Quantcast

ക്യാപ്ടൻസി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഹ്ലി പോരാട്ടം തുടരും

നായകനെന്ന അധികഭാരം ഒഴിവാക്കി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു അടുത്ത കൊല്ലം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് കൂടുതൽ കരുത്തനായി വിരാട് കോഹ്ലി തിരിച്ചെത്തുന്നത് ടീം ഇന്ത്യയുടെ കരുത്ത് കൂട്ടുമെന്നത് ഉറപ്പാണ്.

MediaOne Logo
ക്യാപ്ടൻസി ഉണ്ടെങ്കിലും ഇല്ലെങ്കിലും കോഹ്ലി പോരാട്ടം തുടരും
X

ഇന്ത്യയുടെ ട്വന്റി 20 നായകനെന്ന പദവിയിൽ നിന്നും പടിയിറങ്ങാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം ട്വന്റി 20 ലോകകപ്പിന് തൊട്ടു മുന്നേ എടുക്കേണ്ടതില്ലായിരുന്നു എന്ന വിമർശനം അന്ന് ഉയർന്നെങ്കിലും ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം കണ്ടതിനു ശേഷം ആ തീരുമാനത്തോട് തികച്ചും പോസിറ്റിവ് ആയ പ്രതികരണങ്ങളാണ് വന്നതെന്നത് സ്വാഭാവികമാണ്. ഇവിടെ ചോദ്യം കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ പുറത്തേക്ക്‌ നയിച്ച 2 മത്സരങ്ങൾ കൊണ്ട് ജഡ്ജ് ചെയ്യപ്പെടേണ്ട നായകനാണോ വിരാട് കോഹ്ലി എന്നതാണ്. അല്ലെന്നു തന്നെയാണുത്തരം.

ടീമിന്റെ കളക്ടീവ് ആയൊരു പരാജയത്തിൽ നായകൻ തീർച്ചയായും വിമർശിക്കപ്പെടുമെങ്കിലും നായകനെന്ന നിലയിൽ കോഹ്‌ലിയുടെ ട്വന്റി 20 കരിയർ അസാധാരണമാം വിധം വൈരുധ്യങ്ങൾ നിറഞ്ഞതാണ്. കോഹ്‌ലിയുടെ ട്വന്റി 20 നായകനെന്ന നിലയിലുള്ള കാലയളവ് എടുത്ത് നോക്കുമ്പോൾ നായകനായി വന്ന 50 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിൽ 30 വിജയമെന്നത് മികച്ച നേട്ടമാണെന്ന് കാണാം. പരമ്പര വിജയങ്ങൾ നേടുന്നതിൽ ഒരു ഏഷ്യൻ രാജ്യത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ളതെന്നു വിലയിരുത്തപ്പെടുന്ന SENA (സൗത്ത് ആഫ്രിക്ക ,ഇംഗ്ലണ്ട് ,ന്യുസിലന്റ് & ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ട്വന്റി 20 പരമ്പരകൾ വിജയിച്ച ഏക ഇന്ത്യൻ നായകനാണ് വിരാട് കോഹ്ലി എന്നതാണ് തികച്ചും ഇമ്പ്രസീവ് ആയി തോന്നുന്ന കാര്യം. ന്യുസിലാന്റിനെ ന്യുസിലാന്റിൽ വച്ച് 5 -0 എന്ന സ്‌കോറിൽ തകർത്തു വിട്ടത് അവിസ്മരണീയ നേട്ടമാണ്.

