വാങ്ങാനാളില്ല; എന്തുപറ്റി ജാക്ക് ഗ്രീലിഷിന് ?
ഗ്രീലിഷ് സ്വയം നശിച്ചതോ അതോ പെപ്പ് നശിപ്പിച്ചതോ, ബെക്കാമാകാൻ വന്നവന് സംഭവിച്ചതെന്ത്?

ബ്രിട്ടീഷ് മാധ്യമങ്ങൾ ഏറ്റവും ആഘോഷമാക്കിയ പേരുകളിലൊന്നായിരുന്നു ജാക്ക് പീറ്റർ ഗ്രീലിഷ്. ഒരു സൂപ്പർ സ്റ്റാർഡത്തിന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ ചെറുപ്പക്കാരൻ. ഹെയർ സ്റ്റൈൽ കൊണ്ടും ഡ്രെസിങ് രീതികൾകൊണ്ടുമെല്ലാം അടുത്ത ഡേവിഡ് ബെക്കാമെന്ന് വരെ അവനെ വിളിച്ചിരുന്നു. അതേ ഗ്രീലിഷ് ഇന്ന് എത്തിഹാദിന്റെ ഓരങ്ങളിൽ ആർക്കും വേണ്ടാതെ ഇരിപ്പുണ്ട്. ടീമിലിടമില്ലാതെയായ ഗ്രീലിഷ് സിറ്റി വിടുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. പക്ഷേ ഗ്രീലിഷിനായി സിറ്റി ആവശ്യപ്പെടുന്ന 50 മില്യൺ പൗണ്ട് നൽകാൻ ഒരു ടീമും ഇതുവരെ സന്നദ്ധരായിട്ടില്ല. രണ്ട് വർഷത്തെ കരാർ ഇനിയും ബാക്കിയുള്ള ഗ്രീലിഷിനെ ലോണിൽ അയച്ചേക്കും എന്നും പറയപ്പെടുന്നു. വൻ ഹൈപ്പിൽ എത്തിഹാദിന്റെ പടി ചവിട്ടിയ ഈ സുവർണ പുത്രന് എന്താണ് സംഭവിച്ചത്?
ഐറിഷ് വേരുകളുള്ള ജാക്ക് ഗ്രീലിഷ് ബിർമിങ്ഹാമിലാണ് ജനിക്കുന്നത്. നാട്ടിലെ ക്ലബായ ആസ്റ്റൺ വില്ലയിൽ ആറാം വയസ്സിലേ കളിപഠിക്കാൻ പോയി. വില്ലയുടെ അക്കാഡമികളിലൂടെയാണ് പന്തുതട്ടിത്തുടങ്ങിയത്. ആസ്റ്റൺ വില്ലയുടെ ക്ലാരറ്റ് നിറമുള്ള കുപ്പായമണിയുമ്പോൾ പ്രായം 19 മാത്രം. റെലഗേഷനും സാമ്പത്തിക പ്രതിസന്ധിയും നിറഞ്ഞ വില്ലയുടെ മോശം കാലത്താണ് ജാക്ക് അവിടെ പന്തുതട്ടിയത്. വില്ലയിൽ പന്തുതട്ടുന്ന കാലത്തേ പല ഇംഗ്ലീഷ് ക്ലബുകളും അവനെ നോട്ടമിട്ടു. 2018ൽ ടോട്ടനം ലണ്ടനിലേക്ക് വിളിച്ചെങ്കിലും നടക്കാതെ പോയി. റെലഗേഷന് ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ വില്ലക്ക് ഗ്രീലിഷ് എന്നത് അവരുടെ സ്വകാര്യസ്വത്തായിരുന്നു. 2023വരെ ഗ്രീലിഷുമായി കരാർ ഒപ്പിട്ട അവർ ക്യാപ്റ്റന്റെ ആംബാൻഡും ആ കൈകളിൽകെട്ടി.
