വൈഭവ് അടിച്ചത് ലഖ്നൗവിനെ; പക്ഷേ കൊണ്ടത് ചെന്നൈക്ക്

‘‘ക്രിക്കറ്റിലെ എന്റെ 35 വർഷത്തെ അനുഭവത്തിൽ ഒരുപാട് അത്ഭുത പ്രതിഭകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ഈ ചെറിയ പയ്യൻ ഈ ഐപിഎല്ലിൽ ഉടനീളം ഇങ്ങനെ ബാറ്റ് ചെയ്യുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്’’ -പറയുന്നത് മറ്റാരുമല്ല, നൂറോളം ടെസ്റ്റുകൾ കളിച്ച ലഖ്നൗ കോച്ച് ജസ്റ്റിൻ ലാംഗറാണ്. വൈഭവ് സൂര്യവൻശിയെന്ന കൗമാരക്കാൻ തന്നെക്കുറിച്ചുള്ള പ്രതീക്ഷകളെ വീണ്ടുമുയർത്തിയ മറ്റൊരു രാത്രി. ഈ മാസ്മരിക ഇന്നിങ്സിന്റെ കരുത്തിൽ രാജസ്ഥാൻ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കും വൈഭവ് ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ഒന്നാംസ്ഥാനത്തേക്കും കയറി.
രാജസ്ഥാന്റെ േപ്ല ഓഫ് പ്രതീക്ഷകൾ ഇപ്പോൾ വ്യക്തമാണ്. മെയ് 24ന് മുംബൈക്കെതിരെ വിജയിച്ചാൽ മാത്രം മതി. ആരെയും കാത്തിരിക്കാതെ രാജസ്ഥാന് േപ്ല ഓഫിലേക്ക് പോകാം. പ്ലസ് 0.083 റൺേററ്റുമായയി രാജസ്ഥാൻ നാലാംസ്ഥാനത്തേക്ക് കയറിയതോടെ ചെന്നൈയുടെ സാധ്യതകൾ ഏതാണ്ട് അവസാനിച്ചു. അവസാന മത്സരത്തിൽ വിജയിച്ചാൽ പോലും ഇനി ചെന്നൈക്ക് േപ്ല ഓഫ് പ്രയാസമാണ്. അല്ലെങ്കിൽ രാജസ്ഥാൻ അത്രയും വലിയൊരു തോൽവി നേരിടണം. കൂടാതെ പഞ്ചാബും കൊൽക്കത്തയും തോൽക്കുകയും വേണം. കൊൽക്കത്തക്കും പഞ്ചാബിനും ഇനി ജയിച്ചാൽ മാത്രം പോര, രാജസ്ഥാൻ തോൽക്കാൻ കാത്തിരിക്കുകയും വേണം.
ജയ്പൂരിൽ രാജസ്ഥാന് മുന്നിൽ ലഖ്‌നൗ സൂപ്പർ ജെയ്ന്റ്സ് ഉയർത്തിയത് 221 റൺസിന്റെ ഹിമാലയൻ ലക്ഷ്യമാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നിട്ടും ലഖ്‌നൗ ഒട്ടും ഭയപ്പെട്ടില്ല. ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ 90 റൺസ് അടിച്ചുകൂട്ടിയ മിച്ചൽ മാർഷ് ഇത്തവണയും അതേ ഫോം തുടർന്നു. ഒപ്പം ജോഷ് ഇൻഗ്ലിസ് കൂടി ചേർന്നതോടെ രാജസ്ഥാൻ ബൗളർമാർ അക്ഷരാർഥത്തിൽ വെള്ളം കുടിച്ചു. ജോഫ്ര ആർച്ചറെയും സന്ദീപ് ശർമ്മയെയും അതിദാരുണമായാണ് ഇൻഗ്ലിസ് ശിക്ഷിച്ചത്. പവർപ്ലേയിൽ മാത്രം ലഖ്‌നൗ അടിച്ചുകൂട്ടിയത് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 83 റൺസ്! അതിൽ 49 റൺസും ഇൻഗ്ലിസിന്റെ വകയായിരുന്നു
9-ാം ഓവറിൽ യഷ് രാജ് പുഞ്ചയാണ് 109 റൺസിന്റെ ആ ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. എങ്കിലും മറുവശത്ത് മാർഷ് തകർപ്പൻ ഫോമിലായിരുന്നു. തുടർച്ചയായ രണ്ടാം സീസണിലും 500-ലധികം റൺസ് നേടുന്ന ആദ്യ ലഖ്‌നൗ താരമെന്ന റെക്കോർഡും മാർഷ് സ്വന്തമാക്കി. നിക്കോളാസ് പൂരനും ക്യാപ്റ്റൻ ഋഷഭ് പന്തും ചെറിയ ആയുസ്സുള്ള വെടിക്കെട്ടുകൾ നടത്തിയപ്പോൾ ലഖ്‌നൗ 250 കടക്കുമെന്ന് തോന്നിച്ചു. എന്നാൽ ഡെത്ത് ഓവറുകളിൽ ആർച്ചറും പുഞ്ചയും ചേർന്ന് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറിൽ മാർഷിനെ 96 റൺസിൽ ആർച്ചർ പുറത്താക്കിയതോടെ ലഖ്‌നൗവിന്റെ സ്കോർ 220-ൽ ഒതുങ്ങി. എങ്കിലും നിർണായമായ മത്സരത്തിൽ 221 റൺസ് രാജസ്ഥാന് വലിയ ഭാരം തന്നെയായിരുന്നു.