ട്വന്റി 20യിൽ കോഹ്ലി ഒരു മോശം നായകനെന്ന വിലയിരുത്തലിലേക്ക് പലരും എത്തിപ്പെടുന്നത് ഐ. പി. എല്ലിൽ ബാംഗ്ലൂരിനെ നയിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു. 9 സീസണുകളിൽ ബാംഗ്ലൂരിനെ നയിച്ചിട്ടും കിരീടനേട്ടം അകന്നുപോയത് വിലയിരുത്തലുകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രോഹിത് ശർമ്മ മുംബൈക്ക് വേണ്ടി 5 ഐ. പി. എൽ കിരീടങ്ങളാണ് സ്വന്തമാക്കിയത് എന്നിരിക്കെ കോഹ്‌ലിയുടെ നായകപദവി തെറിക്കേണ്ടിയിരുന്നത് ബാംഗ്ലൂരിൽ നിന്ന് തന്നെയാണ്. ഇതേ കാലയളവിൽ ഇന്ത്യയുടെ ട്വന്റി 20 നായകനെന്ന നിലയിൽ കോഹ്ലി പക്ഷേ മോശമായിട്ടില്ല എന്നതാണ് വൈരുധ്യം . കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ അവസാനം കളിച്ച 5 ട്വന്റി 20 പരമ്പരകളും ജയിച്ചത് ഇന്ത്യ തന്നെയായിരുന്നു എന്നോർക്കണം. ഇനി കോഹ്ലി എന്ന ട്വന്റി 20 ബാറ്റ്സ്മാന്റെ ഫോം പരിശോധിക്കുകയാണെങ്കിൽ ലോകകപ്പിന് മുന്നേ ഈ കൊല്ലം കളിച്ച 5 ട്വന്റി 20 മത്സരങ്ങളിൽ നിന്നും 147സ്ട്രൈക്ക് റേറ്റിൽ 115 നു മുകളിൽ നിൽക്കുന്ന ശരാശരിയിൽ 231 റൺസെടുത്ത താരമാണ് അദ്ദേഹമെന്ന് കാണാം. മറ്റു ഫോർമാറ്റുകളിൽ ബാറ്റിംഗ് ഫോം മോശമായപ്പോഴും ട്വന്റി 20യിൽ കോഹ്ലി അസാധ്യ ഫോമിൽ തന്നെയായിരുന്നു.



എന്തുകൊണ്ട് നായകപദവി ഉപേക്ഷിക്കുന്നു എന്ന ചോദ്യത്തിന് വർക്ക് ലോഡ് മാനേജ് ചെയ്യാനാണ് ട്വന്റി 20 നായകപദവിയിൽ നിന്നും പടിയിറങ്ങുന്നതെന്ന വിശദീകരണം സത്യത്തിൽ ഒരു ഒഴിവുകഴിവ് മാത്രമാണ് . കാരണം അങ്ങനെയാണെങ്കിൽ ക്രിക്കറ്റിന്റെ ഷോർട്ടർ ഫോർമാറ്റിലെ നായകപദവി ഉപേക്ഷിക്കുന്നതിൽ അർത്ഥമേയില്ല, ഐ.പി.എല്ലിൽ രണ്ടു മാസം കൊണ്ട് 15 മത്സരങ്ങളിലെങ്കിലും ബാംഗ്ലൂരിനെ നയിച്ചിരുന്ന വിരാട് കോഹ്ലി ഒരു വർഷത്തിൽ ഏറ്റവും കുറച്ചു കളിക്കുന്നത് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളാണ്. . അതുകൊണ്ട് തന്നെ ഐ.പി.എല്ലിലെ നായകപദവി മാത്രം ഉപേക്ഷിച്ചു അദ്ദേഹത്തിന് ഇന്ത്യയുടെ ട്വന്റി 20 നായകപദവി നിലനിർത്താമായിരുന്നു. അപ്പോൾ കാരണം ഐ.സി.സി ടൂർണമെന്റുകളിലെ കിരീടമില്ലായ്മ തന്നെയാണ് എന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്.

