Quantcast

അർദ്ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് രണ്ട് വിക്കറ്റിന്റെ വിജയം

MediaOne Logo

Sports Desk

  • Published:

    11 March 2026 5:27 PM IST

അർദ്ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് രണ്ട് വിക്കറ്റിന്റെ വിജയം
X

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് അവിസ്മരണീയ വിജയം. തകർച്ചയിൽ നിന്ന് തിരിച്ചുവന്നാണ് കേരളം മിന്നുന്ന വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 50 ഓവറിൽ 256 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. നിത്യ ലൂർദ്ദിന്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് വിജയം ഒരുക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഒഡീഷയ്ക്ക് ഓപ്പണർ തൻവി രഞ്ജനയുടെ തകർപ്പൻ സെഞ്ച്വറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 78 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു വശത്ത് ഉറച്ചുനിന്ന തൻവി ടീമിനെ കരകയറ്റുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ സുചിസ്മിത പാണ്ഡെയ്ക്കൊപ്പം തൻവി 99 റൺസാണ് കൂട്ടിച്ചേർത്തത്. സുചിസ്മിത 32-ഉം തൻവി 118 പന്തുകളിൽ നിന്ന് 101-ഉം റൺസെടുത്തു. ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായെങ്കിലും തുടർന്നെത്തിയ അളകനന്ദ (32), ജ്യോതി പ്രസാദ് (26) എന്നിവർ ചേർന്ന് ഒഡീഷയുടെ സ്കോർ 256-ൽ എത്തിച്ചു. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ, നിയ നസ്നീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും നജ്ല സി.എം.സിയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ വൈഷ്ണ എം.പി 30 റൺസെടുത്തു. എന്നാൽ ഒൻപത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തെ സമ്മർദ്ദത്തിലാക്കി. തുടർന്ന് ഏഴാമതായി ബാറ്റ് ചെയ്യാനെത്തിയ നിത്യ ലൂർദ്ദിന്റെ ഇന്നിങ്സാണ് കളിയുടെ ഗതി മാറ്റിയത്. മനസ്വിയ്ക്കൊപ്പം ആറാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്ത നിത്യ അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. 35 റൺസെടുത്ത് മനസ്വി പുറത്തായെങ്കിലും പത്താമതായി ക്രീസിലെത്തിയ നിയ നസ്നീൻ നിത്യയ്ക്ക് മികച്ച പിന്തുണയായി. പത്താം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. നിത്യ 73-ഉം നിയ 23-ഉം റൺസുമായി പുറത്താകാതെ നിന്നു. ഒഡീഷയ്ക്ക് വേണ്ടി അനന്യ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story