'മെസ്സിയുടെ പിതാവിനെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു'; അർജന്റൈൻ ആങ്കർ രാജിവെച്ചു; മാപ്പ് പറഞ്ഞ് ചാനൽ
സംഭവത്തിൽ ചാനൽ മാനേജ്‌മെന്റും ഖേദം പ്രകടിപ്പിക്കുകയും ഉത്തരവാദികളായ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

ബ്യൂണസ് ഐറസ്: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പിതാവ് അന്തരിച്ചതായി തത്സമയ പരിപാടിക്കിടെ വ്യാജവാർത്ത നൽകിയതിനെത്തുടർന്ന് അർജന്റീനൻ ടെലിവിഷൻ അവതാരക ഫ്ലോറൻസിയ പെന രാജിവെച്ചു. ലുസു ടിവിയിലാണ് പെന അവതാരകനായി ജോലി ചെയ്തിരുന്നത്. പ്രൊഡക്ഷൻ ടീം നൽകിയ സ്ഥിരീകരിക്കാത്ത വിവരമാണ് താൻ പങ്കുവെച്ചതെന്നും, തത്സമയ സംപ്രേഷണമായതിനാൽ അത് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കിയ ശേഷം അവർ മെസ്സി കുടുംബത്തോട് ക്ഷമ ചോദിച്ചു. സംഭവത്തിൽ ചാനൽ മാനേജ്‌മെന്റും ഖേദം പ്രകടിപ്പിക്കുകയും ഉത്തരവാദികളായ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
യഥാർത്ഥത്തിൽ മെസ്സിയുടെ പിതാവ് ഹോർഗെ മെസ്സി നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഈ പ്രയാസകരമായ സമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. അൾജീരിയയ്‌ക്കെതിരായ അർജന്റീനയുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത ഉടലെടുത്തത്.
യാതൊരു അടിസ്ഥാനവുമില്ലാതെ ഒരു സാധാരണ പൗരന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലെയ് എക്സിലൂടെ പ്രതികരിച്ചു.
Adjust Story Font
16

