ബോസ്‌നിയൻ വംശഹത്യയെ അതിജീവിച്ച ഫുട്ബോൾ ഇതിഹാസം; ഭാവി തലമുറക്ക് എഡിൻ ജെക്കോയുടെ ഹൃദയസ്പർശിയായ കത്ത്
യുദ്ധം തകർത്ത സരയാവോയിലെ തന്റെ ബാല്യകാലത്തെക്കുറിച്ചും പിന്നീട് ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയതിനെക്കുറിച്ചും ബോസ്‌നിയൻ ക്യാപ്റ്റൻ എഡിൻ ചെക്കോ മനസുതുറക്കുന്നു

- Updated:
2026-07-02 07:52:01

ബോസ്നിയൻ ഫുട്ബോൾ ഇതിഹാസവും ക്യാപ്റ്റനുമായ എഡിൻ ജെക്കോ രാജ്യത്തെ പുതിയ തലമുറയ്ക്കായി എഴുതിയ തുറന്ന കത്ത് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നു. യുദ്ധം തകർത്ത സരയാവോയിലെ തന്റെ ബാല്യകാലത്തെക്കുറിച്ചും പിന്നീട് ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയതിനെക്കുറിച്ചും അദ്ദേഹം മനസുതുറക്കുന്നു. 'ഒന്നും അസാധ്യമല്ല' എന്ന ഒറ്റ സന്ദേശമാണ് പുതുതലമുറയ്ക്ക് അദ്ദേഹം നൽകുന്നത്.
ആറാം വയസിലാണ് ജെക്കോ സരയാവോയിലെ യുദ്ധവും ഉപരോധവും നേരിടുന്നത്. സൈറൺ മുഴങ്ങിയ ആദ്യ ദിനം അമ്മയോടൊപ്പം ഷൂ കാബിനറ്റിന് പിന്നിൽ ഒളിച്ചതിൽ തുടങ്ങി നാല് വർഷത്തോളമാണ് ആ യുദ്ധം നീണ്ടുനിന്നത്. സ്വന്തം വീട് സുരക്ഷിതമല്ലാതായപ്പോൾ മുത്തശ്ശന്റെ 40 ചതുരശ്ര മീറ്റർ മാത്രമുള്ള അപ്പാർട്ട്മെന്റിലേക്ക് അവർ മാറി. ബന്ധുക്കളടക്കം 15 പേർ അവിടെ നിലത്തായിരുന്നു കിടന്നുറങ്ങിയിരുന്നത്. നഗരം സ്നൈപ്പർമാരുടെ വലയത്തിലായിരുന്ന സമയത്ത് വീടിനകത്തിരുന്ന് ബന്ധുക്കൾക്കൊപ്പം 'മൊണോപ്പോളി' കളിച്ചാണ് അവർ ഭയത്തെ അതിജീവിച്ചത്. ബോംബ് സ്ഫോടനങ്ങൾ കേൾക്കുമ്പോഴും കളികളിൽ മുഴുകി യുദ്ധത്തിന്റെ യാഥാർഥ്യങ്ങൾ അവർ മറന്നു.
