Quantcast

'ഫിർദൗസിയുടെ വീരനായകന്മാരെപ്പോലെ'; അമേരിക്കൻ മണ്ണിൽ ഇതിഹാസമെഴുതാൻ ഇറാൻ

ലോസ് ഏഞ്ചൽസിൽ വിമാനമിറങ്ങിയ ഓരോ താരങ്ങളുടെയും നെഞ്ചിൽ, അമേരിക്ക കൊലപ്പെടുത്തിയ മിനാബ് സ്കൂളിലെ 168 പിഞ്ചുകുഞ്ഞുങ്ങളുടെ ഓർമകൾ പേറുന്ന '168' എന്നെഴുതിയ ബാഡ്ജുകൾ ഉണ്ടായിരുന്നു

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-06-15 13:02:08

Published:

15 Jun 2026 4:09 PM IST

ഫിർദൗസിയുടെ വീരനായകന്മാരെപ്പോലെ; അമേരിക്കൻ മണ്ണിൽ ഇതിഹാസമെഴുതാൻ ഇറാൻ
X

അമേരിക്കൻ ഐക്യനാടുകളുടെ മണ്ണിലേക്ക് ഇറാന്റെ ദേശീയ ഫുട്ബോൾ ടീം കാലെടുത്തുവെക്കുമ്പോൾ, ലോകം ശ്വാസമടക്കിപ്പിടിച്ചാണ് ആ കാഴ്ച കണ്ടുനിന്നത്. ലോസ് ഏഞ്ചൽസിൽ വിമാനമിറങ്ങിയ ഓരോ താരങ്ങളുടെയും നെഞ്ചിൽ, അമേരിക്ക-ഇറാൻ യുദ്ധത്തിനിടെ മീനാബിലെ ഒരു സ്കൂളിൽ വെച്ച് കൊല്ലപ്പെട്ട 168 പിഞ്ചുകുഞ്ഞുങ്ങളുടെ ഓർമകൾ പേറുന്ന '168' എന്നെഴുതിയ ബാഡ്ജുകൾ ഉണ്ടായിരുന്നു. മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കും വെടിയൊച്ചകൾക്കും ശേഷം, സമാധാനത്തിന്റെ ഒരു പുതിയ ഉടമ്പടിയിൽ ഒപ്പുവെക്കാൻ അമേരിക്കയും ഇറാനും തയ്യാറെടുക്കുന്നതിനിടയിലാണ് 'ടീം മെല്ലി' എന്ന് വിളിക്കപ്പെടുന്ന ഇറാൻ ഫുട്ബോൾ സംഘം ലോസ് ഏഞ്ചൽസിൽ വിമാനമിറങ്ങുന്നത്. ഒരു വശത്ത് തങ്ങളെ ശത്രുക്കളായി കണ്ട അമേരിക്കൻ മണ്ണിൽ ഇറാൻ കാലുകുത്തുന്നു എന്ന ചരിത്രമുഹൂർത്തം, മറുവശത്ത് ലോകകപ്പ് എന്ന ഫുട്ബോൾ മാമാങ്കം. യുദ്ധത്തിന്റെ കരിമ്പുക അടങ്ങിത്തുടങ്ങുന്ന അന്തരീക്ഷത്തിൽ, ഫിർദൗസിയുടെ 'ഷാഹ്‌നാമ'യിലെ വീരനായകന്മാരെപ്പോലെ കാൽപന്തിന്റെ സൗന്ദര്യം കൊണ്ട് പച്ചപ്പുൽമൈതാനത്ത് പുതിയൊരു ഇതിഹാസം രചിക്കാനാണ് അവർ വന്നിരിക്കുന്നത്.

ലോകകപ്പ് പോലൊരു വേദി എക്കാലത്തും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. എന്നാൽ ഇറാൻ ടീമിനെ സംബന്ധിച്ചിടത്തോളം അമേരിക്കയിലേക്കുള്ള യാത്ര ഒരു മുള്ളുകിരീടം അണിയുന്നതിന് തുല്യമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻകാല ഭീഷണികൾക്ക് പിന്നാലെ, വിസ നിഷേധിക്കലുകൾ ഉൾപ്പെടെ നിരവധി കടമ്പകളാണ് അവർക്ക് മുന്നിലുണ്ടായിരുന്നത്. അമേരിക്കയിൽ ഒരു ബേസ് ക്യാമ്പ് പോലും അനുവദിക്കാത്തതിനാൽ, അതിർത്തിക്കപ്പുറം മെക്സിക്കോയിൽ താമസിച്ചാണ് അവർ ഓരോ മത്സരങ്ങൾക്കുമായി അമേരിക്കൻ മണ്ണിലേക്ക് വരുന്നത്. സോമാലിയൻ റഫറി ഒമർ അർതാനുപോലും വിലക്കുകൾ നേരിടേണ്ടി വന്നത് ഫിഫയുടെ സമാധാന സന്ദേശത്തിന് മേലുള്ള കരിനിഴലായി മാറി.

