സൂപ്പർ സബ്ബായി മെറീനോ; പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ വീഴ്ത്തി ആർസനൽ, 2-0
81,87 മിനിറ്റുകളിലാണ് മെറീനോ ഗണ്ണേഴ്‌സിനായി വലകുലുക്കിയത്.

ലണ്ടൻ: പകരക്കാരനായി ഇറങ്ങിയ മൈക്കിൾ മെറീനോയുടെ ഇരട്ടഗോൾ മികവിൽ ജയം പിടിച്ച് ആർസനൽ. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വീഴ്ത്തയിത്. 81,87 മിനിറ്റുകളിലാണ് സ്പാനിഷ് താരം ലക്ഷ്യംകണ്ടത്. ജയത്തോടെ ഒന്നാംസ്ഥാനത്തുള്ള ലിവർപൂളുമായുള്ള പോയന്റ് വ്യത്യാസം നാലാക്കി കുറയ്ക്കാനും ഗണ്ണേഴ്‌സിനായി.
MIKEL MERINO AGAIN 🔥🔥 pic.twitter.com/lJDRAskihw
— Premier League USA (@PLinUSA) February 15, 2025
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും ഗണ്ണേഴ്‌സിനെ പിടിച്ചുകെട്ടിയ ലെസ്റ്റർ അവസാന പത്തുമിനിറ്റിൽ കളി കൈവിട്ടു. മുന്നേറ്റനിരയിലെ പ്രധാന താരങ്ങളടക്കം പരിക്കേറ്റ് പുറത്തായതോടെ വലിയ മാറ്റങ്ങളോടെയാണ് മൈക്കിൾ ആർട്ടെറ്റ ടീമിനെ വിന്യാസിച്ചത്. കായ് ഹാവെർട്‌സിന് പകരം സ്‌ട്രൈക്കറുടെ റോളിൽ ലിയാൻഡ്രോ ട്രൊസാർഡിനെയാണ് ഇറക്കിയത്. ഇടതുവിങിൽ റഹിം സ്‌റ്റെർലിങും വലതുവിങിൽ ഏഥൻ ന്വാനേരിയും ഇടംപിടിച്ചു. എന്നാൽ ഫിനിഷിങിലെ പ്രശ്‌നങ്ങൾ ടീമിനെ ബാധിച്ചു. ഗണ്ണേഴ്‌സ് ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച് നിർത്താൻ ലെസ്റ്ററിനായി. ഇതോടെ ആദ്യ പകുതി(0-0) സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിലും കളിയിൽ കാര്യമായ മാറ്റംവരുത്താൻ ആർസനലിനായില്ല. ഇതോടെ 69ാം മിനിറ്റിൽ റഹിം സ്‌റ്റെർലിങിനെ പിൻവലിച്ച് മെറീനോയെ ആർട്ടെറ്റ കളത്തിലിറക്കി. തൊട്ടുപിന്നാലെ തോമസ് പാർട്ടിയെ പിൻവലിച്ച് ജോർജീന്യോയും ലെവിസ് സ്‌കെല്ലിക്ക് പകരം റിക്കാർഡോ കലഫിയോരിയും ഇറങ്ങി. 81ാം മിനിറ്റിൽ ആർസനൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. പോസ്റ്റിന് പുറത്തുനിന്ന് ന്വാനേരി നൽകിയ ക്രോസ് ഉയർന്ന് ചാടി മൊറീനോ കൃത്യമായി വലയിലാക്കി. 87ാം മിനിറ്റിൽ മികച്ച പാസിംഗ് ഗെയിമിനൊടുവിൽ രണ്ടാം ഗോളും കണ്ടെത്തി. ട്രൊസാർഡ് നിലംപറ്റി നൽകിയ ക്രോസ് ബോക്‌സിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന സ്പാനിഷ് മിഡ്ഫീൽഡർ പോസ്റ്റിലേക്ക് തട്ടിയിട്ടു. 2024 ജനുവരിക്ക് ശേഷം പകരക്കാരായി ഇറങ്ങിയ താരം ആർസനലിനായി ഇരട്ടഗോൾ നേടുന്നത് ഇതാദ്യമായാണ്.
Adjust Story Font
16

