Quantcast

'മറക്കില്ല ഞങ്ങള്‍'; ഇറാൻ്റെ ആദ്യ ഗോളില്‍ ഗാലറിയിലുയര്‍ന്നു, 'മിനാബ് 168'

ആ കൂട്ടക്കുരുതിയെ മറന്നുകൊണ്ടൊരു ആഘോഷമില്ലെന്നതിന് അടിവരയിടുകയായിരുന്നു ഗാലറിയിലുണ്ടായിരുന്ന ഇറാന്‍ ആരാധകര്‍

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-06-16 06:07:43

Published:

16 Jun 2026 11:35 AM IST

Iran supporters honours victims of Minab strike
X

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡുമായി ഇറാന്‍ സമനിലയാണ് നേടിയത്. രണ്ട് തവണ പുറകില്‍ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഇറാന്‍ സമനില പിടിച്ചെടുത്തത്. മുഹമ്മദ് മോഹേബി, റാമിന്‍ റസെയിന്‍ എന്നിവര്‍ ഇറാനു വേണ്ടി വലകുലുക്കി. ഇറാന്റെ ഓരോ ഗോളുകള്‍ പിറക്കുമ്പോഴും ഗാലറിയില്‍ ആരവങ്ങള്‍ക്കൊപ്പം ഒരു ഓര്‍മപ്പെടുത്തലുമുണ്ടായിരുന്നു. കാണികള്‍ ഉയര്‍ത്തിയ ബാനറില്‍ ഇങ്ങനെ തെളിഞ്ഞു, 'MINAB 168'. ആ കൂട്ടക്കുരുതിയെ മറന്നുകൊണ്ടൊരു ആഘോഷമില്ലെന്നതിന് അടിവരയിടുകയായിരുന്നു ഗാലറിയിലുണ്ടായിരുന്ന ഇറാന്‍ ആരാധകര്‍.

മത്സരത്തില്‍ ഏഴാം മിനുട്ടില്‍ എലിജ ജസ്റ്റാണ് ന്യൂസിലാന്‍ഡിനെ മുന്നിലെത്തിക്കുന്നത്. പിന്നാലെ 32-ാം മിനുട്ടില്‍ ഇറാന്റെ മറുപടി ഗോളെത്തി. പ്രതിരോധ താരം റാമിന്‍ റസെയിയാണ് ഇറാനായി വലകുലുക്കിയത്. ഗാലറിയില്‍ ആരവമുയര്‍ന്നു. ഇതോടെ കാണികള്‍ ഓരോരുത്തരായി ബാനര്‍ ഉയര്‍ത്തി. 'മിനാബ് 168' എന്നെഴുതിയ കാര്‍ഡുകള്‍ ഒരുമിച്ച് ഉയര്‍ത്തിയായിരുന്നു ആഘോഷവേളയിലും ഇറാന്‍ കാണികള്‍ യുഎസിന്റെ കൂട്ടക്കുരുതിയെ അപലപിച്ചത്.

ലോകകപ്പ് മത്സരങ്ങള്‍ക്കായി ലോസ് ഏഞ്ചല്‍സില്‍ വിമാനമിറങ്ങിയപ്പോഴും ഓരോ ഇറാന്‍ താരത്തിന്റെയും നെഞ്ചില്‍, അമേരിക്ക-ഇറാന്‍ യുദ്ധത്തിനിടെ മീനാബിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 168 പിഞ്ചുകുഞ്ഞുങ്ങളുടെ ഓര്‍മകള്‍ പേറുന്ന '168' എന്നെഴുതിയ ബാഡ്ജുകള്‍ ഉണ്ടായിരുന്നു.

ഫെബ്രുവരി 28നാണ് ഇറാനിലെ മിനാബ് നഗരത്തിലുള്ള സ്‌കൂളിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ 168 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. ആഗോളതലത്തില്‍ അപലപിക്കപ്പെട്ട ഈ ആക്രമണം യുഎസ് നടത്തിയതാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ യുഎസ് അംഗീകരിച്ചിട്ടില്ല. യുഎസ് സൈന്യം ഉപയോഗിക്കുന്ന ടോമഹോക് മിസൈലുകളുപയോഗിച്ചാണ് സ്‌കൂള്‍ ആക്രമിച്ചതെന്ന വിവരം ഇറാന്‍ പുറത്തുവിട്ടിരുന്നു.

TAGS :

Next Story