ഇന്ത്യൻ ക്രിക്കറ്റിനെയും ആരാധകരെയും സംബന്ധിച്ചിടത്തോളം അതൊരു ഇഷ്യു തന്നെയാണെങ്കിലും ഈ കാലയളവിൽ മൂന്നേ മൂന്നു പ്രധാന ടൂർണമെന്റുകളാണ് ഇന്ത്യ കോഹ്‌ലിയുടെ കീഴിൽ കളിച്ചതെന്നും അതിൽ രണ്ടെണ്ണത്തിൽ ഫൈനലിലും ഒരെണ്ണത്തിൽ സെമി ഫൈനലിലുമാണ് പരാജയപ്പെട്ടതെന്ന കാര്യം മറക്കരുത്. ഒരു ചാമ്പ്യൻസ് ട്രോഫിയും ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പുമാണ് ഈ കാലയളവിൽ കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിച്ച പ്രധാന ഐ.സി.സി ടൂർണമെന്റുകൾ. ഏതാണ്ടെല്ലാ ഫോർമാറ്റിലും അസൂയാവഹമായ രീതിയിൽ ഇന്ത്യയെ നയിച്ച് തന്റെ അഗ്രഷനും പോരാട്ടവീര്യവും ടീം ഇന്ത്യയിലേക്കും പകർന്നു നൽകിയൊരു നായകൻ പരാജയപ്പെടുന്നവനായി മാറുന്നത് അവിടെ മാത്രമാണ്. എന്തായാലും പടിയിറക്കം നേരത്തെ തീരുമാനിച്ചത് വിവേകപൂർണമായ തീരുമാനം തന്നെയായിരുന്നു. ഈ ലോകകപ്പിന് ശേഷം കോഹ്‌ലിയുടെ നായകപദവിയും ബാറ്റിംഗ് ഫോമും ചോദ്യം ചെയ്യപ്പെട്ടതിന് ശേഷമുള്ളൊരു പടിയിറക്കം കഴിഞ്ഞ രണ്ടു ട്വന്റി 20 ലോകകപ്പുകളിലെയും പ്ലെയർ ഓഫ് ദ സീരീസ് ആയിരുന്ന കോഹ്ലി അർഹിച്ചിരുന്നില്ല.

തരക്കേടില്ലാത്ത നായകർക്കും മികച്ച നായകർക്കും കൃത്യമായ വ്യത്യാസമുണ്ട്. ട്വന്റി 20 ലോകകപ്പും 4 ഐ. പി. എൽ കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ മഹേന്ദ്ര സിംഗ് ധോണിയോടും 5 ഐ. പി. എൽ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ രോഹിത് ശർമയോടും താരതമ്യം ചെയ്യപ്പെടുമ്പോൾ ട്വന്റി 20 എന്ന ഷോർട്ടർ ഫോർമാറ്റിൽ വിരാട് കോഹ്‌ലിയുടെ നായകത്വം പോരാ എന്ന രീതിയിലുള്ള ചിന്തകളിലേക്ക് പലരെയും നയിക്കുന്നുണ്ട്. . ആത്യന്തികമായി കിരീടങ്ങൾ തന്നെയാണ് മികവിന്റെ അളവുകോലാകുന്നത് എന്നിരിക്കെ മഹേന്ദ്രസിംഗ് ധോണിയേക്കാൾ വിജയശതമാനം കൂടുതലുണ്ടെങ്കിലും കിരീടങ്ങളില്ലാത്തൊരു വിരാട് കോഹ്ലി തീർച്ചയായും പുറകിൽ തന്നെയായിരിക്കും ലാൻഡ് ചെയ്യുന്നത്.


വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ട, വളരെ പെട്ടെന്ന് ഗെയിം റീഡ് ചെയ്തെടുക്കേണ്ട ഈ ഫോർമാറ്റിൽ രോഹിത് ശർമ്മയെന്ന മുംബൈ ഇന്ത്യൻസ് നായകന്റെ മികവ് തന്നെയാണ് നമ്മളെ കോഹ്ലി നായകപദവിയിൽ നിന്നും മാറിനിന്നാലും കുഴപ്പമില്ല എന്ന തോന്നലിലെക്കെത്തിച്ചത് ഉണർത്തിയത്. വ്യക്തിപരമായി പറഞ്ഞാൽ ഈ ഫോർമാറ്റ് അർഹിക്കുന്ന അഗ്രഷൻ അതിന്റെ പൂർണതയിൽ നൽകുമ്പോഴും ഐ.പി.എല്ലിലൊക്കെ കോഹ്ലിയെന്ന ട്വന്റി 20 നായകന്റെ ഫീൽഡ് സെറ്റിങ്ങുകളും ഗെയിം റീഡിങ് കഴിവും ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്ന തോന്നൽ ഉണർത്തുന്നവയായിരുന്നു.

