Quantcast

''രാജ്യത്തിനായി കളിച്ച കാലമായിരുന്നു ഏറ്റവും മികച്ചത്''; ഒടുവിൽ മൗനം വെടിഞ്ഞ് ഗാംഗുലി

ബി.സി.സി.ഐ അധ്യക്ഷനായി സൗരവ് ഗാംഗുലിക്ക് രണ്ടാമൂഴം നൽകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും

MediaOne Logo

Web Desk

  • Published:

    13 Oct 2022 11:19 AM GMT

രാജ്യത്തിനായി കളിച്ച കാലമായിരുന്നു ഏറ്റവും മികച്ചത്; ഒടുവിൽ മൗനം വെടിഞ്ഞ് ഗാംഗുലി
X

കൊൽക്കത്ത: ബി.സി.സി.ഐ അധ്യക്ഷസ്ഥാനം നീട്ടിനൽകിയില്ലെന്ന വാർത്തകളോട് ഒടുവിൽ പ്രതികരിച്ച് സൗരവ് ഗാംഗുലി. എന്നും കളിച്ചുകൊണ്ടിരിക്കാനോ അഡ്മിനിസ്‌ട്രേറ്ററായി തുടരാനോ ആകില്ലെന്നും ഓരോന്നിനും അതിന്റേതായ കാലാവധിയുണ്ടെന്നും മുൻ ഇന്ത്യൻ നായകൻ പറഞ്ഞു. എന്നാൽ, രാജ്യത്തിനു വേണ്ടി കളിച്ച ആ കാലമായിരുന്നു ജീവിതത്തിലെ ഏറ്റവും മികച്ച ദിനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

കൊൽക്കത്തയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ''മൂന്നു വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായിരുന്നു ഞാൻ. വർഷങ്ങളായി ബി.സി.സി.ഐ അധ്യക്ഷനുമാണ്. ഓരോന്നിന്റെയും കാലാവധിക്കുശേഷം നമുക്ക് ഇറങ്ങേണ്ടിവരും.''-അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ടീമിന് കാര്യങ്ങൾ കൂടുതൽ സുഖകരമാക്കേണ്ടതുണ്ട്. ഏറെക്കാലം കളത്തിലുണ്ടായിരുന്ന താരമെന്ന നിലയ്ക്ക് അക്കാര്യം ഞാൻ മനസിലാക്കിയതാണ്. അഡ്മിനിസ്‌ട്രേറ്റർ പദവി ഏറെ ആസ്വദിച്ചിട്ടുണ്ട്. എക്കാലവും കളിക്കാനോ എന്നും അഡ്മിനിസ്‌ട്രേറ്റർ ആയിരിക്കാനോ സാധിക്കില്ല-ഗാംഗുലി പറഞ്ഞു.

ജീവിതത്തിൽ എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച കാലം രാജ്യത്തിനുവേണ്ടി കളിച്ച നാളുകളാണെന്ന് ആവർത്തിക്കുകയാണെന്നും അദ്ദേഹം മനസ്സുതുറന്നു. അതിനുശേഷം പലതും കണ്ടിട്ടുണ്ട്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ(സി.എ.ബി)യും ബി.സി.സി.ഐയുടെയുമെല്ലാം അധ്യക്ഷനായി. ഭാവിയിലും വലിയ കാര്യങ്ങൾ ചെയ്യും. എന്നാൽ, ആ 15 വർഷങ്ങളായിരുന്നു എന്റെ ഏറ്റവും മികച്ച ദിനങ്ങളെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.

2015ലാണ് ഗാംഗുലി സി.എ.ബി അധ്യക്ഷനാകുന്നത്. 2019 ഒക്ടോബറിൽ ബി.സി.സി.ഐ തലവനായും അവരോധിതനായി. കോവിഡ് അടക്കം ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ കാലമായിരുന്നു ബി.സി.സി.ഐ തലപ്പത്ത്. നായകസ്ഥാനത്തുനിന്ന് വിരാട് കോഹ്ലിയെ മാറ്റിയതടക്കമുള്ള വിവാദങ്ങളും ഇക്കാലയളവിലുണ്ടായി. മുൻ ഇന്ത്യൻ താരം റോജർ ബിന്നിയാണ് ഗാംഗുലിക്കു പകരക്കാരനായി എത്തുന്നതെന്നാണ് വിവരം. ഈ മാസം 18ന് മുംബൈയിൽ നടക്കുന്ന ബി.സി.സി.ഐയുടെ വാർഷിക ജനറൽ ബോഡിയിൽ ബോർഡിന്റെ 36-ാം അധ്യക്ഷനായി ബിന്നി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും.

Summary: ''15 years of my cricketing career were the best'', Sourav Ganguly opens up on exit as BCCI President

TAGS :

Next Story