Quantcast

ബാബർ അസം കഴിഞ്ഞ വർഷത്തെ മികച്ച ഐ.സി.സി പുരുഷ ക്രിക്കറ്റർ

വിരാട് കോഹ്‌ലി 2017ലും 2018ലും അവാർഡ് നേടിയിട്ടുണ്ട്

MediaOne Logo

Sports Desk

  • Updated:

    2023-01-26 14:04:37.0

Published:

26 Jan 2023 12:45 PM GMT

ബാബർ അസം കഴിഞ്ഞ വർഷത്തെ മികച്ച ഐ.സി.സി പുരുഷ ക്രിക്കറ്റർ
X

പാകിസ്താൻ നായകൻ ബാബർ അസം കഴിഞ്ഞ വർഷത്തെ മികച്ച ഐ.സി.സി പുരുഷ ക്രിക്കറ്റർ. 2022ലെ 'സർ ഗാർഫീഡ് സോബേഴ്‌സ് ട്രോഫിയാണ് അസം നേടിയത്. 54.12 ശരാശരിയിൽ 2598 റൺസ് താരം കഴിഞ്ഞ വർഷം നേടിയിരുന്നു. 44 മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ച്വറികളും 17 അർധ സെഞ്ച്വറികളുമടക്കമാണ് അസം നേട്ടം കൊയ്തത്. ഇതിലൂടെ ഒരു കലണ്ടർ വർഷത്തിൽ 2000 റൺസെന്ന കടമ്പ കടന്ന ഏക താരമായി പാക് നായകൻ മാറിയിരിക്കുകയാണ്.

2022ലെ മികച്ച ഏകദിന ക്രിക്കറ്ററായും ഐ.സി.സി ഏകദിന ഇലവൻ ക്യാപ്റ്റനായും അസം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2021ലെ മികച്ച ഏകദിന ക്രിക്കറ്ററും ഏകദിന സംഘത്തലവനും ഇദ്ദേഹം തന്നെയായിരുന്നു. നിലവിൽ 887 റേറ്റിംഗുമായി മികച്ച ഏകദിന ബാറ്ററും അസമാണ്. 2022ൽ താരം കളിച്ച ഒമ്പത് ഏകദിനങ്ങളിൽ എട്ടിലും 50ലേറെ റൺസ് നേടി. 84.87 ശരാശരിയോടെ ആകെ 679 റൺസാണ് ഈ 28കാരൻ അടിച്ചുകൂട്ടിയത്.

2021 മുതൽ ഏറ്റവും കൂടുതൽ ഏകദിന റൺസ്, ഏകദിന സെഞ്ച്വറി എന്നിവയും ഈ പാക് താരത്തിന്റെ പേരിലാണ്.

അതേസമയം ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയറായി ഇംഗ്ലണ്ടിന്റെ ബെൻസ്‌റ്റോക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം സർ ഗാർഫീഡ് സോബേഴ്‌സ് ട്രോഫി നേടിയത് പാകിസ്താന്റെ തന്നെ താരമായ ഷഹീൻ അഫ്രീദിയായിരുന്നു. ബെൻ സ്‌റ്റോക്‌സ് (2019), വിരാട് കോഹ്‌ലി (2017,18), രവിചന്ദ്രൻ അശ്വിൻ (2016), സ്റ്റീവ് സ്മിത്ത് (2015), മിച്ചൽ ജോൺസൺ (2014), മൈക്കൽ ക്ലാർക്ക് (2013), കുമാർ സംഗക്കാര (2012), ജോനാഥൻ ട്രോട്ട് (2011), സച്ചിൻ ടെണ്ടുൽക്കർ (2010), മിച്ചൽ ജോൺസൺ (2009), ശിവ് നരൈൻ ചന്ദ്രപോൾ (2008), റിക്കി പോണ്ടിംഗ് (2006, 2007), ജാക്വസ് കാലിസ്- ആൻഡ്രൂ ഫ്‌ളിന്റോഫ് (2005), രാഹുൽ ദ്രാവിഡ് (2004) എന്നിവരും വിവിധ കാലങ്ങളിൽ അവാർഡ് നേടിയിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി20 താരമായി ഇന്ത്യയുടെ സൂര്യകുമാർ യാദവിനെ ഐ.സി.സി തെരഞ്ഞെടുത്തു. ടി 20 ലോകകപ്പിൽ അടക്കം സൂര്യ നടത്തിയ മിന്നും പ്രകടനങ്ങളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സൂര്യ. 2022ൽ 187.46 സ്‌ട്രൈക്ക് റൈറ്റിൽ 1164 റൺസാണ് സൂര്യ അടിച്ചു കൂട്ടിയത്. ടി 20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് തികക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യ.

2022 ൽ ടി20യിൽ രണ്ട് സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളുമാണ് സൂര്യയുടെ സമ്പാദ്യം. 68 സിക്‌സുകളും താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. നിലവിൽ ടി20 റാങ്കിങ്ങിൽ ഒന്നാമതാണ് സൂര്യ. ആസ്ത്രേലിയയുടെ തഹിലിയ മഗ്രാത്താണ് ടി20 വിമന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. നിലവില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് തഹ്‍ലിയ. പോയ വര്‍ഷം ടി 20 യില്‍ 435 റണ്‍സും 13 വിക്കറ്റുമാണ് തഹിലിയ നേടിയത്.

Pakistan captain Babar Azam is the ICC Men's Cricketer of the Year 2022

TAGS :

Next Story