'ബൗളർമാർ അമിതാഘോഷ പ്രകടനങ്ങൾ ഒഴിവാക്കണം'; യുവ പേസർക്ക് നേരെയുള്ള ഗാവസ്കറുടെ ഉപദേശത്തിന് വിമർശനം
ഇപ്പോൾ ആ തുണ്ട് പേപ്പർ എവിടെ എന്ന് ചോദിച്ചായിരുന്നു ഗാവസ്കറുടെ പരിഹാസം.

മുംബൈ: ലഖ്‌നൗ സൂപ്പർ ജയന്റ്സ് പേസർ ആകാശ് സിങ്ങിന് നേരെയുള്ള സുനിൽ ഗാവസ്കറുടെ ഉപദേശ വാക്കുകൾക്കെതിരെയാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വിമർശനമുയരുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വൈഭവ് സൂര്യവൻഷിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ ലഖ്‌നൗ ബൗളർമാരിലൊരാളാണ് ആകാശ് സിങ്. മത്സരത്തിൽ മൂന്ന് ഓവറിൽ നിന്ന് 54 റൺസാണ് യുവ പേസർ വഴങ്ങിയത്. ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരത്തിൽ താരം നടത്തിയ ആഘോഷപ്രകടനത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് കമന്ററിയിലിരുന്ന സുനിൽ ഗാവസ്കർ വിമർശിച്ചത്.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ, റുതുരാജ് ഗായിക്വാദ്, ഉർവിൽ പട്ടേൽ തുടങ്ങിയ താരങ്ങളുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം പോക്കറ്റിൽ നിന്ന് ഒരു പേപ്പർ തുണ്ടെടുത്ത് പൊക്കിപ്പിടിച്ചാണ് ആകാശ് സിങ് ആഘോഷിച്ചത്. പേപ്പറിൽ 'അക്കി ഓൺ ഫയർ' എന്നും ടി20 ക്രിക്കറ്റിൽ വിക്കറ്റെടുക്കാൻ ആകാശിനറിയാം എന്നുമായിരുന്നു എഴുതിയിരുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വൈഭവിന്റെ കയ്യിൽ നിന്ന് തല്ലുകൊണ്ട ആകാശിനോട്, ഇപ്പോൾ ആ തുണ്ട് പേപ്പർ എവിടെ എന്ന് ചോദിച്ചായിരുന്നു ഗാവസ്കറുടെ പരിഹാസം.
"ഇപ്പോൾ ആ തുണ്ട് പേപ്പർ എവിടെയാണ്? പോക്കറ്റിലല്ലേ? ഇപ്പോൾ അത് എവിടെയാണ്? കുറച്ച് വിനയം കാണിക്കുന്നവരെയാണ് എനിക്ക് ഇഷ്ടം. ഓവറിലെ ഒരു പന്തിൽ നിങ്ങൾക്ക് വിക്കറ്റ് ലഭിച്ചിട്ടുണ്ടാകാം, പക്ഷേ ബാക്കിയുള്ള അഞ്ച് പന്തിലും അടിച്ചുതെറിപ്പിച്ചിട്ടുണ്ടാകും. 17 പന്തിൽ 48 റൺസാണ് അവൻ വഴങ്ങിയത്," ഗാവസ്കർ കമന്ററിയിൽ പറഞ്ഞു.
"എത്രകാലം അവർ ആ തുണ്ട് പേപ്പർ കൊണ്ടുനടക്കും? എല്ലാ ദിവസവും അത് കൊണ്ടുനടന്നാൽ എപ്പോഴെങ്കിലും അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാൽ ഏതെങ്കിലും ഒരു ദിവസം നിങ്ങൾ അത് കയ്യിൽ വെക്കുകയും എന്തെങ്കിലും ചെയ്യും എന്ന് പറയുകയും അത് ചെയ്ത് കാണിക്കുകയും ചെയ്യുമ്പോഴാണ് അതിന് അതിന്റെ മൂല്യമുള്ളൂ," ഗാവസ്കർ കൂട്ടിച്ചേർത്തു.
എന്തായാലും ഗാവസ്കറുടെ പരിഹാസ വാക്കുകളും ഉപദേശവും ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ വിമർശനങ്ങളാണ് നേരിട്ടത്. മോശം സമയത്ത് ഒരു യുവ ക്രിക്കറ്ററോട് പറയേണ്ട വാക്കുകളല്ല ഇത് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അർത്ഥമാക്കിയത്. സുനിൽ ഗാവസ്കറെന്ന അത്യുജ്വല ബാറ്റ്‌സ്മാനും സുനിൽ ഗാവസ്കറെന്ന കമന്റേറ്ററും രണ്ടും രണ്ടാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ആകാശ് എന്ന യുവ പേസറെ ഇങ്ങനെ പരിഹസിച്ചത് ശരിയായില്ല എന്നായിരുന്നു മറ്റൊരു കമന്റ്.
ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ അടുത്ത മത്സരം. രാജസ്ഥാൻ റോയൽസ് ജയിച്ചതോടെ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫ് കാണാതെ പുറത്തായി.
Adjust Story Font
16

