Quantcast

ഹാട്രിക് ബിദ്യാസാഗർ; 5- 0, ഇന്ത്യൻ എയർഫോഴ്‌സിനെ തരിപ്പണമാക്കി ബ്ലാസ്‌റ്റേഴ്‌സ്

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരട്ടഗോൾ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി അടിച്ചുകൂട്ടുകയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2023-08-21 15:30:18.0

Published:

21 Aug 2023 11:56 AM GMT

Bidyasagar scored a hat-trick and Kerala Blasters defeated the Indian air force football team in Durant Cup match.
X

കൊൽക്കത്ത: ഈസ്റ്റ് ബംഗാളിൽ കളിപഠിച്ച ബിദ്യാസാഗർ ഹാട്രിക് പ്രകടനവുമായി വെട്ടിത്തിളങ്ങിയ ഡ്യൂറൻറ് കപ്പ് മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് ഫുട്‌ബോൾ ടീമിനെ തരിപ്പണമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മഞ്ഞപ്പട ടൂർണമെൻറിലെ ആദ്യ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്‌സിയുടെ രണ്ടാം നിരയോട് സമനിലയിൽ കുരുങ്ങിയ സംഘം ആദ്യം കളിയിൽ ഗോകുലം എഫ്‌സിയോട് തോറ്റിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരട്ടഗോൾ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി അടിച്ചുകൂട്ടുകയായിരുന്നു. 60ാം മിനിട്ടിൽ ഡാനിഷിലൂടെയാണ് ടീം മൂന്നാം ഗോൾ നേടിയത്. അധികം വൈകാതെ ജസ്റ്റിൻ -വിബിൻ മുന്നേറ്റം അടുത്ത ഗോൾ സമ്മാനിച്ചു. ആദ്യ പകുതിയിൽ ഗോളടിച്ച ബിദ്യാസാഗറാണ് പന്ത് എയർഫോഴ്‌സിന്റെ വലയിലെത്തിച്ചത്. ഇതോടെ ടീം ലീഡ് 4-0 ആയി. 84ാം മിനിട്ടിൽ ബിദ്യാസാഗർ തന്റെ ഹാട്രിക് ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടി.

എയർഫോഴ്‌സ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് മുഹമ്മദ് ഐയ്മനാണ് മഞ്ഞപ്പടയ്ക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത്. ഒമ്പതാം മിനിട്ടിലാണ് വിബിനുമായി ചേർന്നുള്ള ഐയ്മന്റെ മുന്നേറ്റം ഗോൾവല കുലുക്കിയത്. അധികം വൈകാതെ 12ാം മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ഡാനിഷിന്റെ ത്രൂ ബോളിൽ നിന്ന് ബിദ്യാസാഗറാണ് ലക്ഷ്യം കണ്ടത്.

ബ്ലാസ്‌റ്റേഴ്‌സടങ്ങുന്ന ഗ്രൂപ്പ് സിയിൽ ആറ് പോയിൻറുമായി ഗോകുലം കേരള എഫ്‌സിയാണ് ഒന്നാമത്. രണ്ട് വിജയമാണ് അവരുടെ പേരിലുള്ളത്. നാലു പോയിൻറുമായി മഞ്ഞപ്പട രണ്ടാമതാണ്. ഒരു വിജയവും സമനിലയും തോൽവിയുമാണ് സമ്പാദ്യം. രണ്ട് സമനിലയും രണ്ട് പോയിൻറുമുള്ള ബംഗളൂരു എഫ്‌സി മൂന്നാമതാണ്. എന്നാൽ നാളെ ഗോകുലവുമായി അവർക്ക് ഒരു മത്സരം കൂടിയുണ്ട്. രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യൻ എയർഫോഴ്‌സ് ഒരു പോയിൻറുമായി അവസാന സ്ഥാനത്താണ്.

ഗ്രൂപ്പ് എയിൽ ഈസ്റ്റ് ബംഗാൾ ഒന്നാമതും മോഹൻ ബഗാൻ രണ്ടാമതുമാണ്. അതേസമയം, ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റി, മുഹമ്മദൻസ് എന്നീ ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഗ്രൂപ്പ് ഡിയിൽ ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഗ്രൂപ്പ് ഇയിൽ ചെന്നൈയിൻ, ഡൽഹി എഫ്‌സി, ഗ്രൂപ്പ് എഫിൽ ആർമി റെഡ്, രാജസ്ഥാൻ യുണൈറ്റഡ് എന്നീ ക്ലബുകൾ മുന്നിട്ടുനിൽക്കുന്നു.

Bidyasagar scored a hat-trick and Kerala Blasters defeated the Indian air force football team in Durant Cup match.

TAGS :

Next Story