Quantcast

രഞ്ജിയിലേക്കുള്ള രോഹിതിന്റെ മടങ്ങിവരവ് പാളി; കശ്മീർ പേസറുടെ ഓവറിൽ മൂന്ന് റൺസിന് പുറത്ത്

ഇടവേളക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ജയ്‌സ്വാളിനും ഋഷഭ് പന്തിനും ഗില്ലിനും ഫോമിലേക്കുയരാനായില്ല

MediaOne Logo

Sports Desk

  • Updated:

    2025-01-23 10:48:53.0

Published:

23 Jan 2025 3:48 PM IST

Rohits return to Ranji falls flat; Three runs off Umran Maliks over
X

മുംബൈ: ജമ്മു കശ്മീരിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ തിളങ്ങാനാവാതെ രോഹിത് ശർമ. മുംബൈക്കായി ഓപ്പണിങ് റോളിലിറങ്ങിയ ഇന്ത്യൻ നായകൻ 19 പന്തിൽ മൂന്ന് റൺസെടുത്ത് പുറത്തായി. ഉമർ നസീർ മിറിന്റെ ഓവറിൽ ഡോഗ്രക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. ഒരുപതിറ്റാണ്ടിന് ശേഷമാണ് രോഹിത് ശർമ രഞ്ജി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഹിറ്റ്മാനൊപ്പം ഓപ്പണറായി ക്രീസിലെത്തിയ യശസ്വി ജയ്‌സ്വാളിനും(4) തിളങ്ങാനായില്ല. ആക്വിബ് നബി യുവതാരത്തെ വിക്കറ്റിന് മുന്നിൽകുരുക്കി. മറ്റൊരു സീനിയർ താരമായ ശ്രേയസ് അയ്യരും(11) വലിയ സ്‌കോർ നേടാതെ കൂടാരം കയറി. ക്യാപ്റ്റൻ അജിൻക്യ രഹാനെ(12), ശിവം ദുബെ(0) എന്നിവരും കശ്മീർ ബൗളിങിന് മുന്നിൽ പതറി. 51 റൺസെടുത്ത ശർദുൽ ഠാക്കൂറിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. മുംബൈ ഒന്നാം ഇന്നിങ്‌സിൽ 120 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങിൽ 50 പിന്നിട്ട സന്ദർശകർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.

രഞ്ജി ട്രോഫിയിലെ മറ്റൊരു മത്സരത്തിൽ സൗരാഷ്ട്രക്കെതിരെ ഡൽഹിക്ക് ബാറ്റിംഗ് തകർച്ച. സൗരാഷ്ട്രക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 188 റൺസിന് ഓൾഔട്ടായി. 60 റൺസെടുത്ത ക്യാപ്റ്റൻ ആയുഷ് ബദോനിയാണ് ടോപ് സ്‌കോറർ. ഋഷഭ് പന്ത് ഒരു റണ്ണെടുത്ത് പുറത്തായി. 10 പന്ത് നേരിട്ട പന്ത് ധർമേന്ദ്ര സിങ് ജഡേജയുടെ പന്തിൽ പ്രേരക് മങ്കാദിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. സൗരാഷ്ട്രക്കായി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ സൗരാഷ്ട്രക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ചിരാഗ് ജാനി(11), ചേതേശ്വർ പൂജാര(6) എന്നിവരാണ് പുറത്തായത്.

ചെറിയ ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയ ശുഭ്മാൻ ഗില്ലിനും ആഭ്യന്തര ക്രിക്കറ്റിൽ നിലംതൊടാനായില്ല. പഞ്ചാബിനായി കളത്തിലിറങ്ങിയ യുവതാരം നാല് റൺസെടുത്ത് ഔട്ടായി. മുൻനിര തകർന്നതോടെ കർണാടകക്കെതിരായ മത്സരത്തിൽ പഞ്ചാബ് 55 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങിൽ 130-3 എന്ന നിലയിലാണ് കർണാടക. മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കൽ(27), മയങ്ക് അഗർവാൾ(20),അനീഷ് കെ.വി(33) എന്നിവരാണ് പുറത്തായത്.

TAGS :

Next Story