ഇറാൻ പരിശീലകൻ അമീർ ഗലേനോയിയുടെ വാക്കുകളിൽ ആ വേദന നിഴലിച്ചിരുന്നു. 'ഈ സാഹചര്യങ്ങൾ ഫുട്ബോളിന്റെ ആത്മാവിനെ തന്നെ ഇല്ലാതാക്കുന്നു. ഞങ്ങൾ ജയിച്ചാലും തോറ്റാലും ഇതൊരു വല്ലാത്ത മാനസികാവസ്ഥയാണ്,' അദ്ദേഹം പറഞ്ഞു. മുൻ ഇന്റർ മിലാൻ സ്ട്രൈക്കറും ഇറാൻ സൂപ്പർ താരവുമായ മെഹ്ദി തരേമിയും ഇതേ വികാരം പങ്കുവെച്ചു. ലോകകപ്പ് നൽകേണ്ട ആ പഴയ സന്തോഷവും സമാധാനവും ഇത്തവണ തങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, പുറത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ഫുട്ബോളിന്റെ സൗന്ദര്യത്തെ കാർന്നുതിന്നുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എങ്കിലും, റൂമിയുടെ കവിതകളിൽ പറയുന്നതുപോലെ, ആഴത്തിലുള്ള മുറിവുകളിൽ കൂടിയാണ് വെളിച്ചം ഉള്ളിലേക്ക് കടക്കേണ്ടത് എന്ന പ്രത്യാശയിലാണ് ആ ടീം മുന്നോട്ട് പോകുന്നത്.

രാഷ്ട്രീയത്തിന്റെ കാർമേഘങ്ങൾ എത്ര ഉരുണ്ടുകൂടിയാലും, ഇറാൻ ടീമിന്റെ ലക്ഷ്യം ഫുട്ബോൾ മാത്രമാണ്. ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് അവരുടെ ലോകകപ്പിലെ ആദ്യ മത്സരം. മാധ്യമപ്രവർത്തകർക്ക് മുന്നിൽ ടീം എത്തിയപ്പോൾ പരിശീലകനും താരങ്ങൾക്കും സംസാരിക്കാൻ ഉണ്ടായിരുന്നത് തങ്ങളുടെ കളിയെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും മാത്രമായിരുന്നു. എന്നാൽ അവിടെ ഉയർന്ന ചോദ്യങ്ങളെല്ലാം യുദ്ധത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ളതായിരുന്നു. 'ആരും ഫുട്ബോളിനെക്കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ' എന്ന മെഹ്ദി തരേമിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയിൽ കായികതാരങ്ങളുടെ ആഗ്രഹങ്ങളുടെയും നിരാശയുടെയും ഒരു വലിയ കടലുണ്ടായിരുന്നു.

ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ പത്ത് കളികളിൽ ഒന്നിൽ മാത്രം പരാജയപ്പെട്ട്, ഗ്രൂപ്പിൽ ഒന്നാമന്മാരായാണ് ഇറാൻ ലോകകപ്പിന് വരുന്നത്. യൂറോപ്യൻ ലീഗുകളിൽ പയറ്റിത്തെളിഞ്ഞ താരങ്ങളുടെ ഓരോ നീക്കങ്ങളും, നൂലുകൾ കോർത്ത് മനോഹരമായ ഒരു പേർഷ്യൻ പരവതാനി നെയ്യുന്നതുപോലെ സൂക്ഷ്മവും ആകർഷകവുമാണ്. ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന പേർഷ്യൻ ഇതിഹാസ പക്ഷിയായ 'സിമൂർഗ്' പോലെയാണ് ഈ ടീം. പ്രതിസന്ധികളുടെ നെരിപ്പോടിൽ വെന്തുരുകുമ്പോഴും, പച്ചപ്പിൽ കാൽപന്ത് തൊടുമ്പോൾ അവർ സർവ്വസ്വതന്ത്രരാകുന്നു.

ലോസ് ഏഞ്ചൽസിലെ ഗാലറികളിൽ ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ ചിലർ തയ്യാറെടുക്കുന്നുണ്ട്. എന്നാൽ മെഹ്ദി തരേമി ലോകത്തോട് വിളിച്ചുപറയുന്നത് ഒരു വലിയ സത്യമാണ്. 'രാജ്യത്തിനകത്തായാലും പുറത്തായാലും ഞങ്ങൾ എല്ലാ ഇറാനികളെയും ബഹുമാനിക്കുന്നു. ഞങ്ങൾ ഇവിടെ ഫുട്ബോൾ കളിക്കാനാണ് വന്നത്. ഫുട്ബോളിന് എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കാൻ കഴിയും.'

ന്യൂസിലാൻഡിനെതിരെയുള്ള 90 മിനിറ്റുകൾ കേവലം ഒരു മത്സരമല്ല. അത് ഇറാന്റെ അതിജീവനത്തിന്റെ അടയാളമാണ്. അതിർത്തികളും വെടിയുണ്ടകളും തീർക്കുന്ന വിദ്വേഷത്തിന്റെ മതിലുകളെ, മൈതാനത്തെ ഒരു മാന്ത്രിക പാസിലൂടെയും ഗോളിലൂടെയും അവർ മറികടക്കും. ബോംബുകൾ വീണ തങ്ങളുടെ നാട്ടിലെ തെരുവുകളിൽ, കാൽപന്തുമായി സ്വപ്നം കാണുന്ന ആയിരക്കണക്കിന് കുരുന്നുകൾക്ക് വേണ്ടിയാണ് അവർ കളിക്കുന്നത്. അമേരിക്കൻ മണ്ണിൽ അവർ കാലുകുത്തുമ്പോൾ, അത് വെറുമൊരു കായിക പോരാട്ടമല്ല, മറിച്ച് മാനവികതയുടെയും കാൽപന്തിന്റെയും സമാധാനത്തിന്റെയും മനോഹരമായ ഒരു പേർഷ്യൻ കവിതയുടെ തുടക്കമാണ്.

TAGS :

Next Story