രഞ്ജി ട്രോഫി : മഹാരാഷ്ട്രക്കെതിരെ ലീഡ് വഴങ്ങി കേരളം

തിരുവനന്തപുരം : രഞ്ജി ട്രോഫിയിലെ ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്രയോട് ലീഡ് വഴങ്ങി കേരളം. മഹാരഷ്ട്രയുയർത്തിയ 239 റൺസ് പിന്തുടർന്നിറങ്ങിയ കേരളം 63.2 ഓവറിൽ 219 ന് പുറത്താവുകയായിരുന്നു. കേരളത്തിനായി സഞ്ജു സാംസൺ 54 റൺസും സൽമാൻ നിസാർ 49 റൺസും നായകൻ മുഹമ്മദ് അസറുദ്ധീൻ 36 റൺസും നേടി. മഹാരാഷ്ട്രക്കായി ജലജ് സക്‌സേന മൂന്നും വിക്കി ഓസ്റ്റ്വാൾ, മുകേഷ് ചൗദരി, രജ്‌നീഷ് ഗുർബാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
മൂന്നാം ദിനം ബാറ്റിംഗ് തുടർന്ന കേരളത്തിന്റെ സ്കോർ നില മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 എന്നായിരുന്നു. 22ാം ഓവറിൽ സച്ചിൻ ബേബിയെ രാമകൃഷ്ണ ഘോഷ് മടക്കി അയച്ചതോടെ നാല് മുൻ നിര ബാറ്റർമാരെ കേരളത്തിന് നഷ്ടമായി. പിന്നാലെ വന്ന സഞ്ജു സാംസണും ക്യാപ്റ്റൻ അസറുദ്ദീനും ചേർന്ന് കേരളത്തിന് പ്രതീക്ഷയേകുന്ന കൂട്ടുകെട്ടാണ് നൽകിയത്. വൈകാതെ സഞ്ജു സാംസൺ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. പക്ഷെ പിന്നാലെ തന്നെ വിക്കി ഓസ്റ്റ്വാൾ സാംസണെ മടക്കിയയച്ചു. അധികം വൈകാതെ തന്നെ 36 റൺസുമായി അസറുദ്ദീനും പുറത്തായി. സൽമാൻ നിസാർ ഒരു ഭാഗത്ത് ചെറുത്ത് നിൽപ്പ് തുടർന്നെങ്കിലും മറുഭാഗത്ത് കേരളത്തിന്റെ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായി. അങ്കിത് ശർമയേയും നിധീഷിനെയും ജലജ് സക്‌സേന പുറത്താക്കിയപ്പോൾ ഏദൻ ആപ്പിൾ ടോമിനെ പുറത്താക്കിയത് മുകേഷ് ചൗദരിയാണ്. 64ാം ഓവറിൽ സൽമാൻ നിസാറും പുറത്തായതോടെ 20 റൺസിന്റെ ലീഡ് വഴങ്ങി കേരളം ഓൾ ഔട്ടായി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ മഹാരാഷ്ട്ര നിലവിൽ വിക്കറ്റുകൾ നഷ്ടമാകാതെ 51 റൺസ് എന്ന നിലയിലാണ്. മഹാരാഷ്ട്രക്കായി ക്രീസിൽ പൃഥ്‌വി ഷാ (37), അർശിന് കുൽക്കർണി (14) എന്നിവരാണ്. വെളിച്ചം കുറവ് മൂലം നിലവിൽ മത്സരം നിർത്തി വെച്ചിരിക്കുകയാണ്.
Adjust Story Font
16

