ക്യാപ്റ്റൻ രോഹിത്, നിങ്ങൾ ഓർമിക്കപ്പെടും
കോലിയിലും രോഹിതിലും ഇനിയും ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ല എന്ന് ബിസിസിഐ തിരിച്ചറിയുന്നു. പ്രൊഫഷണലിസവും ഫ്യൂച്ചറുമെല്ലാം പറയുന്നുണ്ടെങ്കിലും ഒരു പുതിയ സൂപ്പർ സ്റ്റാറിനെ അവർക്ക് സൃഷ്ടിക്കേണ്ടതുണ്ട്. അതിനൊത്ത എല്ലാ ഘടകങ്ങളും ഒത്തുചേർന്ന ഒരാളായി അവർ ഗില്ലിനെ കാണുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ സമയ സൂചി പോലെയാണ്. അതാർക്ക് വേണ്ടിയും കാത്തുനിൽക്കാതെ ഓടിക്കൊണ്ടേയിരിക്കുന്നു. വൈകാരികതേയും ആരാധകരെയും അതൊട്ടും ഗൗനിക്കുന്നില്ല. ബിസിസിഐയാകട്ടെ, ഒരു പുതിയ പട്ടാഭിഷേകത്തിനുള്ള ഒരുക്കത്തിലാണ്. രാജകുമാരനായ ശുഭ്മാൻ ഗില്ലിനെ രാജാവാക്കാനുള്ള തിടുക്കത്തിൽ. രോഹിതിൽ നിന്നും ക്യാപ്റ്റൻസിയുടെ തൊപ്പിയൂരി ഗില്ലിനെ അണിയിച്ചത് ഒരു പൂപറിക്കുന്ന ലാഘവത്തിലാണ്. ഇമോഷണൽ ഡ്രാമകളോ അധികം ചോദ്യങ്ങളോ നേരിടാതെ ആ തീരുമാനത്തിലേക്ക് അവർ എളുപ്പമെത്തി. ഇന്ത്യൻ കോച്ചിനും സെലക്ടർക്കും ബിസിസിഐക്കും ഒരാൾക്ക് പകരം മറ്റൊരാൾ എന്നത് എളുപ്പമാകാം. പക്ഷേ ആരാധകർക്ക് അതുൾകൊള്ളാൻ സമയമെടുക്കും. കാരണം രോഹിത് ആരാണെന്നും അയാൾ നൽകിയത് എന്തൊക്കെയാണന്നും കണ്ടവരാണവർ. സരസമായി ചിരിക്കുന്ന, പ്രകോപിതനാകാത്തൗ ടീമംഗങ്ങളെ സുഹൃത്തുക്കളെപ്പോലെ തോളോട് തോൾ ചേർത്ത ഒരു ക്യാപ്റ്റൻ യുഗം ഇവിടെ അവസാനിക്കുകയാണ്.yes, The Hitman's era is over, but the legacy remains. നിങ്ങളുടെ ലേസി എലഗൻസ് ഇന്നിങ്സുകളെപ്പോലെ നിങ്ങളുടെ ക്യാപ്റ്റൻസി യുഗവും ഓർമിക്കപ്പെടും.
ഏകദിനത്തിലും ഗിൽ ഇന്ത്യയെ നയിക്കുമെന്ന് പ്രഖ്യാപിക്കാൻ കൃത്യമായി വിശദീകരണങ്ങൾ കൈയ്യിൽവെച്ചാണ് അജിത് അഗർക്കർ വന്നത് . ‘‘മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്റ്റൻമാരുണ്ടാകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സെലക്റ്റർമാർക്ക് മാത്രമല്ല, കോച്ചിനും അത് വലിയ ബുദ്ധിമുട്ടാണ്. മൂന്ന് വ്യത്യസ്ത ആൾക്കാരുമായി പ്ലാനുണ്ടാക്കുന്നത് ഒട്ടും എളുപ്പമല്ല’’-അഗർക്കറുടെ വിശദീകരണമാണിത്. കൂടാതെ നോട്ടം മുന്നോട്ടാണെന്നും ഏകദിന ലോകകപ്പാണ് ലക്ഷ്യമെന്നും അഗർക്കർ തുറന്നുപറഞ്ഞു. കോലിയും രോഹിതും ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയതുമില്ല. അടുത്ത മാസം 37 തികയുന്ന കോലിക്കും 38കാരനായ രോഹിതിനും അഗർക്കറും ഗംഭീറും നൽകുന്ന സിഗ്നൽ ഇതാണ്. ഒരു പ്രത്യക പരിഗണനയും നൽകില്ല. പെർഫോം ചെയ്യുകയാണെങ്കിൽ തുടരാം. അല്ലെങ്കിൽ ബൈ പറഞ്ഞുപോകാം. അഥവാ ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരം മുതൽ ഇവർക്ക് നേരെ അലാം അടിച്ചുതുടങ്ങും