വെള്ളത്തിനായി ബക്കറ്റുകളുമായി മൂന്നും നാലും നിലകൾ കയറിയിറങ്ങിയതും, വിമാനത്തിൽ നിന്ന് താഴേക്ക് വീഴുന്ന സൈനിക ഭക്ഷണപ്പൊതികൾക്കായി കാത്തിരുന്നതുമെല്ലാം ജെക്കോ ഓർത്തെടുക്കുന്നു. അക്കാലത്ത് ആകാശത്ത് നിന്ന് ലഭിച്ചിരുന്ന 'പീനട്ട് ബട്ടർ' ഒരു അത്ഭുത സമ്മാനമായാണ് ആ കുട്ടികൾ കണ്ടിരുന്നത്. പത്താം വയസിൽ ഉപരോധം അവസാനിക്കുമ്പോൾ ഒരു ഫുട്ബോളർ ആകുക എന്നത് ജെക്കോയുടെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. കാരണം, നഗരത്തിലെ പുൽമൈതാനങ്ങളെല്ലാം കത്തിനശിച്ചിരുന്നു. കേക്കുകളും ബ്രെഡും വിതരണം ചെയ്തിരുന്ന പിതാവാണ് ജെക്കോയെ പരിശീലനത്തിന് കൊണ്ടുപോയിരുന്നത്. ഏത് സാഹചര്യത്തിലും എല്ലാവരോടും ദയയോടെ പെരുമാറണമെന്ന് അദ്ദേഹത്തെ പഠിപ്പിച്ചത് പിതാവാണ്. അക്കാലത്ത് എസി മിലാന്റെ ഇതിഹാസതാരം ആൻഡ്രി ഷെവ്ചെങ്കോയെ വലിയ ആരാധനയായിരുന്ന ജെക്കോയെ പരിശീലകൻ 'ഷെവ' എന്നായിരുന്നു വിളിച്ചിരുന്നത്.
പിന്നീട് 19-ാം വയസിൽ 25,000 യൂറോയ്ക്ക് ചെക്ക് റിപ്പബ്ലിക്കിലെ ടെപ്ലിസ് ക്ലബ്ബിലേക്ക് മാറിയത് ജെക്കോയുടെ കരിയറിലെ വലിയ വഴിത്തിരിവായി. അവിടെനിന്ന് ജർമൻ ക്ലബ്ബായ വോൾഫ്സ്ബർഗ്, പിന്നീട് 37 ദശലക്ഷം യൂറോയ്ക്ക് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, തുടർന്ന് റോമ എന്നിങ്ങനെ ലോകോത്തര ക്ലബ്ബുകളിലേക്കുള്ള ആ മുന്നേറ്റം ഒരു സിനിമാക്കഥ പോലെയായിരുന്നു.
2014ൽ ബോസ്നിയ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ നിമിഷം ജെക്കോ വാക്കുകൾക്കതീതമായ വൈകാരികതയോടെയാണ് ഓർക്കുന്നത്. യോഗ്യതാ മത്സരത്തിന് ശേഷം കാണികൾക്കൊപ്പം മൈതാനത്തേക്ക് രണ്ട് മീറ്റർ ഉയരമുള്ള മതിൽ ചാടിക്കടന്ന് ഓടിയെത്തിയവരിൽ അദ്ദേഹത്തിന്റെ പിതാവുമുണ്ടായിരുന്നു. അടുത്തിടെ 40-ാം വയസിൽ ഇറ്റലിയെ അടക്കം പ്ലേ ഓഫിൽ തോൽപ്പിച്ച് ബോസ്നിയ വീണ്ടും ലോകകപ്പിലേക്ക് യോഗ്യത നേടിയതിന്റെ ആവേശവും അദ്ദേഹം പങ്കുവെക്കുന്നു. കടുത്ത ശാരീരിക സമ്മർദ്ദങ്ങൾക്കിടയിലും രാജ്യത്തിന് വേണ്ടി കളത്തിൽ ഇറങ്ങുമ്പോൾ തനിക്കിപ്പോഴും പഴയ കുട്ടിയുടെ ആവേശമാണെന്ന് അദ്ദേഹം പറയുന്നു.
ഏത് രാജ്യത്ത് ജീവിച്ചാലും, ഏത് മതത്തിൽ വിശ്വസിച്ചാലും സ്വന്തം വേരുകൾ ഒരിക്കലും മറക്കരുതെന്നാണ് ബോസ്നിയയിലെ ഓരോ കുട്ടിയോടും ജെക്കോ ആവശ്യപ്പെടുന്നത്. 'നിങ്ങൾ ബോസ്നിയക്കാരാണ്, ലോകം നിങ്ങളുടെ കാൽക്കീഴിലുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ഈ ലോകോത്തര സ്ട്രൈക്കർ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.
