

നോ ബോള്‍ തീരുമാനത്തിൽ പ്രതിഷേധിച്ച് നായകൻ റിഷഭ് പന്ത് ബാറ്റർമാരെ തിരികെ വിളിച്ചെങ്കിലും പരിശീലകർ ഇടപെട്ട് രംഗം ശാന്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-04-22 18:16:52.0

Published:

22 April 2022 3:58 PM GMT

റൺമലക്ക് മുന്നിൽ പൊരുതിവീണ് ഡൽഹി; രാജസ്ഥാന്റെ ജയം 15 റൺസിന്‌
X

ബട്‌ലറിന്റെ സെഞ്ചുറിക്കരുത്തിൽ പടുത്തുയർത്തിയ രാജസ്ഥാന്റെ 222 റൺസ് എന്ന റൺ കോട്ട തകർക്കാൻ ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടവീര്യത്തിന് സാധിച്ചില്ല. അവസാന ഓവറിലെ നാടകീയതക്ക് പിന്നാലെ ഡൽഹിയുടെ പോരാട്ടം വിജയലക്ഷ്യത്തിന് 15 റൺസ് അകലെ 20 ഓവറിൽ 207 ൽ വീണു.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിക്ക് മിന്നൽ തുടക്കം തന്നെ ലഭിച്ചെങ്കിലും മറുവശത്ത് നിന്ന് ബട്‌ലറിന്റെ കൈയിൽ നിന്നുണ്ടായ ഒരു ഇന്നിങ്‌സ് പ്രതീക്ഷിച്ചിരുന്ന വാർണർ അഞ്ചാം ഓവറിൽ 28 റൺസുമായി മടങ്ങി. പവർ പ്ലേ പൂർത്തിയാകും മുമ്പ് പിന്നാലെ വന്ന സർഫ്രാസ് ഖാൻ ഒരു റൺസുമായി തിരികെ നടന്നു. തുടക്കത്തിലെ തന്നെയുണ്ടായ വിക്കറ്റ് വീഴ്ച ഡൽഹിയുടെ ബാറ്റിങ് വേഗം കുറച്ചു. പൊരുതി നിന്ന പൃഥ്വി ഷാ 37 റൺസുമായി മടങ്ങിയതിന് പിന്നാലെ ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയായിരുന്ന നായകൻ റിഷഭ് പന്ത് അർധ സെഞ്ച്വറിക്ക് ആറ് റൺസ് അകലെയും വീണു. തൊട്ടടുത്ത ഓവറിൽ അക്‌സർ പട്ടേലും (1) മടങ്ങി. സഞ്ജുവിന്റെ മിന്നൽ റണൗട്ടിലൂടെ ശാർദുൽ താക്കൂറും (

പിന്നീട് വാങ്കഡെയിൽ കണ്ടത് ലളിത് യാദവിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. മുൻനിര തകർന്നിട്ടും ലളിച് യാദവ് കൂറ്റനടികളുമായി കളം നിറഞ്ഞതോടെ മത്സരം വീണ്ടും ഡൽഹിയുടെ വഴിയിലെത്തി. റോവ്‌മെൻ പവൽ കൂടി വെടിക്കെട്ട് നടത്തിയതോടെ ഒരുവേള കളി ഡൽഹി ജയിക്കുമെന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തി. പക്ഷേ 19-ാം ഓവറിൽ ലളിത് യാദവ് (24 പന്തിൽ 37) മടങ്ങിയതോടെ ആ പ്രതീക്ഷയും അവസാനിച്ചു.