കോലിയിലും രോഹിതിലും ഇനിയും ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ല എന്ന് ബിസിസിഐ തിരിച്ചറിയുന്നു. പ്രൊഫഷണലിസവും ഫ്യൂച്ചറുമെല്ലാം പറയുന്നുണ്ടെങ്കിലും ഒരു പുതിയ സൂപ്പർ സ്റ്റാറിനെ അവർക്ക് സൃഷ്ടിക്കേണ്ടതുണ്ട്. അതിനൊത്ത എല്ലാ ഘടകങ്ങളും ഒത്തുചേർന്ന ഒരാളായി അവർ ഗില്ലിനെ കാണുന്നു. ഗിൽ ഒരു മികച്ച ബാറ്ററാണെന്നതിൽ ആർക്കും തർക്കമില്ല. പക്ഷേ അറിഞ്ഞോ അറിയാതെയോ വന്നത് മുതൽ തന്നെ ഒരു ഭാവി സൂപ്പർ താരമെന്ന പദവി ഗിൽ പേറുന്നുമുണ്ട്. ഗില്ലിനെ അങ്ങനെ ആക്കിയേ തീരൂ എന്ന വാശിയിലാണ് ബിസിസിഐയെന്ന് എളുപ്പത്തിൽ മനസ്സിലാക്കാവേന്നുതേയുള്ളൂ. ഗ്യാലറി നിറയാനും വ്യൂവർഷിപ്പ് ഉയരാനും ബ്രാൻഡുകൾ വരിനിൽക്കാനും ഇന്ത്യൻ ക്രിക്കറ്റിന് ഒരു സൂപ്പർ താരത്തെ ആവശ്യമുണ്ട്. ഒരു ക്രിക്കറ്റ് ഹീറോയെ പൂജിക്കാൻ ഇന്ത്യൻ കാണികൾക്കും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം നേരത്തെ പ്രതീക്ഷിക്കപ്പെട്ടതാണ്
എങ്കിലും രോഹിതിനെക്കുറിച്ച് പറയാതിരുന്നാൽ അത് അനീതിയാകും. പോയ പതിറ്റാണ്ടിൽ ലോകക്രിക്കറ്റിൽ മറ്റൊരു ടീമും ഇന്ത്യയോളം ഡോമിനേറ്റ് ചെയ്തിട്ടില്ലായിരുന്നു. പരമ്പരകളും പര്യടനങ്ങളുമെല്ലാം പിടിച്ചടക്കിയെങ്കിലും ഐസിസി കിരീടങ്ങൾ ഇന്ത്യക്ക് കിട്ടാക്കനിയായി തുടർന്നു. വേദികളും എതിരാളികളും മാറി മാറി വന്നെങ്കിലും ഒന്നുകിൽ സെമിയിൽ അല്ലെങ്കിൽ ഫൈനലിൽ കാലിടറാനായിരുന്നു ഇന്ത്യൻ നിയോഗം. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങളുമായി രോഹിത് തന്റെ ലീഡർഷിപ്പ് ക്വാളിറ്റി വിളിച്ചുപറഞ്ഞെങ്കിലും കോലിയിൽ ക്രിക്കറ്റ് ബോർഡ് വിശ്വാസമർപ്പിച്ചു. പക്ഷേ ഇന്ത്യയുടെ കിരീടത്തിനായുള്ള കാത്തിരിപ്പിന് നീളം കൂടിയ കാലത്താണ് രോഹിത് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 2022 ട്വന്റി 20 ലോകകപ്പിൽ സെമിയിൽ പരാജയപ്പെട്ടാണ് രോഹിതും ഐസിസി ടൂർണമെന്റുകൾ തുടങ്ങിയത്. അത്ഭുതങ്ങൾക്കുള്ള ശേഷി ഇയാൾക്കുമില്ലേ എന്ന ചോദ്യമുയർന്നു. ഇംഗ്ലണ്ട് നൽകിയ പത്ത് വിക്കറ്റിന്റെ നാണക്കേടിൽ നിന്നും അയാൾ പാഠങ്ങൾ പഠിച്ചു. പിന്നാലെയുള്ള ഐസിസി ടൂർണമെന്റ് ഏകദിന ലോകകപ്പായിരുന്നു. നാളിന്നുവരെ ഒരു ലോകകപ്പിലും ഒരു ഇന്ത്യൻ ടീമും കാണിക്കാത്ത പോരാട്ടവീര്യവുമായി രോഹിതും സംഘവും കുതിച്ചുപാഞ്ഞു. പക്ഷേ ഒരിഞ്ച് ദൂരത്തിൽ കലാശപ്പോരിൽ അഹമ്മദാബാദിൽ ആ പ്രതീക്ഷകളെല്ലാം വീണുടഞ്ഞു. പാറ്റ് കമ്മിൻസ് കിരീടമുയർത്തുമ്പോൾ രോഹിതിനിനത് വിളറിയ മുഖത്താൽ കണ്ടുനിൽക്കേണ്ടിവനനു. കാര്യമായ കളി വരുമ്പോൾ തോൽക്കുന്ന ശീലം രോഹിതും തുടരുകയാണോ എന്ന് തോന്നിപ്പിച്ചു.