എഡിൻ ജെക്കോയുടെ കുറിപ്പിലെ പ്രസക്ത ഭാഗം:
'ഒന്നും അസാധ്യമല്ല'; ബോസ്നിയയിലെയും ഹെർസഗോവിനയിലെയും കുട്ടികൾക്കായി എനിക്ക് ഈ ഒരൊറ്റ സന്ദേശം മാത്രമേ നൽകാനുള്ളൂ. ബോസ്നിയക്കാരായി ജനിച്ച നമ്മൾ ഒരുപാട് ഭാഗ്യം ചെയ്തവരാണ്. സ്വന്തം സ്വപ്നങ്ങൾ ജീവിച്ചു തീർക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല ഞാൻ ഇത് പറയുന്നത്, മറിച്ച് യുദ്ധത്തെ അതിജീവിച്ച ഒരു കുട്ടി കൂടിയായതുകൊണ്ടാണ്.
സരയേവോയിലെ യുദ്ധകാലത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് വലിയ താല്പര്യമില്ല, എങ്കിലും അതെന്തായിരുന്നു എന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. യുദ്ധം തുടങ്ങുമ്പോൾ എനിക്ക് ആറു വയസായിരുന്നു പ്രായം. സൈറണുകൾ മുഴങ്ങുമ്പോൾ അമ്മ എന്നെയും എടുത്ത് ഷൂ കാബിനറ്റിന് പിന്നിൽ ഒളിച്ചിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു. നാല് വർഷത്തോളം ആ ഭയം തുടർന്നു. സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾക്ക് മുത്തശ്ശന്റെ ചെറിയ അപ്പാർട്ട്മെന്റിലേക്ക് മാറേണ്ടി വന്നു. മുതിർന്നവരും കുട്ടികളും അടക്കം 15 പേർ അവിടെ തറയിലായിരുന്നു ഉറങ്ങിയിരുന്നത്.
സ്നൈപ്പർമാരുടെ തോക്കുകൾ നഗരത്തെ ലക്ഷ്യമാക്കിയിരുന്നതിനാൽ പുറത്തിറങ്ങുന്നത് അപകടമായിരുന്നു. ബോംബുകളുടെ ശബ്ദം കേൾക്കുമ്പോഴും ഞങ്ങൾ കുട്ടികൾ വീട്ടിനുള്ളിലിരുന്ന് മോണോപോളി കളിക്കുമായിരുന്നു. ആ നിമിഷങ്ങളിൽ ഞങ്ങൾ യുദ്ധം മറന്നു. പുറത്ത് നിരപരാധികൾ മരിച്ചുവീഴുമ്പോഴും, ഇടയ്ക്ക് ശാന്തത തോന്നുമ്പോൾ അമ്മ എന്നെ പുറത്ത് ഫുട്ബോൾ കളിക്കാൻ വിടുമായിരുന്നു. സന്തോഷത്തോടെ എന്നെ നോക്കുന്ന ആ അമ്മയുടെ കണ്ണുകളിൽ, ഞാൻ ഇനി തിരികെ വരുമോ എന്ന ഭയവും ഉണ്ടായിരുന്നു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വെള്ളം ചുമന്ന് മുകളിലത്തെ നിലകളിലേക്ക് കയറേണ്ടി വന്നതും ആകാശത്തുനിന്ന് വീഴുന്ന സൈനിക ഭക്ഷണപ്പൊതികൾക്കായി കാത്തിരുന്നതും എന്റെ ജീവിതത്തിലെ മായാത്ത ഓർമകളാണ്. അധികാരം, പണം, അഹംഭാവം എന്നിവയ്ക്കായി മനുഷ്യർ നടത്തുന്ന യുദ്ധങ്ങൾ എത്ര നിരർത്ഥകമാണെന്ന് ആ ദിവസങ്ങൾ എന്നെ പഠിപ്പിച്ചു.
