'മൈതാനത്ത് പൂത്ത ചോരപ്പൂക്കൾ'; ഒരു ഫുട്ബോൾ മത്സരത്തിൽ തുടങ്ങിയ യുദ്ധത്തിന്റെ കഥ
പെലെയും കൂട്ടരും വിസ്മയം തീർത്ത, ലോകം ആദ്യമായി വർണ ടെലിവിഷനിലൂടെ കാൽപ്പന്തിന്റെ സൗന്ദര്യം നുകർന്ന 1970ലെ മെക്സിക്കോ ലോകകപ്പ്. എന്നാൽ ആ മനോഹര വർണക്കാഴ്ചകൾക്ക് പിന്നിൽ ചോരയുടെ മണമുള്ള മറ്റൊരു സമാന്തര കഥ കൂടിയുണ്ട്

- Published:
13 Jun 2026 12:29 PM IST

1970ലെ മെക്സിക്കോ ലോകകപ്പ്. ആദ്യമായി വർണക്കാഴ്ചകളിൽ ടെലിവിഷൻ സ്ക്രീനുകളിലൂടെ ലോകം കാൽപ്പന്തിന്റെ സൗന്ദര്യം നുകർന്ന കാലം. സാക്ഷാൽ പെലെയും കൂട്ടരും ബ്രസീലിയൻ മാന്ത്രികത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ആ ദിനങ്ങൾക്ക് സമാനതകളില്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. എന്നാൽ, ഈ വർണക്കാഴ്ചകൾക്കും പച്ചപ്പുൽമൈതാനങ്ങൾക്കും പറയാൻ ചോരയുടെ മണമുള്ള മറ്റൊരു സമാന്തര കഥ കൂടിയുണ്ട്. ഒരു കായികമത്സരം എങ്ങനെയാണ് രണ്ട് അയൽരാജ്യങ്ങളെ രക്തരൂക്ഷിതമായ ഒരു യുദ്ധത്തിലേക്ക് തള്ളിവിട്ടത് എന്നതിന്റെ നടുക്കുന്ന ഓർമയാണത്. കായികചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ ആ പോരാട്ടത്തെ ലോകം 'ഫുട്ബോൾ യുദ്ധം' എന്ന് വിളിച്ചു.
എൽ സാൽവഡോറും ഹോണ്ടുറാസും. മധ്യ അമേരിക്കയിലെ രണ്ട് കൊച്ചു രാജ്യങ്ങൾ. പുറമെ നോക്കുമ്പോൾ ശാന്തമെന്ന് തോന്നാമെങ്കിലും, വർഷങ്ങളായി പുകയുന്ന ഒരു അഗ്നിപർവ്വതമായിരുന്നു അവയ്ക്കിടയിലെ അതിർത്തി. പത്തൊൻപതാം നൂറ്റാണ്ട് മുതൽ തന്നെ എൽ സാൽവഡോറും ഹോണ്ടുറാസും തമ്മിൽ അതിർത്തി തർക്കങ്ങളും സാമ്പത്തിക അസമത്വങ്ങളും നിലനിന്നിരുന്നു. ജനസാന്ദ്രത കൂടിയ എൽ സാൽവഡോറിൽ നിന്ന് വിശാലമായ ഹോണ്ടുറാസിലേക്ക് കുടിയേറ്റം പതിവായിരുന്നു. 1969 ആയപ്പോഴേക്കും ഏകദേശം മൂന്ന് ലക്ഷത്തോളം സാൽവഡോർ പൗരന്മാർ ഹോണ്ടുറാസിൽ ജീവിച്ചിരുന്നു. അനധികൃതമായി എത്തിയ ഈ കുടിയേറ്റക്കാരിൽ പലരും സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കിയത് ഹോണ്ടുറാസ് ജനതയിൽ കടുത്ത അതൃപ്തിക്കും അസൂയയ്ക്കും കാരണമായി. തങ്ങളുടെ തൊഴിലവസരങ്ങൾ ഇവർ തട്ടിയെടുക്കുന്നു എന്ന തോന്നൽ ഹോണ്ടുറാസിൽ ശക്തമായി.
