Quantcast

'കോഹ്‌ലി സംസാരിച്ചു,അതൊന്നും എല്ലാവരുടെയും മുന്നിൽവെച്ച് പറയാനാകില്ല'; ബാബർ അസം

മത്സര ശേഷം പാക് നായകന്‍ ബാബര്‍ അസമും മറ്റു കളിക്കാരുമൊക്കെ ഇന്ത്യയുടെ മെന്ററായിരുന്ന മഹേന്ദ്രസിങ് ധോണിയുമൊത്ത് ഗ്രൗണ്ടിൽ സംസാരിച്ചതൊക്കെ ഏറെ വൈറലായിരുന്നു.

MediaOne Logo

Web Desk

  • Published:

    13 Dec 2021 12:41 PM GMT

കോഹ്‌ലി സംസാരിച്ചു,അതൊന്നും എല്ലാവരുടെയും മുന്നിൽവെച്ച് പറയാനാകില്ല; ബാബർ അസം
X

ഇക്കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റമുട്ടിയിരുന്നത്. അന്ന് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം പാകിസ്താന്‍ സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ആദ്യ ജയവുമായിരുന്നു അത്. മത്സര ശേഷം പാക് നായകന്‍ ബാബര്‍ അസമും മറ്റു കളിക്കാരുമൊക്കെ ഇന്ത്യയുടെ മെന്ററായിരുന്ന മഹേന്ദ്രസിങ് ധോണിയുമൊത്ത് ഗ്രൗണ്ടിൽ സംസാരിച്ചതൊക്കെ ഏറെ വൈറലായിരുന്നു.

വിജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ നായകനായിരുന്ന വിരാട് കോഹ്‌ലിയും പാക് കളിക്കാരെ അവരുടെ അടുത്തെത്തി അഭിനന്ദിച്ചിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. അന്ന് എന്താണ് കോഹ്‌ലി, ബാബര്‍ അസമിനോട് സംസാരിച്ചത് എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബാബര്‍ അസം ഈ ചോദ്യം നേരിട്ടു. എന്താണ് അന്നു കോഹ്‌ലി പറഞ്ഞതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പാക് ക്യാപ്റ്റനോട് ചോദിച്ചു. അതിന് ബാബറിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'അതെ, അന്നു ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ അത് എന്താണെന്ന് പരസ്യമായി പറയാന്‍ പറ്റില്ല.' മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തിങ്കളാഴ്ചയാണ് ആരംഭിക്കുക. കറാച്ചിയിലാണ് മത്സരങ്ങൾ. കുറെ നാളുകൾക്ക് ശേഷമാണ് ഒരു അന്തരാഷ്ട്ര മത്സരത്തിന് പാകിസ്താൻ വേദിയാകുന്നത്. മൂന്ന് മത്സരങ്ങളും കറാച്ചിയിലാണ്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.

അതേസമയം ഇന്ത്യയുടെ ഏകദിന-ടി20 നായക പദവിയിൽ നിന്നും വിരാട് കോഹ്‌ലി പിടിയിറങ്ങിക്കഴിഞ്ഞു. ടെസ്റ്റിൽ മാത്രമാണ് കോഹ്‌ലി നായകൻ. രോഹിത് ശർമ്മയാണ് ഇനി ഇന്ത്യയെ നയിക്കുക. 2022 ജനുവരി 19 നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ ഏകദിനമാവുമിത്. മികച്ച രീതിയിലാണ് കോഹ്‌ലി ടീമിനെ കൊണ്ടുപോയതെന്നും ഇനിയൊരിക്കലും തിരിഞ്ഞുനോക്കാൻ കഴിയാത്ത നിലയില്‍ ടീമിനെ എത്തിച്ചാണ് അദ്ദേഹം നായകസ്ഥാനം ഒഴിയുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു.

TAGS :

Next Story