പക്ഷേ രാജസ്ഥാൻ ആഗ്രഹിച്ചതെന്തോ അത് തന്നെ ഓപ്പണർമാർ നൽകുകയാണ്. ലഖ്‌നൗ ബൗളർമാരുടെ നെഞ്ചിൽ ആണിയടിച്ചാണ് ജയ്സ്വാൾ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ എറിഞ്ഞൊതുക്കിയ ആകാശ് സിംഗിന്റെ ഒരൊറ്റ ഓവറിൽ മൂന്ന് ഫോറുകൾ അടിച്ചുകൊണ്ട് ജയ്സ്വാൾ നയം വ്യക്തമാക്കി. പക്ഷേ മറുവശത്ത് രാജസ്ഥാന്റെ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വൈഭവ് സൂര്യവംശിയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. മുൻ മത്സരത്തിൽ തനിക്കെതിരെ വിക്കറ്റ് മെയ്ഡൻ എറിഞ്ഞ മോഹ്സിൻ ഖാന്റെ മുന്നിൽ വൈഭവ് തുടക്കത്തിൽ പതറി. ആദ്യ 5 പന്തിൽ 1 റൺ, 10 പന്തിൽ 5 റൺസ് എന്നിങ്ങനെയായിരുന്നു വൈഭവിന്റെ ടാലി. ഒരു പതിനഞ്ചുകാരന്റെ ഈഗോ ഉണരേണ്ട, അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയേണ്ട നിമിഷം.
പക്ഷേ, അവിടെയാണ് വൈഭവ് താനൊരു അസാധാരണ പ്രതിഭയാണെന്ന് തെളിയിച്ചത്. മയങ്ക് യാദവിനെതിരെ ഒരു അപ്പർകട്ടിലൂടെ ആദ്യ ബൗണ്ടറി നേടിയ വൈഭവ് പിന്നീട് പ്രിൻസ് യാദവിന്റെ ഓവറിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. കാണികളുടെ കണ്ണഞ്ചിപ്പിച്ച് ഋഷഭ് പന്തിന്റെ തലയ്ക്ക് മുകളിലൂടെ പായിച്ച ആ ഷോട്ടിന് വല്ലാത്ത മനോഹാരിതയുണ്ടായിരുന്നു.അവിടുന്നങ്ങോട്ട് ലഖ്‌നൗ ബൗളർമാർക്ക് രക്ഷയുണ്ടായിരുന്നില്ല. 23 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച വൈഭവ് പിന്നീട് ആകാശ് സിംഗിന്റെ ഒരൊറ്റ ഓവറിൽ 26 റൺസാണ് അടിച്ചുകൂട്ടിയത്! 6, 4, 0, 4, 6, 4... സ്റ്റേഡിയത്തിന്റെ എല്ലാ കോണിലേക്കും ആ 15-കാരന്റെ ബാറ്റ് തീ തുപ്പുകയായിരുന്നു!. അതോടെ ലഖ്നൗ ഉയർത്തിയ 220 റൺസ് രാജസ്ഥാന് ചെറിയെ ലക്ഷ്യമായി തോന്നിത്തുടങ്ങി.
93 റൺസെടുത്ത് നിൽക്കെ മൊഹ്സിൻ ഖാന്റെ ഒരു സ്ലോവർ ബോളിൽ വീണ് വൈഭവിന് നഷ്ടമായത് അർഹിച്ച മറ്റൊരു സെഞ്ച്വറിയാണ്. പക്ഷേ നിരാശയുണ്ടായിരുന്നില്ല. കാരണം താൻ ചെയ്യേണ്ട പണിയെല്ലാം കൃത്യമായി ചെയ്തിരുന്നു. 38 പന്തിൽ 10 പടുകൂറ്റൻ സിക്സറുകളും 5 ഫോറുകളുമടക്കം 93 റൺസ്! വൈഭവ് പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 6 ഓവറിൽ വെറും 41 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. വൈഭവ് ഓറഞ്ച് ക്യാപ്പിൽ ഒന്നാമത് നിൽക്കുന്നു എന്നതിനേക്കാൾ കൗതുകം അവന്റെ സ്ട്രൈക്ക് റേറ്റാണ്. 236.32 എന്ന അമ്പരിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലാണ് റൺസടിച്ചുകൂട്ടിയത്.
സഞ്ജു സാംസണിന്റെ ചെന്നൈ ഡീൽ സഞ്ജുവിന് ലാഭമേ ഉണ്ടാക്കിയിട്ടുള്ളൂ. പക്ഷേ രാജസ്ഥാന് റോയൽസിന് അതുകൊണ്ട് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. അതിനൊറ്റ കാരണമേ ഉള്ളൂ. വൈഭവ് സൂര്യവൻഷി.
Adjust Story Font
16

