ഇന്ത്യൻ ക്രിക്കറ്റിൽ യുഗാന്ത്യം; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‍ലി

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം വിരാട് കോഹ്‍ലി. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ കോഹ്‍ലി 9230 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 46 ശരാശരിയിൽ 30 സെഞ്ച്വറികളും നേടി.
‘‘ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നീലത്തൊപ്പിയണിഞ്ഞിട്ട് 14 വർഷമായി. ഈ ഫോർമാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ ഞാനാക്കി, ഒരുപാട് പാഠങ്ങൾ നൽകി. ഈ ഫോർമാറ്റിൽ നിന്നും തിരിച്ചുനടക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഇത് ശരിയാണെന്ന് കരുതുന്നു. ഞാൻ എന്നെക്കൊണ്ട് ആവുന്നതെല്ലാം ഇതിനായി നൽകി.
തികഞ്ഞ നന്ദിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ഈ കളിയോടും ജനങ്ങളോടും ഒപ്പം കളിച്ചവേരാടും, എന്റെ വഴിയിൽ വന്ന ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു’’ -കോഹ്‍ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
2011ൽ വെസ്റ്റിൻഡീസിനെതിരെയാണ് കോഹ്‍ലി ടെസ്റ്റിൽ അരങ്ങേറിയത്. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ. ഇന്ത്യയെ 68 മത്സരങ്ങളിൽ നയിച്ച കോഹ്‍ലിയുടെ കീഴിൽ 40 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ നൽകിയ ക്യാപ്റ്റനെന്ന ഖ്യാതിയും കോഹ്‍ലിക്ക് സ്വന്തം. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോഹ്‍ലി ഇനി ഏകദിനത്തിൽ മാത്രമാകും തുടർന്ന് കളിക്കുക.
Adjust Story Font
16

