എല്ലാം പെട്ടെന്നായിരുന്നു: ഇന്ത്യയെ പത്ത് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
ഇന്ത്യക്കെതിരെ തകർപ്പൻ ജയവുമായി ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് കടന്നു

അഡ്‌ലയ്ഡ്: ഇന്ത്യക്കെതിരെ തകർപ്പൻ ജയവുമായി ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് കടന്നു. ഇന്ത്യ ഉയർത്തിയ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യംമറികടന്നു. അലക്സ് ഹെയിൽസ്(86) നായകൻ ജോസ് ബട്ട്ലർ(80) എന്നിർ അതിവേഗത്തിൽ കളിതീർത്തു. 169 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ പവർപ്ലേയിൽ തന്നെ കളി വരുതിയിലാക്കിയിരുന്നു.
ഇന്ത്യൻ ബൗളർമാർ മാറിമാറി എറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. അവസരങ്ങളൊന്നും കൊടുക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ തേരോട്ടം. ആദ്യ അഞ്ച് ഓവറിൽ തന്നെ ഇംഗ്ലണ്ട് സ്‌കോർ 50 കടന്നു. പത്ത് ഓവർ പൂർത്തിയായപ്പോഴേക്കും സ്‌കോർ നൂറിന് അടുത്ത് എത്തിയിരുന്നു. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമെ ഇന്ത്യക്ക് രക്ഷയുണ്ടായിരുന്നുള്ളൂ. അതിനും കഴിയാതെ വന്നതോടെ ഹെയിൽസും ബട്ട്‌ലറും അടിക്കുന്നത് നോക്കിനിൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. പതിനഞ്ചാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി ബട്ട്ലര്‍ ടീമിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തു. ഫൈനലില്‍ പാകിസ്താന് ഇംഗ്ലണ്ടിന്റെ എതിരാളി.
ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്
ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ ബലത്തിൽ ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത് 168 റൺസ്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 168 റൺസ് നേടിയത്. തുടക്കത്തിലെ തകർച്ചക്ക് ശേഷമാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോർ നേടിയത്. വിരാട് കോഹ്ലി(50) ഹാർദിക് പാണ്ഡ്യ(63) എന്നിവരാണ് തിളങ്ങിയത്. അവസാന ഓവറുകളിലെ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യക്ക് നിർണായകമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ടീം സ്‌കോർ ഒമ്പതിൽ നിൽക്കെ തന്നെ ലോകേഷ് രാഹുൽ പുറത്ത്. ക്രിസ് വോക്‌സിന്റെ കൗശലമായൊരു പന്തിന് ബാറ്റുവെച്ച രാഹുൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർക്ക് ക്യാച്ച് നൽകി. രാഹുലിന്റെ സമ്പാദ്യം അഞ്ച് റൺസ്. ആദ്യ വിക്കറ്റ് വീണതിന്റെ ഷോക്കിൽ നിന്ന് ഇന്ത്യ മടങ്ങിവരാൻ സമയമെടുത്തു. നാ യകൻ രോഹിതും കോഹ്ലിയും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നതിനിടെ രോഹിത് ശർമ്മയും മടങ്ങി. ക്രിസ് ജോർദാന്റെ പന്ത് ആഞ്ഞുവീശിയെങ്കിലും പന്ത് ഗ്യാലറിയിലെത്തിയില്ല.
ബൗണ്ടറി ലൈനിനരികെ സാം കറന് ക്യാച്ച്. 27 റൺസായിരുന്നു നായകൻ നേടിയത്. പിന്നീടെത്തിയ സൂര്യകുമാർ യാദവിലായിരുന്നു പ്രതീക്ഷ മുഴുവനും. ഒരു സിക്‌സറും ബൗണ്ടറിയും നേടി സൂര്യകുമാർ വിറപ്പിച്ചു. എന്നാൽ നേരിട്ട പത്താം പന്തിൽ സൂര്യയും വീണു. 14 റൺസ് നേടിയ സൂര്യകുമാർ യാദവിനെ ആദിൽ റാഷിദ് മടക്കുകയായിരുന്നു. 75ന് മൂന്ന് എന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായെങ്കിലും ഉഗ്രൻ ഫോമിലുള്ള വിരാട് കോഹ്ലി ഇന്നിങ്‌സ് ചലിപ്പിച്ചു. കൂട്ടിന് ഹാർദിക് പാണ്ഡ്യയും കൂടി ചേർന്നതോടെ സ്‌കോർബോർഡിന് ജീവൻ വെച്ചു.
ക്രിസ് ജോർദാൻ എറിഞ്ഞ 17ാം ഓവറിലെ ആദ്യ രണ്ട് പന്തുകൾ ഗ്യാലറിയിലെത്തിച്ച് പാണ്ഡ്യ ടോപ് ഗിയറിലായി. അതിനിടെ കോഹ്ലി അർദ്ധ സെഞ്ച്വറി തികച്ചു. അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലി മടങ്ങി. 39 പന്തിൽ നിന്ന് ഒരു സിക്‌സറും നാല് ബൗണ്ടറിയും ഉൾപ്പെടെ 50 റൺസാണ് കോഹ്ലി നേടിയത്. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ ആഞ്ഞുവീശിയതോടെയാണ് ഇന്ത്യൻ സ്‌കോർ 160 കടന്നത്. പാണ്ഡ്യ 33 പന്തുകളിൽ നിന്ന് അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയും ഉൾപ്പെടെയാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്. അവസാന പന്തിൽ ഹിറ്റുവിക്കറ്റായാണ് പാണ്ഡ്യ മടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16