ഇതുകൂടാതെ, ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ നേരിട്ട രാഷ്ട്രീയ സമ്മർദ്ദങ്ങളും സ്ഥിതിഗതികൾ വഷളാക്കി. 1969ൽ ഹോണ്ടുറാസ് പ്രസിഡന്റ് ഒസ്വാൾഡോ ലോപ്പസ് അരെല്ലാനോ 1967ലെ കുടിയേറ്റ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും, നിരവധി സാൽവഡോറുകളെ തിരികെ കയറ്റി അയക്കുകയും ചെയ്തു. മറുഭാഗത്ത്, എൽ സാൽവഡോർ പ്രസിഡന്റ് ഫിദൽ സാഞ്ചസ് ഹെർണാണ്ടസ് ആകട്ടെ, രാജ്യത്തെ സമ്പന്നരായ ഭൂവുടമകളുടെ കടുത്ത സമ്മർദ്ദത്തിലായിരുന്നു. തങ്ങളുടെ അധികാരം നിലനിർത്താൻ ഇരു ഭരണാധികാരികൾക്കും ഒരു 'ശത്രുവിനെ' ആവശ്യമായിരുന്ന സമയത്താണ് ഫുട്ബോൾ മത്സരങ്ങൾ വന്നെത്തുന്നത്.
ലോകകപ്പ് യോഗ്യത നേടാൻ ഇരു രാജ്യങ്ങളും തമ്മിൽ മൂന്ന് മത്സരങ്ങളടങ്ങിയ സീരീസാണ് നിശ്ചയിച്ചിരുന്നത്. 1969 ജൂൺ 6ന് ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗൽപയിൽ ആദ്യ മത്സരം നടന്നു. മത്സരത്തലേന്ന് സാൽവഡോർ ടീം താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയ ഹോണ്ടുറാസ് ആരാധകർ പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും കല്ലെറിഞ്ഞും അവരെ ഭയപ്പെടുത്തി. റോബർട്ടോ കാർഡോണ അധികസമയത്ത് നേടിയ ഗോളിൽ ഹോണ്ടുറാസ് 1-0ന് വിജയിച്ചു. ഈ പരാജയം സാൽവഡോറിന്റെ ദേശീയതയ്ക്ക് ഏറ്റ വലിയൊരു മുറിവായി മാറി.
ഒൻപത് ദിവസങ്ങൾക്ക് ശേഷം എൽ സാൽവഡോറിലെ ഫ്ലോർ ബ്ലാങ്ക സ്റ്റേഡിയത്തിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ കാര്യങ്ങൾ കൈവിട്ടുപോയി. കടുത്ത സുരക്ഷയിലായിരുന്നു ഹോണ്ടുറാസ് ടീം കളിക്കാനിറങ്ങിയത്. ഹോണ്ടുറാസിന്റെ ദേശീയഗാനത്തെയും പതാകയെയും സാൽവഡോർ ആരാധകർ അപമാനിച്ചു. ഈ മത്സരത്തിൽ 3-0ന് എൽ സാൽവഡോർ വിജയിച്ചു. കളി കഴിഞ്ഞ് മടങ്ങിയ ഹോണ്ടുറാസ് ആരാധകർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിന്റെ പ്രതികാരമായി ഹോണ്ടുറാസിൽ സാൽവഡോർ വംശജരുടെ കടകൾ കൊള്ളയടിക്കപ്പെട്ടു. ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങൾ തീവ്രദേശീയത ആളിക്കത്തിച്ചതോടെ കൂടുതൽ സാൽവഡോറുകൾ ഹോണ്ടുറാസിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. മെക്സിക്കോ സിറ്റിയിൽ നടന്ന നിർണായകമായ മൂന്നാം മത്സരത്തിൽ ഹാഫ് ടൈമിൽ 2-1ന് പിന്നിലായിരുന്ന എൽ സാൽവഡോർ ഒടുവിൽ 3-2ന് വിജയിച്ചു. എന്നാൽ അപ്പോഴേക്കും കളിക്കളത്തിലെ തോൽവികൾക്കും ജയങ്ങൾക്കും അപ്പുറത്തേക്ക് നയതന്ത്രബന്ധങ്ങൾ പൂർണമായും തകർന്നിരുന്നു.
