Quantcast

ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ബഹിഷ്‍കരിച്ച് സൂര്യകുമാർ യാദവ്, പ്രതികരണവുമായി പാക് ക്യാപ്റ്റൻ

MediaOne Logo

Sports Desk

  • Published:

    28 Sept 2025 4:40 PM IST

ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ബഹിഷ്‍കരിച്ച് സൂര്യകുമാർ യാദവ്, പ്രതികരണവുമായി പാക് ക്യാപ്റ്റൻ
X

ദുബൈ: ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിന് ഇന്ത്യന്‍ നായകൻ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചതിനോട് പ്രതികരിച്ച് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഗ. ഇന്ന് രാത്രി നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേയാണ് സൽമാന്റെ പ്രതികരണം.

‘‘അദ്ദേഹത്തിന് വരാന്‍ താല്‍പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.'' ഫോട്ടോഷൂട്ട് നടത്താന്‍ വിസമ്മതിച്ചതിനെ കുറിച്ച് സല്‍മാന്‍ പറഞ്ഞു.

ഇന്ത്യ​യുമായുള്ള കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പാകിസ്‌താൻ പരാജയം നേരിട്ടിരുന്നു. രണ്ടു മത്സരങ്ങളിലും പാക് ക്യാപ്റ്റനുമായുള്ള ഹസ്തദാനത്തിന് സൂര്യകുമാര്‍ വിസമ്മതിച്ചിരുന്നു.

''ഞാന്‍ 2007 മുതല്‍ ക്രിക്കറ്റ് കളിക്കുന്നു. എന്റെ പിതാവ് ഒരു ക്രിക്കറ്റ് ആരാധകനാണ്. ഹസ്തദാനമില്ലാത്ത ഒരു മത്സരത്തെകുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. ഏത് മോശം സാഹചര്യത്തിലും ഹസ്തദാനമുണ്ടായിരിക്കും'' -സല്‍മാന്‍ പറഞ്ഞു

കഴിഞ്ഞ രണ്ടു മത്സരങ്ങളിലെയും വിജയം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും പാക് ക്യാപ്റ്റന്‍ ആത്മവിശ്വാസത്തിലാണ്. ''ഞങ്ങള്‍ ജയിക്കും. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 40 ഓവറിലും ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുകയും ഞങ്ങളുടെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുകയും ചെയ്താൽ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയും പാകിസ്താനും വളരെയധികം സമ്മര്‍ദത്തിലാണ് അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശരിയാണ്, ഞങ്ങള്‍ അവരെക്കാളും കൂടുതല്‍ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ഫൈനലില്‍ കുറച്ചു തെറ്റുകള്‍ മാത്രം വരുത്തുന്നവര്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു ''

''പുറത്തു നടക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല. ഞങ്ങളുടെ ജോലി ക്രിക്കറ്റില്‍ ശ്രദ്ധിക്കുക എന്നതാണ്. ഞങ്ങളുടെ ലക്ഷ്യം ഏഷ്യാ കപ്പ് വിജയിക്കുക എന്നതാണ്. അതിനാണ് ഞങ്ങള്‍ ഇവിടെ വന്നിട്ടുള്ളത്. '' സല്‍മാന്‍ പറഞ്ഞു നിര്‍ത്തി.

TAGS :

Next Story