Quantcast

'സ്ഥിരത, അത് തന്നെയാണ് സഞ്ജുവിന്റെ പ്രശ്‌നം'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സാബാ കരീം

വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പരക്കുള്ള ഏകദിന ടീമിലേക്ക് സഞ്ജുവിനെ വിളിച്ചതിന് പിന്നാലെയായിരുന്നു സാബാ കരീം ഇക്കാര്യം വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-07-04 02:20:35.0

Published:

4 July 2023 2:16 AM GMT

Sanju Samson - Sabba Karim
X

സഞ്ജു സാംസണ്‍

മുംബൈ: സ്ഥിരതയോടെ ബാറ്റ് ചെയ്താൽ മാത്രമെ സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ കഴിയൂവെന്ന് മുൻ ഇന്ത്യൻ താരം സാബാ കരീം. വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പരക്കുള്ള ഏകദിന ടീമിലേക്ക് സഞ്ജുവിനെ വിളിച്ചതിന് പിന്നാലെയായിരുന്നു സാബാ കരീം ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജുവിനെക്കുറിച്ച് പറയുമ്പോൾ അഭിപ്രായ വ്യത്യാസമില്ലാതെ എല്ലാവരും പറയുന്ന കാര്യമാണിത്.

2015ൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചത് മുതൽ അത് മുതലെടുക്കാൻ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിഭ വേണ്ടുവോളമുള്ള കളിക്കാരനാണ് സഞ്ജുവെന്നും എന്നാൽ സ്ഥിരതയോടെ ബാറ്റ് ചെയ്യാൻ അറിയാത്തത് പ്രശ്‌നമാണെന്നും സാബാ കരീം പറഞ്ഞു. യുവകളിക്കാരിൽ ഇപ്പോൾ ശ്രദ്ധേയമായ യശ്വസി ജയ്‌സ്വാൾ, തിലക് വർമ്മ എന്നിവരെപ്പോലെ സ്ഥിരതയോടെ സഞ്ജു ബാറ്റ് ചെയ്യണം എന്നാണ് സാബാ കരീം പറയുന്നത്.

''സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ നിലവിലുള്ള കളിക്കാരെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, അത്തരത്തിലൊന്ന് സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നിങ്ങൾ ഐ.പി.എല്ലിലെ പ്രകടനം നോക്കുകയാണെങ്കിലും സഞ്ജു പരിഗണിക്കേണ്ട കളിക്കാരനാണെന്ന് ബോധ്യമാകും. ഈ വർഷം തിലക് വർമ്മയും യശ്വസി ജയ്‌സ്വാളും കളിച്ച അതേ രീതിയിൽ സഞ്ജു കളിക്കേണ്ടതുണ്ട്. എന്നാലെ ടീമിൽ സ്ഥാനം ഉറപ്പിക്കാനാവൂ- സാബാ കരീം പറഞ്ഞു.

''സഞ്ജുവിൽ എനിക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു, എന്നാൽ ഫോം നിലനിർത്താനാവാത്തത് തിരിച്ചടി തന്നെയാണ്, സാബാ കരീം ചൂണ്ടിക്കാട്ടി. 2022ൽ ന്യൂസിലാൻഡിനെതിരെയാണ് സഞ്ജു സാംസൺ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. അതേസമയം ഇന്ത്യയുടെ വെസ്റ്റ്ഇൻഡീസ് പരമ്പരയിൽ ടി20യും ഏകദിനവും ടെസ്റ്റും ഉൾപ്പെടെ പത്ത് മത്സരങ്ങളാണ് ഉള്ളത്.

മൂന്ന് ഏകദിനവും അഞ്ച് ടി20യും രണ്ട് ടെസ്റ്റുകളുമടങ്ങിയതാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പര. ടെസ്റ്റ് മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുന്നത്. അതേസമയം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതപോലും ലഭിക്കാതെ തകർച്ചയുടെ പടുകുഴിയിലാണ് വെസ്റ്റ്ഇൻഡീസ്.

TAGS :

Next Story