സാധാരണ ക്ലബിൽ കളിക്കുന്ന അസാധാരണ കളിക്കാരൻ, അല്ലെങ്കിൽ ഒരു ചെറിയ കുളത്തിലെ വലിയ മീൻ എന്ന രീതിയിലാണ് ഗ്രീലിഷിനെ മറ്റുള്ളവർ കണ്ടത്. ആസ്റ്റൺ വില്ല അക്കാഡമിയിലെ പാഠങ്ങൾക്കപ്പുറത്ത് ജന്മസിദ്ധമായ സ്കില്ലുകൾ അവനിലുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ആസ്റ്റൺ വില്ല ആരാധകർക്കാണെങ്കിൽ നാട്ടുകാരൻ തന്നെയായ ജാക്കിൽ വലിയ മതിപ്പായിരുന്നു. ആ കാലുകളിൽ പന്തുകിട്ടുമ്പോൾ പോലും ആരാധകർ ഇരമ്പിയാർത്തു.
ഗ്രീലിഷ് ആസ്റ്റൺ വില്ലക്ക് എത്രത്തോളം വേണ്ടപ്പെട്ടവനായിരുന്നു എന്നതിന് കണക്കുകൾ സാക്ഷിയാണ്. 2020-21 സീസണിൽ ഗ്രീലിഷ് കളിക്കുമ്പോൾ ടീമിന്റെ വിജയശതമാനം 50 ആയിരുന്നുവെങ്കിൽ ഗ്രീലിഷ് ഇല്ലാത്ത മത്സരങ്ങളിൽ അത് 25 ശതമാനത്തിലേക്ക് കൂപ്പുകത്തി. ഗ്രീലിഷ് കളിക്കുമ്പോൾ 42 ഗോളുകൾ കുറിച്ചിരുന്നുവെങ്കിൽ ഇല്ലാത്ത മത്സരങ്ങളിൽ അത് 13 ആയിക്കുറഞ്ഞു. അങ്ങനെ മികച്ച പ്രകടനങ്ങളിലൂടെ ഇംഗ്ലീഷ് ഫുട്ബോളിന്റെ ലൈം ലൈറ്റിലേക്ക് ഗ്രീലിഷെത്തി. 2020ൽ ഗാരെത് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ടീമിലേക്കും വിളിച്ചു. അയർലണ്ടിനായി അണ്ടർ 18,21 മത്സരങ്ങളിൽ കളിച്ചിരുന്ന ഗ്രീലിഷ് 2016ൽ ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് ചുവടുമാറ്റുകയായിരുന്നു. തങ്ങളുടെ താരങ്ങൾക്ക് എന്നും വീരപരിവേഷം നൽകുന്ന ബ്രിട്ടീഷ് മാധ്യമങ്ങൾ ഗ്രീലിഷിന് രീ തന്നെ നൽകി.
അതിനിടെയാണ് എത്തിഹാദിൽ നിന്നും ഗ്രീലിഷിനെത്തേടി വിളിയെത്തുന്നത്. ഒരു ബ്രിട്ടീഷ് താരത്തിന് നാളിന്നുവരെ ഒരു ക്ലബും നൽകാത്ത 100 മില്യൺ പൗണ്ടെന്ന കൂറ്റൻ ഓഫറാണ് സിറ്റി വില്ലക്ക് മുന്നിൽ വെച്ചത്. തങ്ങളുടെ മണ്ണിൽ പിച്ചവെച്ചുതുടങ്ങി നല്ല കാലത്തും മോശം കാലത്തും ഒപ്പം നിന്ന ഗ്രീലിഷ് പോകുന്നതിൽ ആരാധകർക്ക് അമർഷമുണ്ടായിരുന്നു. പക്ഷേ ചാമ്പ്യൻസ് ലീഗ് അടക്കമുള്ളവ കളിക്കാനാണ് അവന്റെ ആഗ്രഹമെന്നും ആ ആഗ്രഹത്തിന് തടസ്സം നിൽക്കില്ലെന്നും വില്ലയുടെ മുതലാളിയായ ക്രിസ്റ്റ്യൻ പേഴ്സലോ പ്രതികരിച്ചു. അങ്ങനെ സെർജിയോ അഗ്യൂറോ ശൂന്യമാക്കിയ പത്താം നമ്പർ കുപ്പായത്തിൽ ഗ്രീലിഷ് എത്തിഹാദിന്റെ പടിചവിട്ടി. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബിനും ലോകത്തിലെ ഏറ്റവും മികച്ച മാനേജർക്കുമൊപ്പം കളിക്കുന്നു എന്നായിരുന്നു ഗ്രീലിഷിന്റെ പ്രഖ്യാപനം.
