Quantcast

30 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആസ്റ്റൺ വില്ല യൂറോപ്പ ലീഗ് ജേതാക്കൾ

ഫ്രേയ്ബർഗിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

MediaOne Logo

Sports Desk

  • Published:

    21 May 2026 9:43 AM IST

30 വർഷത്തെ കാത്തിരിപ്പിന് വിരാമം; ആസ്റ്റൺ വില്ല യൂറോപ്പ ലീഗ് ജേതാക്കൾ
X

ഇസ്താംബുൾ: 2025-26 യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ആസ്റ്റൺ വില്ല. ഇസ്താംബുളിൽ നടന്ന ഫൈനലിൽ ഫ്രേയ്‌ബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വില്ല തോൽപ്പിച്ചത്. യൂറി ടിയലമെൻസ്, എമിലിയാനോ ബ്വെൻഡിയ, മോർഗൻ റോജേഴ്‌സ് എന്നിവരാണ് ഗോളുകൾ നേടിയത്. സ്പാനിഷ് പരിശീലകൻ ഉനായി എംറി നേടുന്ന അഞ്ചാം യൂറോപ്പ ലീഗ് കിരീടമാണിത്.

ഇസ്താംബുളിലെ ബെഷിക്റ്റാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ആസ്റ്റൺ വില്ലയായിരുന്നു. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസമില്ലായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആസ്റ്റൺ വില്ല തന്നെയായിരുന്നു മുന്നിൽ. ആദ്യ പകുതിയുടെ 40-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സ് ഫ്രേയ്‌ബർഗ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിച്ച് യൂറി ടിയലമെൻസ് വില്ലക്ക് ലീഡ് നൽകി. വൈകാതെ ആദ്യ പകുതിയുടെ അധിക സമയത്ത് (45+2) എമിലിയാനോ ബ്വെൻഡിയ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ലീഡുയർത്തി.

രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സ് ലക്ഷ്യം കണ്ടതോടെ മത്സരം ഫ്രേയ്‌ബർഗിന്റെ കൈവിട്ടുപോയിരുന്നു. ബ്വെൻഡിയ നൽകിയ ക്രോസ് പോസ്റ്റിനരികിൽ നിന്ന് തട്ടി വലയിലെത്തിച്ചാണ് റോജേഴ്‌സ് മൂന്നാം ഗോൾ കണ്ടെത്തിയത്.

നേരത്തെ സെവിയ്യക്കൊപ്പം മൂന്ന് തവണയും വിയ്യാറയലിനൊപ്പം ഒരു തവണയും ഉനായി എംറി യൂറോപ്പ ലീഗ് കിരീടം നേടിയിട്ടുണ്ട്. 30 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആസ്റ്റൺ വില്ല ഒരു പ്രധാന കിരീടം നേടുന്നത്. 1996-ൽ നേടിയ ലീഗ് കപ്പ് കിരീടമാണ് വില്ലയുടെ ഇതിനുമുമ്പത്തെ മേജർ ട്രോഫി. അതേസമയം, 1982-ന് ശേഷം ആദ്യമായാണ് ആസ്റ്റൺ വില്ല ഒരു യൂറോപ്യൻ ട്രോഫി നേടുന്നത്. അർജന്റൈൻ ഗോൾകീപ്പർ എമി മാർട്ടിനസ് ഫൈനലുകളിലെ തന്റെ അപരാജിത കുതിപ്പ് തുടരുകയാണ്. ലോകകപ്പ് ഫൈനലടക്കം മാർട്ടിനസ് കളിച്ച ഏഴ് ഫൈനലുകളിൽ ഏഴിലും താരം വിജയിയായി.

TAGS :

Next Story