എന്തായാലും ക്രിക്കറ്റ് ബോർഡിന്റെ പക്കൽ നിന്നൊരു വ്യക്തമായ സന്ദേശം ലഭിക്കാതെ കോഹ്ലി ഇത്തരമൊരു തീരുമാനത്തിലേക്കെത്താൻ സാധ്യത കുറവാണു. ഒരുപക്ഷെ നായകപദവി ഉപേക്ഷിക്കുന്ന തീരുമാനം പുറത്തുവിട്ട സമയം കോഹ്ലിയായിരിക്കാം നിശ്ചയിച്ചത് എന്നേയുള്ളൂ. ഏകദിന ടീമിന്റെ നായകനായി തുടരാൻ കോഹ്‌ലിക്ക് താൽപര്യമുണ്ടെങ്കിൽ കൂടെ അടുത്ത ഏകദിന ലോകകപ്പിൽ അദ്ദേഹം നായകനായി തുടരാനുള്ള സാധ്യതകൾ കുറവാണു. ട്വന്റി 20ക്കൊപ്പം ഏകദിനത്തിലും രോഹിത് ശർമ്മ തന്നെ നായകപദവി ഏറ്റെടുക്കാനാണ് സാധ്യത.

നമീബിയക്കെതിരെയുള്ള അവസാന മത്സരത്തിൽ തന്റെ സ്ഥിരം പൊസിഷനായ നമ്പർ 3 യിൽ ഇറങ്ങാതെ പകരം സൂര്യകുമാർ യാദവിനാണ് അവസരം കൊടുത്തത്. എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി എളുപ്പത്തിലാണ് വന്നത്. "ഇത് ട്വന്റി 20 ലോകകപ്പാണ്. സൂര്യകുമാറിന് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ലോകകപ്പ് പോലൊരു വേദിയിൽ നിന്നയാൾക്ക് തിരികെ കൊണ്ട് പോകാൻ ഒരുപിടി നല്ല ഓർമകളെങ്കിലും വേണമെന്നുള്ളത് തോന്നിയത് കൊണ്ടാണ് അങ്ങനെയൊരു ബാറ്റിംഗ് പ്രൊമോഷൻ സംഭവിച്ചത് ". ദുർബലരായ എതിരാളികൾക്കെതിരെ പ്രസക്തിയില്ലാത്ത ഒരു മത്സരത്തിൽ പോലും റൺസ് വാരിക്കൂട്ടി സ്വന്തം റെക്കോർഡുകൾ മെച്ചപ്പെടുത്താൻ മാത്രം ശ്രദ്ധിക്കുന്ന സൂപ്പർ താരങ്ങളിൽ നിന്നും വ്യത്യസ്തനാണയാൾ എന്നതുറപ്പാണ്. കഴിവുള്ള യുവ കളിക്കാർക്ക് നിലക്കാത്ത പിന്തുണ നൽകുന്ന നായകൻ.


ട്വന്റി 20യിൽ എന്നല്ല ഏതൊരു ഫോർമാറ്റിലായാലും നായകനായാലും അല്ലെങ്കിലും കഴിവിന്റെ പരമാവധി ടീമിനായി നൽകുന്ന ക്രിക്കറ്ററാണ് അദ്ദേഹം എന്നിരിക്കെ വിരാട് കോഹ്‌ലിക്ക് നിരാശ തോന്നേണ്ട കാര്യമേയില്ല. ബാറ്റ്‌സ്മാനെന്ന നിലയിൽ അന്താരാഷ്ട്ര ട്വന്റി 20യിൽ അദ്ദേഹത്തിന്റെ ക്‌ളാസ് കുറച്ചു മത്സരങ്ങൾ കൊണ്ട് നിർണയിക്കപ്പെടേണ്ടതുമല്ല. 50 നു മുകളിൽ ബാറ്റിംഗ് ശരാശരി 3 ഫോർമാറ്റിലും ഇപ്പോഴും നിലനിർത്തുന്ന എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിലൊരാൾ പോരാട്ടം തുടരുക തന്നെ ചെയ്യും. നായകനെന്ന അധികഭാരം ഒഴിവാക്കി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു അടുത്ത കൊല്ലം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്ക് കൂടുതൽ കരുത്തനായി വിരാട് കോഹ്ലി തിരിച്ചെത്തുന്നത് ടീം ഇന്ത്യയുടെ കരുത്ത് കൂട്ടുമെന്നത് ഉറപ്പാണ്. ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ നായകപദവിയിൽ നിന്നും പടിയിറങ്ങുന്നത് ഈ ഫോർമാറ്റിൽ മഹേന്ദ്രസിംഗ് ധോണിക്ക് മാത്രം പുറകിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളാണ്.

TAGS :

Next Story