ധോണി ഇന്നും കളിക്കില്ല? പരിക്ക് മൂലം റാഞ്ചിയിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ സീസണിലെ അവസാന മത്സരത്തിൽ എം.എസ്. ധോണി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. തള്ളവിരലിനേറ്റ പരിക്ക് മൂലം താരം റാഞ്ചിയിലെ സ്വവസതിയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചെന്നൈ പ്ലേഓഫിലേക്ക് യോഗ്യത നേടിയാൽ താരം ടീമിലേക്ക് തിരികെയെത്തിയേക്കും. ചെന്നൈ പരിശീലകൻ മൈക്ക് ഹസി ഈ വാർത്ത സ്ഥിരീകരിച്ചതായി ഇ.എസ്.പി.എൻ. ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ മത്സരം.
ധോണി സീസണിലെ അവസാന ഹോം മത്സരത്തിൽ കളത്തിലിറങ്ങുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, സൺറൈസേഴ്സിനെതിരായ മത്സരത്തിൽ കളിക്കുമെന്ന് സൂചന നൽകിയിരുന്നെങ്കിലും താരം ഇറങ്ങിയില്ല. തള്ളവിരലിനേറ്റ പരിക്കാണ് ഇതിന് കാരണമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സൺറൈസേഴ്സുമായുള്ള മത്സര ശേഷം അദ്ദേഹം ഗ്രൗണ്ടിലിറങ്ങി കാണികളെ വണങ്ങുകയും ഗ്രൗണ്ടിലെ ഫോട്ടോഗ്രാഫർമാർക്കൊപ്പം ചിത്രം പകർത്തുകയും ചെയ്തിരുന്നു. അതിനാൽ സീസണിലെ അവസാന മത്സരത്തിൽ താരം കളിച്ചേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ധോണി അവസാന മത്സരത്തിലിറങ്ങി വിരമിക്കൽ പ്രഖ്യാപനം നടത്തിയേക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം നാട്ടിലേക്ക് മടങ്ങിയെന്നാണ് അറിയുന്നത്.
നിലവിൽ ഐ.പി.എൽ. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈക്ക് വൻ മാർജിനിലുള്ള വിജയം അനിവാര്യമാണ്. ഗുജറാത്തിനെ തോൽപ്പിച്ച് 14 പോയിന്റിൽ എത്തിയാൽ മാത്രം പോരാ; രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളുടെ വരാനിരിക്കുന്ന മത്സരങ്ങളുടെ ഫലത്തെക്കൂടി ആശ്രയിച്ചായിരിക്കും ചെന്നൈയുടെ പ്ലേഓഫ് ഭാഗ്യം നിശ്ചയിക്കപ്പെടുക.
Adjust Story Font
16

