Quantcast

ലണ്ടൻ ഡർബിയിൽ ചെൽസിയെ തോൽപിച്ച് ആർസനൽ; ടോട്ടനത്തെ വീഴ്ത്തി ഫുൾഹാം

ജയത്തോടെ 29 മാച്ചിൽ 58 പോയന്റുമായി ആർസനൽ രണ്ടാം സ്ഥാനത്ത് തുടരുന്നു

MediaOne Logo

Sports Desk

  • Updated:

    2025-03-16 16:32:14.0

Published:

16 March 2025 9:59 PM IST

Arsenal beat Chelsea in London derby; Fulham knocks out Tottenham
X

ലണ്ടൻ: പ്രീമിയർലീഗിലെ ലണ്ടൻ ഡർബിയിൽ ആർസനലിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ചെൽസിയെയാണ് തോൽപിച്ചത്. 20ാം മിനിറ്റിൽ സ്പാനിഷ് താരം മിക്കെൽ മെറീനോ നേടിയ ഹെഡ്ഡർ ഗോളിലാണ് ഗണ്ണേഴ്‌സ് സ്വന്തം തട്ടകമായ എമിറേറ്റ് സ്‌റ്റേഡിയത്തിൽ ജയിച്ചുകയറിയത്. ചെൽസിക്കെതിരെ കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ആർസനൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. പന്തടക്കത്തിലും ആദ്യ പകുതിയിൽ ആതിഥേയർ മുന്നിട്ടുനിന്നു. എന്നാൽ വീണുകിട്ടിയ അവസരങ്ങളിൽ പന്തുമായി മുന്നേറിയ നീലപ്പട ഏതാനും ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമാണ് നടത്തിയത്. മത്സരത്തിന്റെ 20ാം മിനിറ്റിൽ ആർസനലിന് അനുകൂലമായി ലഭിച്ച സെറ്റ്പീസാണ് കളിയുടെ ഗതിമാറ്റിയത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് എടുത്ത കോർണർ ബോക്‌സിലേക്ക് പറന്നെത്തി. ചെൽസി പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഉയർന്നു ചാടിയ മെറീനോ ഗോൾകീപ്പർ സാഞ്ചസിനെ കബളിപ്പിച്ച് വലയിലേക്ക് ഹെഡ്ഡ് ചെയ്തിട്ടു. സെറ്റ്പീസിലൂടെ സീസണിൽ നിരവധി ഗോളുകളാണ് ഇതിനകം ഗണ്ണേഴ്‌സ് സ്വന്തമാക്കിയത്‌

ഗോൾവഴങ്ങിയിട്ടും ആർസനലിനെതിരെ പ്രത്യാക്രമണവുമായി കളംനിറയാൻ പലപ്പോഴും ചെൽസിക്കായില്ല. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ച സന്ദർശകർ വിംഗുകളിലൂടെ മുന്നേറ്റം നടത്തിയെങ്കിലും ഗബ്രിയേൽ-സാലിബ പ്രതിരോധ കോട്ട പൊളിക്കാനായില്ല. മറുഭാഗത്ത് ആർസനലിന് ലീഡുയർത്താനുള്ള അവസരങ്ങൾ ലഭിച്ചെങ്കിലും മുന്നേറ്റ താരങ്ങൾ നഷ്ടപ്പെടുത്തി. നിലവിൽ 58 പോയന്റുമായി ആർസനൽ പോയന്റ് ടേബിളിൽ രണ്ടാമതാണ്. 49 പോയന്റുമായി ചെൽസി നാലാമതും.

മറ്റൊരു മത്സരത്തിൽ സ്വന്തം തട്ടകമായ ക്രാവൻ കോട്ടേജിൽ എതിരില്ലാത്ത രണ്ടുഗോളിന് ഫുൾഹാം ടോട്ടൻഹാം ഹോട്‌സ്പറിനെ തോൽപിച്ചു. 78ാം മിനിറ്റിൽ റോഡ്രിഗോ മുനിസ്, 88ാം മിനിറ്റിൽ റിയാൻ സെസഗ്നൻ എന്നിവരാണ് വലകുലുക്കിയത്. ജയത്തോടെ ഫുൾഹാം എട്ടാംസ്ഥാനത്തേക്കുയർന്നു. ടോട്ടനം 13ാമതാണ്. സീസണിലെ ക്ലബിന്റെ 15ാം തോൽവിയാണ്.

TAGS :

Next Story