ലോകകപ്പിലെ അവസാന നാല് മത്സരങ്ങൾക്കായി ‘ട്രിയോണ്ട ഫൈനൽ’ പന്ത് അവതരിപ്പിച്ച് ഫിഫ
ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങൾക്കായി പ്രത്യേക പന്ത് അവതരിപ്പിക്കുന്ന പതിവ് 2022 ലെ ഖത്തർ ലോകകപ്പിലാണ് ആരംഭിച്ചത്

ഫിഫ ലോകകപ്പ് 2026-ന്റെ അവസാന നാല് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന, പ്രത്യേക പതിപ്പിലെ ഔദ്യോഗിക മത്സരപ്പന്തായ ‘ട്രിയോണ്ട ഫൈനൽ’ (Trionda Final) ഫിഫയും അഡിഡാസും ഔദ്യോഗികമായി അവതരിപ്പിച്ചു. രണ്ട് സെമിഫൈനലുകൾ, മൂന്നാം സ്ഥാന നിർണയ മത്സരം, ഫൈനൽ എന്നിവയിലാണ് ഈ പുതിയ പന്ത് ഉപയോഗിക്കുക.
സ്വർണനിറം, വെള്ള, കറുപ്പ് എന്നീ നിറങ്ങളുടെ പ്രീമിയം ഡിസൈനോടെയാണ് ട്രിയോണ്ട ഫൈനൽ ഒരുക്കിയിരിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടത്തിലേക്കുള്ള യാത്രയെ ആസ്പദമാക്കിയാണ് ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഫിഫ അറിയിച്ചു. ലോകകപ്പ് ട്രോഫിയെ പ്രതിനിധീകരിക്കുന്ന സ്വർണനിറമാണ് പന്തിന്റെ പ്രധാന ആകർഷണം. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക മത്സരപ്പന്തിന് സാധാരണ നിറമാറ്റത്തിനപ്പുറം പ്രത്യേക പ്രീമിയം ഡിസൈൻ നൽകുന്നത്. ടൂർണമെന്റിന്റെ നിർണായക ഘട്ടങ്ങളുടെ പ്രൗഢി പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ട്രിയോണ്ട ഫൈനലിന് സ്വർണ ഫിനിഷ് നൽകിയിരിക്കുന്നത്.
2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളെയും ഈ ഡിസൈനിലൂടെ ആദരിക്കുന്നുണ്ട്. സെമിഫൈനലുകൾ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവയ്ക്ക് വേദിയാകുന്ന ഡാലസ്, അറ്റ്‌ലാന്റ, മയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി എന്നീ നഗരങ്ങൾ പന്തിന്റെ പ്രധാന ഡിസൈൻ ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബോസ്റ്റൺ, ഗ്വാഡലഹാര, ഹൂസ്റ്റൺ, കാൻസസ് സിറ്റി, ലോസ് ആഞ്ചലസ്, മെക്സിക്കോ സിറ്റി, മോണ്ടെറേ, ഫിലഡൽഫിയ, സാൻ ഫ്രാൻസിസ്കോ ബേ ഏരിയ, സിയാറ്റിൽ, ടൊറന്റോ, വാങ്കൂവർ എന്നീ മറ്റ് ആതിഥേയ നഗരങ്ങളെയും ത്രികോണാകൃതിയിലുള്ള ഗ്രാഫിക് ഡിസൈൻ ഘടകങ്ങളിലൂടെ ഉൾപ്പെടുത്തി, ടൂർണമെന്റിന്റെ വിജയത്തിൽ അവരുടെ സംഭാവനയെ അംഗീകരിച്ചിരിക്കുകയാണ്.
ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങൾക്കായി പ്രത്യേക മത്സരപ്പന്ത് അവതരിപ്പിക്കുന്ന പതിവ് 2022 ലെ ഖത്തർ ലോകകപ്പിലാണ് ആരംഭിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലും പ്രാരംഭ നോക്കൗട്ട് മത്സരങ്ങളിലും ഉപയോഗിച്ച അൽ റിഹ്ലയ്ക്ക് പകരം സെമിഫൈനലുകൾ, മൂന്നാം സ്ഥാന മത്സരം, ഫൈനൽ എന്നിവയ്ക്കായി അൽ ഹിൽമ് എന്ന പ്രത്യേക പന്ത് ഫിഫയും അഡിഡാസും അവതരിപ്പിച്ചിരുന്നു.
Adjust Story Font
16

