'പണി കിട്ടി പാക് താരങ്ങൾ'; ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് 50 ലക്ഷം പിഴ

ലാഹോർ: ഐസിസി ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ പാകിസ്താൻ ടീമിലെ താരങ്ങൾക്ക് 50 ലക്ഷം പാകിസ്താൻ രൂപ പിഴ ചുമത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ രൂപയിൽ ഏകദേശം 16 ലക്ഷം രൂപ വരുമിത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായ മുഹ്‌സിൻ നഖ്വിയുടെ നിർദേശപ്രകാരമാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
ദി എക്സ്പ്രസ്സ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഐസിസി ടൂർണമെന്റുകളിൽ പാകിസ്താൻ ടീമിന്റെ മോശം പ്രകടനം പിസിബിയുടെ തലപ്[അത്തുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. അതെ തുടർന്നാണ് അവർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. വിജയങ്ങളിൽ താരങ്ങൾക്ക് ആനുകൂല്യങ്ങളും ബോണസും ലഭിക്കുന്നത് പോലെ ടൂർണമെന്റിലെ ടാർഗറ്റ് പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ സാമ്പത്തികമായ ആഘാതങ്ങളും നേരിടാൻ ബാധ്യസ്ഥരാണ്.
റിപ്പോർട്ടുകളനുസരിച്ച് ഗ്രൂപ് ഘട്ടത്തിലെ ഇന്ത്യയുമായുള്ള പാകിസ്താന്റെ തോൽവിക്ക് ശേഷം തന്നെ താരങ്ങളിൽ നിന്നും പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ അധികൃതർ എത്തിയിരുന്നു. സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെയൊരു ജയവുമായി സെമി കാണാതെ പാക്ക് നിര പുറത്തായി. നെതർലൻഡ്സിനെതിരെയുള്ള അവസാന ഓവറിലെ ജയം. ചിര വൈരികളായ ഇന്ത്യക്കെതിരെ 61 റൺസിന്റെ കൂറ്റൻ തോൽവി. യുഎസിനെതിരെയും നമീബിയക്കെതിരെയും ജയിച്ചെങ്കിലും, സൂപ്പർ ഏട്ടിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽവി, അങ്ങനെ പല മത്സരങ്ങളിലും ആധിപത്യം പുലർത്താൻ അവർക്കായിട്ടില്ല.
ക്യാപ്റ്റൻ സൽമാൻ അലി അഘയും മുൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അതെ തുടർന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ നിന്ന് ബാബറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതും വലിയ രീതിയിൽ ചർച്ചയായിരുന്നു. വാർഷിക വരുമാനത്തിൽ പിസിബി വലിയ നേട്ടങ്ങൾ കൊയ്തിട്ടുണ്ടെങ്കിലും താരങ്ങളുടെ കരാറുകളിൽ അതിന്റെ മെച്ചം അദൃശ്യമാണ്. വരുമാനത്തിലെ വളർച്ചയൊന്നും കളത്തിൽ കാണുന്നില്ലല്ലോ എന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധികൃതരുടെ വാദം.
ഓപ്പണറായ ഷാഹിബ്‌സാദ ഫർഹാനും സ്പിന്നർ ഉസ്മാൻ താരിഖുമാണ് ടൂർണമെന്റിൽ പാക്ക് നിരയിൽ തിളങ്ങിയ താരങ്ങൾ. 383 റൺസുമായി ഒരു ടി20 ലോകകപ്പ് എഡിഷനിൽ കൂടുതൽ റൺ നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടക്കാൻ ഫര്ഹാന് സാധിച്ചു.
Adjust Story Font
16

