തോൽവിയിലും റെക്കോർഡുമായി വൈഭവ്; പിന്നിലാക്കിയത് പൊള്ളാർഡടക്കമുള്ള വമ്പൻ താരങ്ങളെ

ജയ്‌പൂർ: രാജസ്ഥാൻ റോയൽസ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ തേടി പുതിയ റെക്കോർഡ്. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സുകൾ കുറിക്കുന്ന താരമായി മാറി വൈഭവ്. 515 പന്തുകളിൽ നിന്നാണ് നാഴികക്കല്ല് പിന്നിട്ടത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് കൗമാര താരം റെക്കോർഡ് സ്വന്തം പേരിലാക്കിയത്. കരൺബീർ സിങ്ങിന്റെ 813 പന്തുകൾ എന്ന റെക്കോർഡാണ് തകർത്തത്. മത്സരത്തത്തിൽ വൈഭവ് 16 പന്തിൽ നിന്ന് 36 റൺസ് നേടി പുറത്തായി. രാജസ്ഥാൻ റോയസിനെ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു.
ടി20 ക്രിക്കറ്റിലെ വേഗമേറിയ 100 സിക്സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് വൈഭവ് (515). രണ്ടാം സ്ഥാനത്ത് കരൺബീർ സിങ് (813), മൂന്നാം സ്ഥാനത്ത് കീറൺ പൊള്ളാർഡ് (843), നാലാമത് റൊമാരിയോ ഷെപ്പേർഡ് (845), അഞ്ചാം സ്ഥാനത്ത് സെക്കുഗേ പ്രസന്നയുമാണ് (850).
നേരത്തെ ഒരു ഐപിഎൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ താരത്തിന്റെ റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു വൈഭവ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 12 സിക്സുകളായാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഐപിഎൽ 2026 സീസണിലെ വേഗമേറിയ സെഞ്ച്വറിയും വൈഭവിന്റെ പേരിൽ തന്നെയാണ്. നിലവിലെ സീസണിൽ 11 ഇന്നിങ്‌സുകളിൽ നിന്ന് 440 റൺസാണ് താരം അടിച്ചുകൂട്ടിയത്.
Adjust Story Font
16

