ഇടംകൈയന്മാരുടെ ഇൻസ്വിങ്ങറിൽ അയാൾ പതറും, പുറത്താക്കാൻ എളുപ്പം; ഇന്ത്യയുടെ സ്റ്റാർ ബാറ്റ്‌സ്മാനെതിരായ തന്ത്രങ്ങൾ വെളിപ്പെടുത്തി മുഹമ്മദ് ആമിർ
ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് താൻ ഏറ്റവും കഷ്ടപ്പെട്ടിട്ടുള്ളതെന്നും ആമിർ വെളിപ്പെടുത്തി

പാകിസ്താന്റെ പേസ് കുന്തമുനയായിരുന്ന മുഹമ്മദ് ആമിറിനെ പറയുമ്പോൾ ഇന്ത്യൻ ആരാധകർ ഒരിക്കലും 2017ലെ ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനൽ മറക്കില്ല. പാകിസ്താൻ ഉയർത്തിയ 339 റൺസിന്റെ വലിയ ടോട്ടൽ പിന്തുടർന്ന ഇന്ത്യയുടെ മൂന്നു മുൻനിര ബാറ്റ്‌സ്മാൻമാരെയും തുടക്കത്തിൽ തന്നെ തിരിച്ചയച്ച് അന്ന് ഇന്ത്യയുടെ കൂട്ടത്തകർച്ചയ്ക്ക് തുടക്കമിട്ടത് ആമിറായിരുന്നു. ഓപണർമാരായ രോഹിത് ശർമ, ശിഖർ ധവാൻ, നായകൻ വിരാട് കോലി എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് ആമിർ സ്വന്തമാക്കിയത്. വെറും 30 ഓവറിനുള്ളിലാണ് പാക് ബൗളർമാർ കരുത്തുറ്റ ഇന്ത്യൻ നിരയെ മുഴുവൻ കൂടാരം കയറ്റിയത്. 180 റൺസിൻരെ കൂറ്റൻ വിജയവുമായാണ് പാകിസ്താൻ ചാംപ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്.
ഇപ്പോൾ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ നേരിട്ട ഓർമകൾ പങ്കുവയ്ക്കുകയാണ് ആമിർ. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലിയ്‌ക്കെതിരെ പന്തെറിയുന്നത് ഇഷ്ടമുള്ള കാര്യമാണെന്ന് പറഞ്ഞ ആമിർ പക്ഷെ അപകടകാരിയായ രോഹിത് ശർമ തനിക്ക് അത്ര വലിയ അപകടമല്ലെന്ന് വെളിപ്പെടുത്തുന്നു. 'ക്രിക്ക് വിക്കി'നു നൽകിയ അഭിമുഖത്തിലാണ് താരം ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കെതിരായ ബൗളിങ് രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.
കോലിക്കും രോഹിതിനുമെതിരെ പന്തെറിയുന്നത് അത്ര ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. സത്യത്തിൽ രോഹിതിനെതിരെ പന്തെറിയുക എളുപ്പമാണ്. രണ്ടു വഴിക്കും അദ്ദേഹത്തെ എനിക്ക് പുറത്താക്കാനാകും. ഇടംകൈയന്മാരുടെ ഇൻസ്വിങ്ങറുകൾക്കെതിരെ രോഹിത് പതറും. ഔട്ട്‌സ്വിങ്ങറുകളുടെ സ്ഥിതിയും ഇതുതന്നെയാണ്-ആമിർ വെളിപ്പെടുത്തി.
എന്നാൽ, കോലിക്കെതിരെ പന്തെറിയാൻ കുറച്ചുകൂടി ബുദ്ധിമുട്ടാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം സമ്മതിച്ചു. സമ്മർദഘട്ടങ്ങൾ കൂടുതൽ ആസ്വദിക്കുന്നയാളാണ് കോലി. കോലിയുടെ പ്രകടനം തന്നെ എല്ലാം പറയുന്നുണ്ട്. നമ്മൾ പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടു വേണ്ട. എല്ലാ ഫോർമാറ്റിലും അദ്ദേഹമത് തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് കിങ് കോലിയെന്ന് താൻ വിളിക്കപ്പെടുന്നതെന്ന് അദ്ദേഹം കാണിച്ചുതന്നിട്ടുള്ളതാണ്. സമ്മർദങ്ങളെ അതിജീവിക്കുന്നയാളാണ് കോലി. കോലിയെപ്പോലുള്ള ഒരാളെ പുറത്താക്കുമ്പോൾ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാകാത്തതാണെന്നും ആമിർ തുറന്നുസമ്മതിച്ചു.
ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് താൻ ഏറ്റവും കഷ്ടപ്പെട്ടിട്ടുള്ളതെന്നും ആമിർ വെളിപ്പെടുത്തി. സ്മിത്തിന്റെ സാങ്കേതിക മികവ് അത്രയും മികച്ചതാണ്. സ്മിത്ത് ബാറ്റ് ചെയ്യുമ്പോൾ എങ്ങോട്ട് പന്തെറിയണമെന്ന് നിശ്ചയമുണ്ടാകില്ല. ഔട്ട്‌സ്വിങ്ങർ ഒഴിവാക്കിവിടും. ഇൻസ്വിങ്ങർ ആണെങ്കിൽ മനോഹരമായി കളിക്കുകയും ചെയ്യും-ആമിർ സൂചിപ്പിച്ചു.
കഴിഞ്ഞ വർഷമാണ് മുഹമ്മദ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. വെറും 28 വയസ് പ്രായമുള്ളപ്പോഴുള്ള ആമിറിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകനെ ഞെട്ടിച്ചിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ മാനസിക പീഡനങ്ങളെ തുടർന്നാണ് രാജിയെന്നാണ് താരം കാരണമായി പറഞ്ഞത്. ബ്രിട്ടീഷ് പൗരത്വമെടുത്ത് ഐപിഎല്ലിൽ കളിക്കാനുള്ള ആഗ്രഹം അടുത്തിടെ താരം പങ്കുവച്ചിരുന്നു.
Adjust Story Font
16