എന്നാൽ നാലുവർഷങ്ങൾക്കിപ്പുറം ജാക് ഗ്രീലിഷ് സിറ്റിയിൽ വിചാരണചെയ്യപ്പെടുകയാണ്. സിറ്റി ട്രബിൾ കിരീടം നേടിയ 2022-23 സീസണിലെ ഏതാനും മാസങ്ങളിൽ മാത്രമാണ് ഗ്രീലിഷ് തന്റെ 100 മില്യൺ മിഡ്ഫീൽഡറെന്ന പേരിനോട് നീതിപുലർത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. പ്രവചനാതീതമായ ഡ്രിബ്ലിങ്ങുകളിലൂടെയും എതിർ പ്രതിരോധത്തെ പൊളിച്ചുപണിയുന്ന പാസുകളിലൂടെും വില്ലയിൽ കണ്ട ഗ്രീലിഷിനെ അപൂർവമായി മാത്രമേ എത്തിഹാദിൽ ദൃശ്യമായുള്ളൂ. 2024 എന്ന വർഷത്തിൽ ഒരു ഗോൾപോലും ആ കാലുകളിൽ നിന്നും പിറന്നില്ല. സിറ്റി കിരീടങ്ങളുടെ തിളക്കത്തിൽ നിൽക്കുന്ന വർഷങ്ങളിൽ ഗ്രീലിഷിന്റെ പതനം കാര്യമായ ചർച്ചയായില്ല. പക്ഷേ സിറ്റി തോൽവികളിൽ നിന്നും തോൽവികളിലേക്ക് കൂപ്പുകുത്തിയ ഈ സീസണിൽ 100 മില്യൺ ഉൽപന്നത്തിലേക്ക് പലകുറി ചർച്ചകളെത്തി.
പരിക്ക് കാരണം ഏറെ മത്സരങ്ങൾ നഷ്ടമായ ഗ്രീലിഷിനെ അതിന് ശേഷവും പെപ്പ് പരിഗണിച്ചില്ല. മാധ്യമങ്ങൾ ഗ്രീലിഷിനെക്കുറിച്ച് ചോദിക്കുമ്പോൾ പെപ് ഗ്രീലിഷിന്റെ കളി പോരെന്ന് തുറന്നുപറഞ്ഞു. ഗ്രീലിഷിനേക്കാൾ എല്ലാ രീതിയിലും മികച്ചുനിൽക്കുന്നതിനാലാണ് സാവീന്യോയെ ടീമിൽ ഉൾപ്പെടുത്തുന്നത് എന്നും പെപ് തുറന്നടിച്ചു. ഗ്രീലിഷ് മറ്റു വഴികൾ നോക്കണമെന്ന് പറയാതെ പറഞ്ഞ പെപ്പ് ക്ലബ് ലോകകപ്പ് ടീമിൽ നിന്നും ഗ്രീലിഷിനെ അമ്പേ മാറ്റിനിർത്തിയത് പറഞ്ഞുവിടാനുള്ള മുന്നൊരുക്കമായാണ് പറയുന്നത്. അതിനിടയിൽ ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള ഗ്രീലിഷിന്റെ വാതിലുകളും അടഞ്ഞുതുടങ്ങി.