1969 ജൂലൈ 14 വൈകുന്നേരം. ഹോണ്ടുറാസ് തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് എൽ സാൽവഡോറിന്റെ പോർവിമാനങ്ങൾ ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗൽപയിൽ ബോംബിട്ടു. തൊട്ടടുത്ത ദിവസം ഹോണ്ടുറാസിന്റെ ശക്തമായ വ്യോമസേന തിരിച്ചടിച്ചു. എൽ സാൽവഡോറിലെ പ്രധാന തുറമുഖ നഗരങ്ങളായ അകാജുത്‌ല, കുതുകോ എന്നിവിടങ്ങളിലെ എണ്ണ സംഭരണികൾ അവർ തകർത്തു. കരയുദ്ധത്തിൽ എൽ സാൽവഡോർ സൈന്യം ഹോണ്ടുറാസിലേക്ക് അഞ്ച് മൈലോളം ഉള്ളിലേക്ക് കയറിയെങ്കിലും, ഇന്ധന വിതരണം തടസപ്പെട്ടതോടെ അവരുടെ മുന്നേറ്റം നിലച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തെ പഴയ പിസ്റ്റൺ എൻജിൻ പോർവിമാനങ്ങൾ ഇരുവശത്തും ഉപയോഗിച്ച അവസാനത്തെ യുദ്ധമാണിതെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. സാൽവഡോർ സൈന്യത്തിന്റെ വിമാനങ്ങൾ വളരെ പഴയതായിരുന്നു. എത്രത്തോളമെന്നാൽ സൈനികർ വിമാനത്തിന്റെ ജനാലയിലൂടെ കൈകൊണ്ടാണ് താഴേക്ക് ബോംബുകൾ ഇട്ടിരുന്നത്!
യുദ്ധം രൂക്ഷമായതോടെ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് അടിയന്തരമായി ഇടപെട്ടു. വെടിനിർത്തലിനും സൈന്യത്തെ പിൻവലിക്കാനും അവർ ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്ന് ആഗസ്റ്റ് ആദ്യത്തോടെ സാൽവഡോർ സൈന്യം പിന്മാറി. കേവലം 100 മണിക്കൂർ മാത്രം നീണ്ടുനിന്ന ഈ യുദ്ധത്തിൽ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടു. അൻപതിനായിരത്തോളം പേർക്ക് വീട് നഷ്ടപ്പെട്ടു.
യുദ്ധം അവസാനിച്ചെങ്കിലും ഇരു രാജ്യങ്ങൾക്കുമേറ്റ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ വലുതായിരുന്നു. സെൻട്രൽ അമേരിക്കൻ കോമൺ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. എൽ സാൽവഡോറിൽ തൊഴിലില്ലായ്മയും അസമത്വവും രൂക്ഷമാകുകയും, ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുകയും ചെയ്തു. ഇത് 1979ൽ രാജ്യത്തെ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടു. ഒടുവിൽ, വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 1992 സെപ്റ്റംബർ 11ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് അതിർത്തിയിലെ തർക്കഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ഹോണ്ടുറാസിന് നൽകിക്കൊണ്ട് ഈ പ്രശ്നത്തിന് ഔദ്യോഗികമായി അന്ത്യം കുറിച്ചത്. ഒരു കായികവിനോദം എങ്ങനെയാണ് മനുഷ്യന്റെ അന്ധമായ ദേശീയതയുടെയും വെറുപ്പിന്റെയും ആയുധമായി മാറുന്നത് എന്നതിന്റെ ഏറ്റവും ഭയാനകമായ പാഠമാണ് ഈ ചരിത്രം നൽകുന്നത്.
Adjust Story Font
16
