സഞ്ജു സാംസൺ ചെന്നൈയിലേക്ക് തന്നെ; ടീമുമായി കരാർ ഒപ്പിട്ട് താരം

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സുമായി കരാറൊപ്പിട്ട് മലയാളി താരം സഞ്ജു സാംസൺ. അടുത്ത ഐപിഎൽ സീസണിൽ താരം ചെന്നൈക്കായി കളിക്കുമെന്നുറപ്പായി. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് കൂടുമാറും. ജഡേജ രാജസ്ഥാൻ ക്യാപ്റ്റനായി സ്ഥാനമേൽക്കും.
കഴിഞ്ഞ കുറച്ച് നാളായി അന്തരീക്ഷത്തിൽ നിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സഞ്ജു സാംസൺ ചെന്നൈയുമായി കരാറിലെത്തുന്നത്. 2013 മുതൽ രാജസ്ഥാൻ ജേഴ്‌സിയിൽ കളിച്ച താരം കഴിഞ്ഞ കുറച്ച് വർഷമായി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ലേലത്തിന് മുന്നോടിയായുള്ള ഐ പി എൽ ട്രേഡിലൂടെ താരം രാജസ്ഥാൻ വിടും എന്ന അഭ്യൂഹം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നു. ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായിരുന്നു ആദ്യം മുന്നിലുണ്ടായിരുന്നത്. പക്ഷെ ഇരുവരും പിന്മാറി. ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് ഡൽഹി ഈ ഡീലിൽ നിന്ന് പിന്മാറിയത്. പിന്നീടാണ് ചെന്നൈ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. നിരവധി ചർച്ചകൾ നടത്തിയതിനു ശേഷമാണ് ഇരു ടീമുകളും ധാരണയിലെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ഔദ്യോഗിക അറിയിപ്പുണ്ടാകും എന്നാണ് അറിവ്.
എല്ലാ ടീമുകളും റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക നവംബർ 15നകം കൈമാറണമെന്നാണ് വ്യവസ്ഥ. അടുത്ത മാസം 15ന് ഐപിഎൽ ലേലം തുടങ്ങാൻ സാധ്യത എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
Adjust Story Font
16