പക്ഷേ കരീബിൻ ദ്വീപുകളിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ രോഹിതിന്റെ ചിറകിൽ ഇന്ത്യ ഉയിർത്തുപൊന്തി. കെൻസിങ് ഓവലിൽ നടന്ന ഇഞ്ചോടിഞ്ച് പോരിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് രോഹിത് വിജയത്തെ വരവേറ്റത്. കരീബിയൻ മണ്ണിൽ ഇന്ത്യൻ പതാക കുത്തിവെക്കുമ്പോൾ ഈ രാജ്യം അയാൾക്കായി കൈയ്യടിച്ചു. 11 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ഐസിസി കിരീടത്തെ നഗരങ്ങളും തെരുവുകളും ഒരുപോലെ ആഘോഷമാക്കി. പിന്നാലെ എട്ടുമാസങ്ങൾക്കിപ്പുറം അപരാചിതരായി മറ്റൊരു ഐസിസി കിരീടം കൂടി. ഐസിസി ചാമ്പ്യൻസ് ട്രോഫി.
ക്യാപ്റ്റൻസിക്കൊപ്പം നിർണായക സമയങ്ങളിൽ വിമർശനരെ അയാൾ ബാറ്റ് കൊണ്ടും തല്ലിയോടിച്ചു. ട്വന്റി 20 ലോകകപ്പിൽ മിച്ചൽ സ്റ്റാർക്കിനെ അടിച്ചുനേടിയ അർധ സെഞ്ച്വറിയും ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ വെടിക്കെട്ട് ഇന്നിങ്സും ഉദാഹരണം.
കണക്കുകളാണ് മാനദണ്ഡമെങ്കിൽ രോഹിതാണ് ഇന്ത്യയുടെ വൈറ്റ് ബോളിലെ ഏറ്റവും സക്സസ് ഫുൾക്യാപ്റ്റൻ. കളിച്ച 56 മത്സരങ്ങളിൽ 42ലും വിജയം. മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനുമില്ലാത്ത വിജയശതമാനം രോഹിതിനുണ്ട് (75). ഐസിസി ഏകദിന ടൂർണമെന്റുകളിൽ കളിച്ച 16 എണ്ണത്തിൽ 15 എണ്ണത്തിലും വിജയം. തോറ്റത് അഹമ്മദാബാദിലെ ആ ഫൈനലിൽ മാത്രം. ആ വിജയം കൂടിയുണ്ടായിരുന്നുവെങ്കിൽ രോഹിതിന്റെ പതാക ഇനിയും ഉയരെ പാറുമായിരുന്നു. ട്വന്റിയിൽ കളിച്ച 62ൽ 49 എണ്ണത്തിലും വിജയം. വിജയശതമാനം 79. കൂടെ തോൽവിയറിയാതെ ഒരു ട്വന്റി 20 ലോകകപ്പ് കിരീടവും.
ഇന്ത്യൻ ക്യാപ്റ്റനെന്ന ഹോട്ട് സീറ്റിൽ നിന്നും മുമ്പ് പലക്യാപ്റ്റൻമാരും പടിയിറങ്ങിയത് അപമാനിതരായാണ്. തോൽവികൾക്ക് ശേഷമോ നിർബന്ധിത സാഹചര്യങ്ങളിലോ ആണ് പലരും ആ തൊപ്പിയൂരിയത്. പക്ഷേ അവസാനം നയിച്ച മത്സരത്തിൽ ഇന്ത്യയെ ഐസിസി കിരീടം ചൂടിച്ചു എന്ന പകിട്ടിലാണ് രോഹിത് ക്യാപ്റ്റൻസി വിട്ടുകൊടുക്കുന്നത്.
Adjust Story Font
16

