ടീമിലെ സ്ഥാനമാണ് ലക്ഷ്യമെങ്കിൽ കളി ജയിപ്പിക്കാനാവില്ല, അത് സെൽഫിഷ് ക്രിക്കറ്റ്: സഞ്ജുവിനെ വിമർശിച്ച് മുൻ താരം

ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം ടോം ലാഥത്തിന്റെയും കെയിൻ വില്യംസണിന്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ന്യൂസിലന്റ് മറികടന്നത്.

MediaOne Logo

Web Desk

  • Updated:

    2022-11-26 09:25:29.0

Published:

26 Nov 2022 9:25 AM GMT

ടീമിലെ സ്ഥാനമാണ് ലക്ഷ്യമെങ്കിൽ കളി ജയിപ്പിക്കാനാവില്ല, അത് സെൽഫിഷ് ക്രിക്കറ്റ്: സഞ്ജുവിനെ വിമർശിച്ച് മുൻ താരം
X

ഓക്‌ലൻഡ്: ന്യൂസിലന്റിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ യുവതാരങ്ങളായ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും കളിയോടുള്ള സമീപനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും സെലക്ടറുമായ സാബാ കരീം. പ്ലെയിങ് ഇലവനിൽ തങ്ങളുടെ സ്ഥാനം സംരക്ഷിക്കാനുള്ള അധിക സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നതായി സാബാ കരീം പറഞ്ഞു.

ഇത്തരത്തിലാണ് സമീപനമെങ്കിൽ ടീമിനെ വിജയിപ്പിക്കാനാവില്ല. യുവതാരങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ഭയമില്ലാതാക്കുകയുമാണ് വേണ്ടത്. ഭയമില്ലെങ്കിൽ ഇരുവരുടെയും കളിയോടുള്ള സമീപനം മറ്റൊന്നാകുമായിരുന്നു. ആക്രമിച്ചു കളിച്ച് മികച്ച സ്‌കോറിലേക്ക് നീങ്ങാൻ ഇന്ത്യക്ക് കഴിയുമായിരുന്നു-ടെലിവിഷൻ ചർച്ചക്കിടെ സാബാ കരീം പറഞ്ഞു.

ടീമിലെ സ്ഥാനം നിലനിർത്താനാണ് നിങ്ങൾ കളിക്കുന്നതെങ്കിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാനാവില്ലെന്നും നിങ്ങൾ സെൽഫിഷ് ക്രിക്കറ്റാണ് കളിക്കുന്നതെന്നും സാബാ കരീം അഭിപ്രായപ്പെട്ടു. ഇരുവരും പ്രതിഭയുള്ള താരങ്ങളാണ്. എന്നാൽ ടീമിലെ സ്ഥാനത്തെ കുറിച്ചുള്ള ആശങ്ക അവരുടെ പ്രകടനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 307 റൺസ് വിജയലക്ഷ്യം ടോം ലാഥത്തിന്റെയും കെയിൻ വില്യംസണിന്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ന്യൂസിലന്റ് മറികടന്നത്. ലാഥം 104 റൺസ് നേടിയപ്പോൾ കെയിൻ 94 റൺസാണ് എടുത്തത്.

40-ാം ഓവറാണ് മത്സരത്തിൽ നിർണായകമായത്. 39-ാം ഓവർ അവസാനിക്കുമ്പോൾ 66 ബോളുകളിൽനിന്ന് 91 റൺസായിരുന്നു ന്യൂസിലന്റിന് വേണ്ടിയിരുന്നത്. 40-ാം ഓവറിൽ നാല് ഫോറുകളും ഒരു സിക്‌സും ലാഥം നേടിയതോടെ കളി ന്യൂസിലന്റിന് അനുകൂലമായി. 19 ഫോറുകളും അഞ്ച് സിക്‌സുകളുമാണ് ലാഥത്തിന്റെ ബാറ്റിൽനിന്ന് പിറന്നത്. വില്യംസൺ ഏഴ് ഫോറുകൾ നേടി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശിഖർ ധവാനും (72) ശുഭ്മൻ ഗില്ലും (50) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 124 റൺസ് നേടിയശേഷം അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായി. ശ്രേയസ് അയ്യരാണ് (80) തുടർന്ന് സ്‌കോറുയർത്തിയത്. അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണുമൊത്ത് (36) ശ്രേയസ് 94 റൺസ് നേടി.

TAGS :

Next Story