Quantcast

'നാണംകെട്ടവൻ, നിന്നെ ഞങ്ങൾ ജയിലിലടക്കും..' എംബാപ്പെയെ അധിക്ഷേപിച്ച് പരാഗ്വേ സെനറ്റർ

ലോകകപ്പിൽ പരാഗ്വേയ്ക്കെതിരെ ഫ്രാൻസ് നേടിയ 1-0 വിജയത്തിന് പിന്നാലെയാണ് പരാഗ്വേ സെനറ്റർ സെലസ്റ്റ് അമറില്ല എംബാപ്പെയെ നിരന്തരം ലക്ഷ്യം വെക്കുന്നത്

MediaOne Logo

Sports Desk

  • Published:

    9 July 2026 8:24 AM IST

നാണംകെട്ടവൻ, നിന്നെ ഞങ്ങൾ ജയിലിലടക്കും.. എംബാപ്പെയെ അധിക്ഷേപിച്ച് പരാഗ്വേ സെനറ്റർ
X

ഡാലസ്: ഫ്രഞ്ച് ഫുട്ബോൾ സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്കെതിരെ വീണ്ടും കടുത്ത അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ സെലസ്റ്റ് അമറില്ല. കഴിഞ്ഞ ദിവസം പരാഗ്വേ സെനറ്റിൽ വെച്ച് എംബാപ്പെയെ കേട്ടാലറയ്ക്കുന്ന വാക്കുകൾ (son of a b****) ഉപയോഗിച്ച് ഇവർ അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. 2026 ഫിഫ ലോകകപ്പിൽ പരാഗ്വേയ്ക്കെതിരെ ഫ്രാൻസ് നേടിയ 1-0 വിജയത്തിന് പിന്നാലെയാണ് ഇവർ എംബാപ്പെയെ നിരന്തരം ലക്ഷ്യം വെക്കുന്നത്.

മത്സരശേഷം പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന് എംബാപ്പെ ഹസ്തദാനം നൽകാൻ വിസമ്മതിച്ചു എന്നതാണ് അമറില്ലയെ ചൊടിപ്പിച്ചത്. ലോകകപ്പ് പോലൊരു വലിയ വേദിയിൽ ആദ്യമായി എത്തിയ ഗില്ലിന് എംബാപ്പെ കൈകൊടുത്തില്ലെന്നും, പകരം മുഖത്ത് നോക്കി ആക്രോശിച്ചെന്നും സെനറ്റർ ആരോപിച്ചു. 'ഒരു യഥാർഥ ഫ്രഞ്ചുകാരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല,' അമറില്ല തുറന്നടിച്ചു. ഫ്രാൻസിന്റെ സാംസ്കാരിക പൈതൃകത്തെയും റൂസോ, റെനെ ദെക്കാർത്ത്, വിക്ടർ യൂഗോ തുടങ്ങിയ പ്രതിഭകളെയും പരാമർശിച്ച അമറില്ല, എംബാപ്പെയുടെ ഈ പെരുമാറ്റം ഫ്രാൻസിന്റെ മഹത്വത്തിന് നിരക്കുന്നതല്ലെന്നും വിമർശിച്ചു.

അതേസമയം, അമറില്ലയെ 'തന്റെ പദവിക്ക് യാതൊരു യോഗ്യതയുമില്ലാത്ത നീചയായ സ്ത്രീ' എന്ന് എംബാപ്പെ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് മറുപടിയായാണ് സെനറ്റർ വീണ്ടും സഭയിൽ വെച്ച് അസഭ്യവർഷവുമായി രംഗത്തെത്തിയത്. നേരത്തെയും എംബാപ്പെയ്ക്കെതിരെ കടുത്ത ഭീഷണിയുമായി അമറില്ല രംഗത്തെത്തിയിരുന്നു. മുൻ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയെ പരാഗ്വേയിൽ ജയിലിൽ അടച്ച സംഭവം ഓർമിപ്പിച്ച സെനറ്റർ, മാപ്പ് പറഞ്ഞില്ലെങ്കിൽ എംബാപ്പെയ്ക്കും സമാനമായ അനുഭവം നേരിടേണ്ടി വരുമെന്ന് എക്സിലൂടെ മുന്നറിയിപ്പ് നൽകി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, രാഷ്ട്രീയമായ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എംബാപ്പെയ്ക്കെതിരെ കേസ് കൊടുക്കാൻ തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

പുറത്ത് വിവാദങ്ങൾ പുകയുമ്പോഴും എംബാപ്പെ പൂർണമായും ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംസ് വ്യക്തമാക്കി. മൊറോക്കോയ്ക്കെതിരായ നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കിലിയൻ മാനസികമായി വളരെ മികച്ച അവസ്ഥയിലാണ്, അടുത്ത മത്സരത്തിനായി അവൻ പൂർണ സജ്ജനാണ്,' ദെഷാംസ് പ്രതികരിച്ചു. പുറത്തുനടക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങളൊന്നും കളിക്കളത്തിൽ എംബാപ്പെയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story