ക്യാപ്റ്റൻ കമ്മിൻസ് തിരിച്ചുവരുന്നു; രാജസ്ഥാനെതിരെ സൺറൈസേഴ്സിനെ നയിച്ചേക്കും

ഹൈദരാബാദ്: ഐപിഎല്ലിൽ ഏപ്രിൽ 25ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് നായകൻ പാറ്റ് കമ്മിൻസ് കളിച്ചേക്കും. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ വാർത്ത പങ്കുവെച്ചത്. പരിശീലനത്തിൽ പന്തെറിയുന്ന ചിത്രങ്ങൾ പങ്കുവെച്ച് 'നാളത്തെ മത്സരത്തിനായി കാത്തിരിക്കുന്നു' എന്ന ഒരു അടിക്കുറിപ്പോടെയാണ് താരം തന്റെ തിരിച്ചുവരവ് അറിയിച്ചത്. സീസണിന് മുന്നോടിയായി ടീമിനൊപ്പം ചേർന്ന ഓസിസ് പേസർക്ക് പക്ഷെ പരിക്ക് ഭേദമാകാത്തതുകാരണം ഇതുവരെ കളത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. കൊൽക്കത്തക്കെതിരായ മത്സരത്തിന് ശേഷം കൂടുതൽ സ്കാനിങ്ങിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ താരം ഇപ്പോൾ കായികക്ഷമത വീണ്ടെടുത്തു എന്നാണ് ചിത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ജൂലൈ മുതൽ പുറംവേദന മൂലം ചികിത്സയിലായിരുന്ന കമ്മിൻസിന് ഈ കാലയളവിൽ ആകെ ഒരു ആഷസ് ടെസ്റ്റ് മത്സരം മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ. പരിക്കിനെ തുടർന്ന് ഈ വര്ഷം നടന്ന ടി20 ലോകകപ്പിലും താരത്തിന് കളിക്കാൻ സാധിച്ചില്ല.
കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷനായിരുന്നു സുറൈസേഴ്സിനെ ആദ്യ ഏഴ് മത്സരങ്ങളിൽ നയിച്ചത്. ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഹൈദരാബാദ്. ശനിയാഴ്ച ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് രാജസ്ഥാൻ റോയൽസിനെതിരെയുള്ള മത്സരം.
Adjust Story Font
16