wഗ്രീലിഷ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് പലകാരണങ്ങളുണ്ട്. മാന്ത്രികചുവടുകളുമായി സ്വതന്ത്രനായി സിറ്റിയിൽ വിഹരിച്ചിരുന്ന ഗ്രീലിഷിനെ പെപ്പിന്റെ സിസ്റ്റത്തിൽ വെറുമൊരു മെഷീനാക്കി എന്ന വിമർശനമുണ്ട്. പെപ്പിന്റെ പതിമിതമായ സ്വാതന്ത്ര്യത്തിൽ നിന്നുള്ള കളി ഗ്രീലിഷന്റെ ഡ്രിബ്ലിങ്ങിനെയും സ്വത സിദ്ധമായ കളിശൈലിയൈും ഇല്ലാതാക്കി എന്നാണ് വാദം. കൂടാതെ നിരന്തരപരിക്കുകൾ, സാവീന്യോ, ഡോകു, ഫിൽ ഫോഡൻ എന്നിവരിൽ നിന്നുള്ള കനത്ത മത്സരം, കുറഞ്ഞ േപ്ലയിങ് ടൈം എന്നിവയും ആ കരിയറിലെ ബാധിച്ചു. എന്നാൽ തന്റെ പതനത്തിനുള്ള പാത ഗ്രീലിഷ് തന്നെ വെട്ടുകയായിരുന്നു എന്ന വിമർശനവുമുണ്ട്. ബ്രസീലിയൻ താരങ്ങളെപ്പോലെ പ്രതിഭ ധൂർത്തടിച്ചുകളയുന്ന സമീപനം ഗ്രീലിഷിൽ നിന്നുമുണ്ടായിട്ടുണ്ട്. നൈറ്റ് ക്ലബുകളും പാർട്ടി കൾച്ചറും ഗ്രീലിഷിനെ ബാധിച്ചു. വില്ല യിലെ കാലത്തേ ഗ്രീലിഷ് ഇത്തരം വാർത്തകളാൽ ടാേബ്ലായിഡുകളിലും വാർത്തകളിലും നിറഞ്ഞിരുന്നു. പലകുറി അതിന്റെ പേരിൽ അച്ചടക്ക നടപടിയും നേരിട്ടു. അച്ചടക്കമില്ലാത്ത ജീവിതം സിറ്റിയിലും വിനയായെന്ന വിമർശനമുണ്ട്.
29 വയസ്സ് പ്രായമേ ഗ്രീലിഷിനായിട്ടുള്ളൂ. ടോട്ടനം, എവർട്ടൺ, ന്യൂകാസിൽ മുതൽ മുൻ തട്ടകമായ ആസ്റ്റൺ വില്ല വരെ ഗ്രീലിഷിന്റെ അടുത്ത ഇടങ്ങളായി പറയപ്പെടുന്നു. ഡിബ്രൂയ്നെയെ ചൂണ്ടിയ നാപ്പോളിയും എറിക് ടെൻഹാഗിന്റെ ലെവർക്യൂസണും സാധ്യതകളായുണ്ട്. എന്നാൽ വേഗത നഷ്ടപ്പെട്ട ഗ്രീലിഷ് സ്ളോ ടെമ്പോയിൽ കളിക്കുന്ന സ്പാനിഷ് ലീഗിലേക്ക് പോകണമെന്ന അഭിപ്രായവുമുണ്ട്. പ്രീമിയർ ലീഗിലെ ഏറ്റവും മോശം ട്രാൻസ്ഫറുകളുടെ ലിസ്റ്റിൽ തന്നെയാകുമോ ഗ്രീലിഷിന്റെ പേരും ചേർത്തുവെക്കുക?
Adjust Story Font
16

