Quantcast

ഇതെന്ത് ഔട്ട്? അരിശം തീരാതെ കോഹ്‌ലി, ട്വിറ്ററില്‍ ഭയങ്കര ബഹളം

മത്സരത്തിൽ 44 റൺസാണ് കോഹ്ലി നേടിയത്. താളം കണ്ടെത്തി മികച്ച രീതിയിൽ ബാറ്റേന്തുന്നതിനിടെയാണ് കോഹ്‌ലിയുടെ അപ്രതീക്ഷിത പുറത്താകൽ

MediaOne Logo

Web Desk

  • Updated:

    2023-02-18 13:28:48.0

Published:

18 Feb 2023 1:25 PM GMT

IND vs AUS,Virat Kohli
X

കോഹ്ലിയുടെ വിവാദ ഔട്ട്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വിവാദത്തിന് തിരികൊളുത്തി ആസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വിരാട് കോഹ്‌ലിയുടെ പുറത്താകൽ. മാത്യു കുനേമനായിരുന്നു വിക്കറ്റ്. പന്ത് പാഡിൽ കൊണ്ടതിന് പിന്നാലെ ആസ്‌ട്രേലിയൻ ടീം ഒന്നടങ്കം അപ്പീൽ ചെയ്തു, ഉടൻ തന്നെ അമ്പയർ ഔട്ട് സിഗ്നൽ കാണിച്ചു. ഒന്നും ആലോചിക്കാതെ തൊട്ടടുത്ത നിമിഷം തന്നെ കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു. മൂന്നാം അമ്പയർക്കും എളുപ്പമായിരുന്നില്ല വിധി പറയാൻ.

സാൻവിച്ച് പരുവത്തിലായിരുന്നു പന്തും ബാറ്റും പാഡും. ബാറ്റിന്റെ സൈഡിലുരുമ്മിയ പന്ത് പാഡിന്റെ ഇടയിലും ഒരെ സമയം തട്ടി. എന്നാൽ ആദ്യം പാഡിലാണെന്ന് വിധിയെഴുതിയ മൂന്നാം അമ്പയർ, ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. എന്നാൽ പിന്നീട് വന്ന ടെലിവിഷൻ റീപ്ലേകളിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ക്ലിപ്പുകളിലും പന്ത് ആദ്യം ബാറ്റിൽ കൊണ്ടെന്ന തരത്തിലുള്ളതായിരുന്നു. ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയ കോഹ്ലി സപ്പോർട്ടിങ് സ്റ്റാഫ് തുറന്ന് വെച്ച ലാപ്പിലും വീഡിയോ പരിശോധിച്ച് നീരസം പ്രകടമാക്കുന്നുണ്ടായിരുന്നു.

മുൻ ഇന്ത്യൻ താരം വസീംജാഫറും തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. എനിക്കത് ഔട്ടല്ലെന്നായിരുന്നു വസീംജാഫർ വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിപ്പിട്ടത്. മത്സരത്തിൽ 44 റൺസാണ് കോഹ്ലി നേടിയത്. താളം കണ്ടെത്തി മികച്ച രീതിയിൽ ബാറ്റേന്തുന്നതിനിടെയാണ് കോഹ്‌ലിയുടെ അപ്രതീക്ഷിത പുറത്താകൽ. 84 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. അതേസമയം ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 262ന് അവസാനിച്ചു. ആസ്‌ട്രേലിയക്ക് ലഭിച്ചത് ഒരു റൺസിന്റെ ലീഡ്.

മറുപടി ബാറ്റിങിൽ ആസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിലാണ്. ആസ്‌ട്രേലിയക്കിപ്പോൾ 62 റൺസിന്റെ ലീഡായി. പ്രതിരോധം വിട്ട് അടിച്ചുകളിക്കുകയാണ് ആസ്‌ട്രേലിയ. 39 റൺസുമായി ട്രാവിസ് ഹെഡും(39) 16 റൺസുമായി മാർനസ് ലബുഷെയനുമാണ് ക്രീസിൽ. ഒരു റൺസെടുത്ത ഉസ്മാൻ ഖവാജയാണ് പുറത്തായത്. രവീന്ദ്ര ജഡേജക്കാണ് വിക്കറ്റ്.

TAGS :

Next Story