Quantcast

അമേരിക്കൻ ഇതിഹാസം, ഹെയ്തിയുടെ ഇര; ജോ ഗേറ്റ്ജെൻസ് എങ്ങോട്ട് മാഞ്ഞുപോയി?

ലോകകപ്പ് മൈതാനത്ത് ആയിരങ്ങളുടെ കരഘോഷങ്ങൾ ഏറ്റുവാങ്ങിയ ആ നായകന്, അവസാനമായി ഒരു പിടി മണ്ണ് നൽകാൻ പോലും ആരും ഉണ്ടായില്ല

MediaOne Logo
അമേരിക്കൻ ഇതിഹാസം, ഹെയ്തിയുടെ ഇര; ജോ ഗേറ്റ്ജെൻസ് എങ്ങോട്ട് മാഞ്ഞുപോയി?
X

ലോകകപ്പ് വേദികൾ എക്കാലത്തും അത്ഭുതങ്ങളുടെ കാൽപന്തുകളരിയാണ്. വമ്പന്മാർ വീഴുന്നതും കൊമ്പന്മാർ വാഴുന്നതുമായ ആ മാന്ത്രിക വേദിയിൽ, 1950ൽ പിറന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്. അഹങ്കാരത്തിന്റെ കൊടുമുടിയിലായിരുന്ന സാക്ഷാൽ ഇംഗ്ലണ്ടിനെ, അമേരിക്ക എന്ന പേരിനൊപ്പമുള്ള ഫുട്ബോൾ ടീം എതിരില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ചു. ഡേവിഡിന് മുന്നിൽ ഗോലിയാത്ത് വീണത് പോലൊരു ചരിത്രമുഹൂർത്തം! ആ വിജയഗോളിന് പിന്നിൽ അമേരിക്കൻ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഫുട്ബോൾ നായകനുണ്ട്; ജോ ഗെയ്റ്റ്ജെൻസ്. എന്നാൽ, അമേരിക്കയ്ക്ക് വേണ്ടി ചരിത്രം കുറിച്ച ആ കാലുകൾ അമേരിക്കക്കാരന്റേതായിരുന്നില്ല, മറിച്ച് ഒരു ഹെയ്ത്തിക്കാരനായ വിദ്യാർഥിയുടേതായിരുന്നു.

ഒരു വാൽനക്ഷത്രം പോലെയാണ് ജോ ഗെയ്റ്റ്ജെൻസ് അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിലേക്ക് കടന്നുവന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ അക്കൗണ്ടിങ് പഠിക്കാൻ എത്തിയ ആ ഹെയ്തിക്കാരൻ ഒഴിവുസമയങ്ങളിൽ ഒരു റസ്റ്റോറന്റിൽ പാത്രം കഴുകിയും, പിന്നീട് ഒരു പ്രാദേശിക ക്ലബ്ബിന് വേണ്ടി പന്ത് തട്ടിയുമാണ് ജീവിച്ചത്. ഫുട്ബോളിലെ ആ അപാരമായ മികവ് അദ്ദേഹത്തെ വളരെ വേഗം അമേരിക്കൻ ദേശീയ ടീമിലെത്തിച്ചു.

1950ലെ ലോകകപ്പിൽ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അമേരിക്ക ഇറങ്ങുമ്പോൾ, തോൽവിയുടെ ഭാരം എത്രത്തോളമായിരിക്കും എന്ന് മാത്രമായിരുന്നു ഫുട്ബോൾ ലോകം ചിന്തിച്ചത്. എന്നാൽ, കളിയുടെ മുപ്പത്തിയെട്ടാം മിനിറ്റിൽ വാൾട്ടർ ബാർ പന്തടിച്ചു കൊടുക്കുമ്പോൾ, ഒരു ഇടിമിന്നൽ പോലെ പറന്നിറങ്ങിയ ജോ ഗെയ്റ്റ്ജെൻസ് അത് ഇംഗ്ലീഷ് വലയിലേക്ക് തിരിച്ചുവിട്ടു. ഉറങ്ങിക്കിടന്ന സിംഹത്തിന്റെ മടയിൽ ചെന്ന് സട പിടിച്ചുകുലുക്കിയ ആ ഗോൾ, ലോകകപ്പ് ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ടു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അദ്ദേഹം അമേരിക്കയുടെ ഇതിഹാസമായി മാറി.

