‘ആ പന്തിൽ കോലിയാണെങ്കിൽ ഔട്ടായേനെ’; കമന്ററിക്കിടെ കോഹ്‍ലിയെ ‘കുത്തി’ മഞ്ജരേക്കർ

ലണ്ടൻ: ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ബാറ്റിങ് മികച്ച രീതിയിൽ മുന്നേറവേ വിവാദ പരാമർശവുമായി കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കർ. വിരമിച്ച സൂപ്പർ താരം വിരാട് കോലിയെ പരോക്ഷമായി പരിഹസിക്കുന്ന പരാമർശമാണ് മഞ്ജരേക്കർ നടത്തിയത്.
മഞ്ജരേക്കർ കമന്ററിക്കിടെ പറഞ്ഞതിങ്ങനെ:‘‘ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തുകളെല്ലാം ജയ്സ്വാൾ കളിക്കാതെ വിട്ടു. സ്റ്റമ്പിലേക്ക് വരുന്നത് അവൻ ഡ്രൈവ് ചെയ്തു. വൈഡായി വരുന്ന പന്തുകളെ സ്കോർ ചെയ്തു. ഓഫിലേക്കുള്ള പന്തുകളിലൊന്ന് പോലും രാഹുൽ തൊട്ടില്ല’’
‘നമുക്കറിയാം മുമ്പുള്ള ആ ബാറ്ററാണെങ്കിൽ ആ പന്തിൽ ഷോട്ടടിക്കാൻ നോക്കി സ്വയം കുഴിയിൽ ചാടിയിരിക്കും. പക്ഷേ ഇവർ രണ്ട് പേരും അങ്ങനെയല്ല’’.
ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തുകളിൽ ബാറ്റുവെച്ച് ഔട്ടാകുന്ന കോഹ്‍ലിയുടെ ദൗർബല്യത്തെയാണ് മഞ്ജരേക്കർ പരാമർശിച്ചതെന്ന് വ്യക്തം. ബോർഡർ ഗവാസ്കർ ട്രോഫിയിലടക്കം കോഹ്‍ലിയുടെ ഓഫ് സൈഡ് ദൗർബല്യം തെളിഞ്ഞു കണ്ടിരുന്നു. കോഹ്‍ലിയുടെ വിക്കറ്റിനായി ഓസീസ് ബൗളർമാർ ഓഫ് സൈഡ് ലക്ഷ്യമാക്കി പന്തെറിയുന്നതും പരമ്പരയിൽ ഉടനീളം കണ്ടിരുന്നു. ഇന്ത്യൻ ടീം വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസിൽ എത്തിനിൽക്കവേയായിരുന്നു മഞ്ജരേക്കറുടെ പരാമർശം.
മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ഇതിനോടകം 275 റൺസിലെത്തിയിട്ടുണ്ട്. 101 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 42 റൺസെടുത്ത കെഎൽ രാഹുൽ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യക്ക് തുണയായത്.
Adjust Story Font
16

