Quantcast

ആവേശപ്പോര്, കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്സ് ; കന്നിക്കിരീടത്തിനായി ഇന്ത്യന്‍ വനിതകള്‍ക്ക് ഇനിയും കാത്തിരിക്കണം

ക്രിക്കറ്റ് ലോകകപ്പ് വേദിയില്‍ രണ്ട് തവണയാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിന് യോഗ്യത നേടിയത്

MediaOne Logo

Sports Desk

  • Updated:

    2022-03-27 18:56:25.0

Published:

27 March 2022 10:12 PM IST

ആവേശപ്പോര്, കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്സ് ; കന്നിക്കിരീടത്തിനായി ഇന്ത്യന്‍ വനിതകള്‍ക്ക് ഇനിയും കാത്തിരിക്കണം
X

ക്രിക്കറ്റിന്‍റെ ലോകവേദിയില്‍ കന്നിക്കിരീടത്തിനായി ഇന്ത്യന്‍ വനിതകള്‍ക്ക് ഇനിയുമൊരുപാട് കാലം കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ തവണ കലാശപ്പോരില്‍ ഇംഗ്ലണ്ടിനോട് കാലിടറി വീണപ്പോള്‍ ഇക്കുറിയെങ്കിലും കിരീടവുമായേ മടങ്ങൂ എന്നുറപ്പിച്ച് വലിയ പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ വനിതകള്‍ ന്യൂസിലന്‍റിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ വച്ച് തന്നെ സെമി കാണാതെയാണ് ഇന്ത്യ ലോകകപ്പ് വേദിയില്‍ നിന്ന് പുറത്താവുന്നത്.

ഇക്കുറി ലോകകപ്പില്‍ അത്രക്ക് ആശാവഹമായ പ്രകടനമല്ല ഇന്ത്യന്‍ വനിതകള്‍ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരെയും വെസ്റ്റിന്‍ഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയുമാണ് വിജയിക്കാനായത്. ന്യൂസിലന്‍റിനോടും ഇംഗ്ലണ്ടിനോടും ആസ്ട്രേലിയയോടും ഒടുക്കം ഇന്ന് നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയമേറ്റു വാങ്ങി. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റാണ് ആകെ ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യയുടെ പരാജയത്തോടെ ഏഴ് പോയിന്‍റുമായി വെസ്റ്റിന്‍ഡീസ് നാലാം സ്ഥാനത്തേക്ക് കയറി സെമി ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

ക്രിക്കറ്റ് ലോകകപ്പ് വേദിയില്‍ ആകെ രണ്ട് തവണയാണ് ഇന്ത്യന്‍ വനിതകള്‍ കലാശപ്പോരിന് യോഗ്യത നേടിയിട്ടുള്ളത്. 2005 ലും 2017 ലും. 2005 ല്‍ ആസ്ട്രേലിയയോട് 98 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ 2017 ല്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സിന് പരാജയമേറ്റു വാങ്ങേണ്ടി വന്നു.

പ്രധാന ബൗളർ ജുലാന്‍ ഗോസ്വാമിയില്ലാതിരിന്നിട്ടും അവസാന പന്ത് വരെ പൊരുതിയാണ് ഇന്ത്യന്‍ ബൗളർമാര്‍ ഇന്ന് ദക്ഷിണാഫ്രിക്കയോട് കീഴടങ്ങിയത്. ജയിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നാലാം സ്ഥാനമുറപ്പിച്ച് കിരീട സാധ്യതകള്‍ നിലനിര്‍ത്താമായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കേ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ വനിതകളുടെ കയ്യില്‍ നിന്ന് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. 80 റൺസെടുത്ത ലോറ വോൾവാർട്ടാണ് ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. നേരത്തെ സെമി പ്രവേശനമുറപ്പിച്ചിട്ടും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ ഇന്ത്യയോട് ഒരു ദയയും കാട്ടിയില്ല.

അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ ഏഴ് റണ്‍സ് വേണമായിരുന്നു. ആദ്യ പന്തിൽ സിംഗിള്‍. രണ്ടാം പന്തിൽ ത്രിഷ ചേട്ടി റൺ ഔട്ട്. ഇതോടെ ഗ്യാലറിയില്‍ ആവേശം അലതല്ലി. മൂന്നും നാലും പന്തുകളിൽ ദക്ഷിണാഫ്രിക്ക സിംഗിൾ നേടി. അവസാന രണ്ടു പന്തിൽ വിജയിക്കാൻ ദക്ഷിണാഫ്രിക്കക്ക് മൂന്ന് റൺസാണ് വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ ദീപ്തി ശർമ ഡുപ്രസീസിനെ പുറത്താക്കിയതോടെ ഇന്ത്യ ആഘോഷമാരംഭിച്ചു.

എന്നാൽ അമ്പയര്‍ ആ പന്ത് നോബോൾ വിധിച്ചതും ഇന്ത്യൻ വനിതകളുടെ ഹൃദയം തകർന്നു. അവസാന രണ്ടു പന്തിൽ വിജയിക്കാൻ വേണ്ടിയിരുന്ന രണ്ട് റൺസ് ദക്ഷിണാഫ്രിക്ക അനായാസം അടിച്ചെടുത്തു. നിര്‍ണായക മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യ ലീഗ് ഘട്ടത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റൺസെടുത്തു. 71 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. മിതാലി രാജും (68), ഷഫാലി വർമയും (53) അര്‍ധസെഞ്ച്വറി നേടി. 3 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിൽ ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിലാണ് കാലിടറിയത്.

ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ചിരുന്നു. ആദ്യ സെമിയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ അവസാന സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെ നേരിടും. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമി.

TAGS :

Next Story