പത്താമത്തെ വയസിൽ യുദ്ധം അവസാനിക്കുമ്പോൾ ഒരു ഫുട്ബോളർ ആകണം എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. യുദ്ധം തകർത്ത, കരിഞ്ഞുണങ്ങിയ മൈതാനങ്ങളിലാണ് ഞാൻ പിന്നീട് ഫുട്ബോൾ കളി തുടങ്ങിയത്. ബ്രെഡ് വിതരണം ചെയ്യുന്ന ജോലിയായിരുന്ന അച്ഛൻ എനിക്ക് നൽകിയ വലിയ പിന്തുണയാണ് എന്നെ വളർത്തിയത്. എല്ലാവരോടും സ്നേഹത്തോടെയും സമത്വത്തോടെയും പെരുമാറണമെന്ന അദ്ദേഹത്തിന്റെ ഉപദേശം ഞാൻ ഇന്നും കാത്തുസൂക്ഷിക്കുന്നു. ടിവിയിൽ എസി മിലാന്റെയും ഷെവ്ചെങ്കോയുടെയും കളി കണ്ടു വളർന്ന ഞാൻ, പിന്നീട് ചെക്ക് റിപ്പബ്ലിക്കിലേക്കും അവിടുന്ന് വോൾഫ്സ്ബർഗ്, മാഞ്ചസ്റ്റർ സിറ്റി, റോമ തുടങ്ങിയ വലിയ ക്ലബ്ബുകളിലേക്കും എത്തിച്ചേർന്നു. 25,000 യൂറോയിൽ തുടങ്ങിയ എന്റെ യാത്ര പിന്നീട് 37 മില്യൺ യൂറോ വരെ എത്തി. യുദ്ധത്തിൽ വളർന്ന എനിക്ക് ഇതൊരു ഫെയറി ടെയിൽ പോലെയുള്ള ജീവിതമായിരുന്നു.
2014ൽ ബോസ്നിയ ആദ്യമായി ലോകകപ്പ് യോഗ്യത നേടിയപ്പോൾ അത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു. ആ വിജയാഘോഷങ്ങൾക്കിടയിൽ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ എന്റെ അച്ഛനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഇപ്പോൾ 40-ാം വയസിലും രാജ്യത്തിന് വേണ്ടി കളിക്കാൻ ഇറങ്ങുമ്പോൾ എന്റെ മനസിൽ ആ പഴയ കുട്ടിയാണ്. ശരീരത്തിന് വേദനകൾ ഉണ്ടെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും രാജ്യത്തെ ഒരു ലോകകപ്പിലേക്ക് നയിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ്.
എന്റെ രാജ്യത്തിന് വേണ്ടിയും, സരയേവോയുടെ തെരുവുകളിലെ കുട്ടികൾക്ക് വേണ്ടിയുമാണ് ഞാൻ കളിക്കുന്നത്. നമ്മുടെ രാജ്യത്തെ മനോഹരമാക്കുന്ന എല്ലാ സംസ്കാരങ്ങൾക്കും മതങ്ങൾക്കും വേണ്ടിയാണ് എന്റെ പോരാട്ടം. നിങ്ങളെ ഭിന്നിപ്പിക്കാൻ പലരും ശ്രമിച്ചേക്കാം, എന്നാൽ അവരൊരിക്കലും വിജയിക്കില്ല. നിങ്ങൾ എവിടെ ജീവിച്ചാലും, ഏത് മതത്തിൽ വിശ്വസിച്ചാലും, നിങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് ഒരിക്കലും മറക്കരുത്. നിങ്ങൾ ബോസ്നിയക്കാരാണ്, ലോകം നിങ്ങളുടെ കാൽക്കീഴിലാണുള്ളത്. തീവ്രമായ സ്നേഹത്തോടെ - എഡിൻ.'
Adjust Story Font
16
