Quantcast

ജയം ആവർത്തിച്ച് പാകിസ്താൻ, അഫ്ഗാനിസ്താനെ തകർത്തത് അഞ്ച് വിക്കറ്റിന്

തകർത്തടിച്ച ബാബർ അസമും ആസിഫ് അലിയുമാണ് പാകിസ്താന് ജയം സമ്മാനിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-10-29 19:55:08.0

Published:

29 Oct 2021 6:05 PM GMT

ജയം ആവർത്തിച്ച് പാകിസ്താൻ, അഫ്ഗാനിസ്താനെ തകർത്തത് അഞ്ച് വിക്കറ്റിന്
X

ടി20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ പാകിസ്താന് ജയം. അഫ്ഗാനിസ്താൻ ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം പാകിസ്താൻ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തകർത്തടിച്ച ബാബർ അസമും ആസിഫ് അലിയുമാണ് പാകിസ്താന് ജയം സമ്മാനിച്ചത്. 47 പന്തിൽ 51 റൺസാണ് ബാബറിന്റെ സംഭാവന.

ബാബർ അസമിനെ റാഷിദ് ഖാൻ മടക്കിയതോടെ കളി കൈവിട്ടു പോയ പാകിസ്താന്റെ രക്ഷകനായി ആസിഫ് അലി അവതരിച്ചു. ഏഴു ബോളിൽ നാല് സിക്‌സിന്റെ അകമ്പടിയോടെ 25 റൺസാണ് ആസിഫിന്റെ സംഭാവന. 30 റൺസെടുത്ത ഫകർ സമാന്റെ ബാറ്റിങ്ങും പാകിസ്താന്റെ വിജയത്തിന് മുതല്‍കൂട്ടായി. ഷുഹൈബ് മാലിക് 19 ഉം മുഹമ്മദ് അഫീസ് 10 റൺസും നേടി.

അഫ്ഗാനിസ്താന് വേണ്ടി റാഷിദ് ഖാൻ മൂന്ന് വിക്കറ്റും മുജീബ് ഉൾ റഹ്‌മാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. 12.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായിരുന്ന അഫ്ഗാനെ മുഹമ്മദ് നബിയും ഗുൽബാദിൽ നെയ്ബുമാണ് കരകയറ്റിയത്. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും 71 റൺസാണ് അഫ്ഗാൻ സ്‌കോറിലേക്ക് ചേർത്തത്. നബിയും ഗുൽബാദിൽ നെയ്ബും 35 റൺസ് വീതം നേടി.

പാകിസ്താനു വേണ്ടി ഇമാദ് വസീം രണ്ടു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

TAGS :

Next Story