ഫുട്ബോളിന് ശേഷമുള്ള ജീവിതവും ദുരന്തവും

ലോകകപ്പിലെ താരപരിവേഷത്തിന് ശേഷം ഫ്രാൻസിലും പിന്നീട് തന്റെ സ്വന്തം നാടായ ഹെയ്തിയിലുമാണ് ജോ തന്റെ ജീവിതം കരുപ്പിടിപ്പിച്ചത്. പതിയെ ഫുട്ബോൾ ബൂട്ടുകൾ അഴിച്ചുവെച്ച് നാട്ടിൽ ഒരു സാധാരണക്കാരനായി അയാൾ ജീവിച്ചു. എന്നാൽ വിധി അദ്ദേഹത്തിന് കരുതിവെച്ചത് മറ്റൊരു തിരക്കഥയായിരുന്നു.

ഹെയ്തിയിൽ അന്ന് അധികാരത്തിലിരുന്നത് ക്രൂരനായ ഏകാധിപതി ഫ്രാങ്കോയിസ് 'പാപ്പാ ഡോക്' ഡുവാലിയർ ആയിരുന്നു. മരണത്തിന്റെ തണുപ്പുള്ള കാറ്റ് പോലെ അയാളുടെ ഭരണകൂടം ഹെയ്തിയിലാകെ ഭീതി പടർത്തിക്കൊണ്ടിരുന്നു. ജോയുടെ കുടുംബത്തിലെ ചിലർക്ക് ഏകാധിപതിയുടെ രാഷ്ട്രീയ എതിരാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആ രാഷ്ട്രീയ പകപോക്കലിന്റെ തീജ്വാലകൾ ഒടുവിൽ ആളിപ്പടർന്നത് തീർത്തും നിരപരാധിയായ ജോ ഗെയ്റ്റ്ജെൻസിലേക്കാണ്. കളിക്കളത്തിൽ ഏത് വമ്പൻ എതിരാളികളുടെയും പ്രതിരോധം ഭേദിക്കാൻ മിടുക്കനായിരുന്ന ജോയ്ക്ക്, പക്ഷേ സ്വന്തം നാട്ടിലെ ക്രൂരമായ രാഷ്ട്രീയത്തിന്റെ വലയം ഭേദിക്കാൻ കഴിഞ്ഞില്ല.

ഉത്തരം കിട്ടാത്ത തിരോധാനം

1964 ജൂലൈ 8. ഏകാധിപതിയുടെ രഹസ്യ പൊലീസായ 'ടോൺടോൺ മകൗട്ട്സ്' ജോയുടെ സ്ഥാപനത്തിലേക്ക് ഇരച്ചുകയറി. കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച്, തോക്കിൻ മുനയിൽ അവർ ആ ഫുട്ബോൾ മാന്ത്രികനെ വലിച്ചിഴച്ചു കൊണ്ടുപോയി. പോർട്ട്-ഔ-പ്രിൻസിലെ കുപ്രസിദ്ധമായ ഫോർട്ട് ഡിമഞ്ചെ ജയിലിലെ ഇരുട്ടറകളിലേക്ക് അദ്ദേഹം എറിയപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ആ ചിരിക്കുന്ന മുഖം ആരും കണ്ടിട്ടില്ല. രക്തദാഹികളായ ഭരണകൂടം അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കാമെന്ന് ലോകം വിശ്വസിച്ചു.

ലോകകപ്പ് മൈതാനത്ത് ആയിരങ്ങളുടെ കരഘോഷങ്ങൾ ഏറ്റുവാങ്ങിയ ആ നായകന്, അവസാനമായി ഒരു പിടി മണ്ണ് നൽകാൻ പോലും ആരും ഉണ്ടായില്ല. എവിടെയാണ് ആ ഇതിഹാസം ഉറങ്ങുന്നതെന്ന് ഇന്നും ലോകത്തിനറിയില്ല. അമേരിക്കൻ ഫുട്ബോളിന് വസന്തം സമ്മാനിച്ച ആ കാലുകൾ, സ്വന്തം നാടിന്റെ രാഷ്ട്രീയ കുരുതിക്കളത്തിൽ വെട്ടിയരിഞ്ഞപ്പോൾ ഇല്ലാതായത് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ്. ലോകകപ്പിന്റെ ചരിത്രപുസ്തകങ്ങൾ മറിച്ചുനോക്കുമ്പോൾ, വിജയങ്ങളുടെ വർണപ്പകിട്ടിനിടയിലും ജോ ഗെയ്റ്റ്ജെൻസിന്റെ പേര് മായാത്ത ഒരു ചോരപ്പാടായി ഇന്നും അവശേഷിക്കുന്നു.

TAGS :

Next Story