ക്രിസ്റ്റ്യാനോ ഗോളടിച്ചെന്ന് കരുതിയാണ് ആഘോഷിച്ചത്; ക്രോസ് നൽകാനാണ് ഞാൻ ശ്രമിച്ചത്-ബ്രൂണോ ഫെർണാണ്ടസ്

യുറുഗ്വായ്‌ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു പോർച്ചുഗൽ ജയം

MediaOne Logo

Web Desk

  • Updated:

    2022-11-29 09:31:59.0

Published:

29 Nov 2022 9:31 AM GMT

ക്രിസ്റ്റ്യാനോ ഗോളടിച്ചെന്ന് കരുതിയാണ് ആഘോഷിച്ചത്; ക്രോസ് നൽകാനാണ് ഞാൻ ശ്രമിച്ചത്-ബ്രൂണോ ഫെർണാണ്ടസ്
X

ദോഹ: ഗ്രൂപ്പ് എച്ചിൽ യുറുഗ്വായ്‌ക്കെതിരായ വിജയത്തോടെ പ്രീക്വാർട്ടർ കടന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗീസ് വിജയം. ഒരു പെനാൽറ്റിയടക്കം മത്സരത്തിലെ രണ്ടു ഗോളും ബ്രൂണോ ഫെർണാണ്ടസിന്റെ കാലിൽനിന്നായിരുന്നു. എന്നാൽ, മത്സരത്തിലെ ആദ്യ ഗോളിനെക്കുറിച്ചുള്ള അവകാശത്തർക്കം മത്സരശേഷവും ചൂടുപിടിക്കുകയാണ്.

പോർച്ചുഗസിന്റെ ആക്രമണ മധ്യനിരക്കാരനായ ബ്രൂണോ ഫെർനാണ്ടസിന്റെ കാലിൽനിന്ന് പിറന്ന ആദ്യ ഗോളിനെച്ചൊല്ലിയാണ് വിവാദം. ബ്രൂണോ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് യുറുഗ്വായ് പോസ്റ്റിൽ കടന്നുകയറി. എന്നാൽ, ക്രോസ് ഷോട്ടിന് ബോക്‌സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ആ ഗോൾ താരത്തിന്റെ പേരിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് സാങ്കേതിക പരിശോധനയിൽ പന്തിൽ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു മനസിലാക്കി ബ്രൂണോയുടെ പേരിലേക്ക് ഗോൾ മാറ്റുകയുമായിരുന്നു.

എന്നാൽ, ആ ഗോളടിച്ചത് ക്രിസ്റ്റിയാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കു തന്നെയാണ് താനും ആഘോഷിച്ചത്. അദ്ദേഹം പന്തിൽ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് തോന്നിയതെന്നും ബ്രൂണോ വെളിപ്പെടുത്തി.

ക്രിസ്റ്റ്യാനോയ്ക്ക് ക്രോസ് നൽകുക തന്നെയായിരുന്നു എന്റെ ലക്ഷ്യവും. ശക്തരായ എതിരാളികൾക്കെതിരെ വളരെ പ്രധാനപ്പെട്ടൊരു വിജയം സ്വന്തമാക്കാനായി. അടുത്ത ഘട്ടത്തിലേക്ക് കടക്കാനുമായി. അതാണ് പ്രധാനപ്പെട്ട കാര്യം-ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

വ്യക്തിഗത നേട്ടങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ടീമിനെ മൊത്തത്തിലാണ് പ്രശംസിക്കേണ്ടതെന്നും താരം സൂചിപ്പിച്ചു. ഇത് ടീം വർക്കിന്റെ വിജയമാണ്. ടീം ഒന്നാകെ നന്നായി കളിച്ചില്ലെങ്കിൽ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകില്ല. ആദ്യത്തെ രണ്ടു മത്സരങ്ങളിലും ടീം നന്നായി കളിച്ചു. (ഗോൾകീപ്പർ) ഡിയോഗോ കോസ്റ്റ രണ്ട് പ്രധാനപ്പെട്ട ഷോട്ടുകൾ രക്ഷിച്ചു. അതുകൊണ്ട്, ഓരോ താരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുറുഗ്വായ്‌ക്കെതിരായ ജയത്തോടെ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ട് മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി പോർച്ചുഗലാണ് മുന്നിലുള്ളത്. മൂന്ന് പോയിന്റുള്ള ഘാന രണ്ടാമതും. ഓരോ പോയിന്റ് വീതം നേടി സൗത്ത് കൊറിയയും യുറുഗ്വേയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

Summary: "I celebrated as if it had been Cristiano's goal, my aim was to cross the ball for him", says Portugal player Bruno Fernandes on goal controversy

TAGS :

Next Story