Quantcast

മങ്കാദിങ് ഇനി മുതൽ റൺ ഔട്ട്, സ്‌ട്രൈക്ക് റൊട്ടേഷനിൽ മാറ്റം;ക്രിക്കറ്റ് നിയമങ്ങൾ മാറുന്നു

ബാറ്ററെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിൽ ഡെലിവറി സ്‌ട്രൈഡ് കടക്കുന്നതിന് മുമ്പ് ബോളർ പന്തെറിഞ്ഞാൽ അത് ഡെഡ് ബോളായി പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2022-03-09 12:08:36.0

Published:

9 March 2022 12:07 PM GMT

മങ്കാദിങ് ഇനി മുതൽ റൺ ഔട്ട്, സ്‌ട്രൈക്ക് റൊട്ടേഷനിൽ മാറ്റം;ക്രിക്കറ്റ് നിയമങ്ങൾ മാറുന്നു
X

ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി മേരിൽബോൺ ക്രിക്കറ്റ് ക്ലബ്. മങ്കാദിങ് അനുകൂലിച്ചും സ്‌ട്രൈക്ക് റോട്ടേഷനിൽ സുപ്രധാന മാറ്റം വരുത്തിയുമാണ് പുതിയ നിയമങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ വർഷം ഒക്ടോബർ വരെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരില്ല. ഒക്ടോബർ ഒന്ന് മുതലാകും പുതിയ നിയമങ്ങൾ ബാധകമാകുക.

ബോളിൽ തുപ്പൽ പുരട്ടുന്നത് എന്നന്നേക്കുമായി നിരോധിച്ചു. ആരോഗ്യ കാരണങ്ങൾ കൊണ്ടാണിത്. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച ക്രിക്കറ്റ് 2020 ജൂലൈയിൽ വീണ്ടും തുടങ്ങിയപ്പോൾ പന്തിൽ തുപ്പൽ പുരട്ടുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇതുമൂലം ബോളർമാർക്ക് ലഭിക്കുന്ന സ്വിങ്ങിൽ മാറ്റമൊന്നുമില്ലെന്ന് കണ്ടത്തി.അതേസമയം വിയർപ്പ് ഉപയോഗിച്ച് ബോൾ പോളിഷ് ചെയ്യുന്നത് ഇപ്പോഴും അനുവദനീയമാണ്.

നോൺ സ്‌ട്രൈക്കിങ് എൻഡിലുള്ള ബാറ്ററെ പന്ത് എറിയുന്നതിനു മുൻപു ബോളർ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. ഇത് കുറ്റകരമല്ലെന്നതാണ് മറ്റൊരു മാറ്റം. അത് റണ്ണൗട്ടായി പരിഗണിക്കും. സ്‌ട്രൈക്ക് റോട്ടേഷനുമായി ബന്ധപ്പെട്ടാണ് മറ്റൊരു സുപ്രധാന മാറ്റം. ഒരു താരം വിക്കറ്റിന് മുന്നിൽ കീഴടങ്ങിയാൽ അടുത്ത വരുന്ന ആൾ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിന്നുതന്നെ കളി തുടങ്ങണം.

ബാറ്ററെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിൽ ഡെലിവറി സ്‌ട്രൈഡ് കടക്കുന്നതിന് മുമ്പ് ബോളർ പന്തെറിഞ്ഞാൽ അത് ഡെഡ് ബോളായി പരിഗണിക്കും. ഇതുവരെ ഇത്തരം ബോളുകൾ നോ ബോൾ ആയാണ് കണക്കാക്കിയിരുന്നത്. അതുപോലെതന്നെ ബോളർമാരുടെ മനസ്സിൽ സംശയം സൃഷ്ടിക്കാൻ ബാറ്റ് ചെയ്യുന്നതിന് മുമ്പ് ബാറ്റ്‌സ്മാൻമാർ ക്രീസിന് ചുറ്റും മാറിമാറി നിൽക്കുന്നതിനും ഇനി നിയന്ത്രണമുണ്ട്. ബൗളർ റണ്ണപ്പ് തുടങ്ങിയാൽ എവിടെയാണോ ബാറ്റ്‌സ്മാൻ നിൽക്കുന്നത് അവിടെയായിരിക്കും വൈഡ് ബാധകമാകുക. റീപ്ലേസ്‌മെന്റ് താരങ്ങളുടെ കാര്യത്തിലാണ് മറ്റൊരു നിയമമാറ്റം. കളിക്കളത്തിൽ പകരക്കാരായി ഇറങ്ങുന്ന താരങ്ങൾ ആർക്ക് പകരമാണോ ഇറങ്ങുന്നത് അവരായി പരിഗണിക്കപ്പെടും.

TAGS :

Next Story