അവസാന ഓവറിൽ ഡൽഹിക്ക് വേണ്ടിയിരുന്നത് 36 റൺസായിരുന്നു. മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് പവൽ സിക്‌സറിന് പറത്തി. അടുത്ത പന്തും സിക്‌സർ പറന്നതോടെ ഡൽഹി വീണ്ടും ജയം മുന്നിൽക്കണ്ടു. മൂന്നാം പന്തും സിക്‌സർ- പക്ഷേ ആ പന്ത് നോബോളാണെന്ന് ഡൽഹി ബാറ്റ്‌സ്മാൻമാർ വാദിച്ചെങ്കിലും അംപയർമാർ അനുവദിച്ചില്ല. തീരുമാനത്തിൽ പ്രതിഷേധിച്ച് നായകൻ റിഷഭ് പന്ത് ബാറ്റർമാരെ തിരികെ വിളിച്ചെങ്കിലും പരിശീലകർ ഇടപെട്ട് രംഗം ശാന്തമാക്കി. ഡൽഹി പരിശീലകൻ പ്രവീൺ അമ്ര ഗ്രൗണ്ടിലിറങ്ങി അംപയറോട് സംസാരിച്ചു. ഇടയ്ക്ക് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ബട്‌ലറുമായും പന്ത് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. അംപയർ തീരുമാനം മാറ്റാൻ തയാറിരുന്നില്ല. തൊട്ടടുത്ത പന്തിൽ റൺസൊന്നും നേടാനിയില്ല. അടുത്ത പന്തിൽ രണ്ട് റൺസും അവസാന പന്തിൽ പവൽ (15 പന്തിൽ 36) പുറത്താവുകയും ചെയ്തു.

രാജസ്ഥാന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാലും അശ്വിൻ രണ്ടും ചഹൽ, മക്കോയ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാന് ഒരിക്കൽ കൂടി ഓപ്പണർ ജോസ് ബട്ട്ലറിന്റെ സെഞ്ച്വറി കരുത്തിലാണ് കൂറ്റൻ സ്‌കോർ നേടിയത്. 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 222 റൺസാണ് രാജസ്ഥാൻ അടിച്ചുക്കൂട്ടിയത്. സീസണിൽ ബട്ലറിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണിത്.

പതിയെയായിരുന്നു രാജസ്ഥാന്റെ തുടക്കം. പവർ പ്ലേ കഴിഞ്ഞിട്ടും വിക്കറ്റുകൾ വീഴ്ത്താൻ ഡൽഹിക്ക് സാധിക്കാൻ പറ്റാതെ വന്നതോടെ ബട്ലറും ദേവ്ദത്ത് പടിക്കലും ഗിയർ മാറ്റി. പിന്നെ ഡൽഹി ബൗളർമാരുടെ പന്തുകൾ തുടരെ തുടരെ ബൗണ്ടറി ലൈനിനപ്പുറം പറന്നു. പതിനാറാം ഓവറിൽ അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ (35 പന്തിൽ 54) ഖലീൽ അഹമ്മദിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പടിക്കൽ മടങ്ങിയെങ്കിലും ബട്ലർ തന്റെ വേട്ട തുടർന്നു. സഞ്ജുവിനെയും കൂട്ടുപിടിച്ച് 57 പന്തിൽ സെഞ്ച്വറി നേടി ഒരിക്കൽ കൂടി ബട്ലർ ഓറഞ്ച് ക്യാപ്പ് തന്റെ തലയിൽ ഉറപ്പിച്ച് വച്ചു.

ഒടുവിൽ 9 സിക്സറിന്റെയും അത്രയും തന്നെ ബൗണ്ടറികളുടേയും അകമ്പടിയോട് കൂടി 65 പന്തിൽ നേടിയ 116 റൺസുമായി മുസ്തഫിസറുന്റെ പന്തിൽ വാർണറിന് ക്യാച്ച് നൽകി ബട്ലർ മടങ്ങുമ്പോൾ രാജസ്ഥാന്റെ സ്‌കോർ ബോർഡ് 200 കടന്നിരുന്നു.

നായകന്റെ റോൾ സഞ്ജുവും മനോഹരമായി പൂർത്തിയാക്കിയതോടെ (19 പന്തിൽ 46) രാജസ്ഥാൻ 222 എന്ന കൂറ്റൻ സ്‌കോറിൽ ഫിനിഷ് ചെയ്തു. ഹെറ്റ്മെയർ ഒരു റൺസുമായി പുറത്താകാതെ നിന്നു.


TAGS :

Next Story