Quantcast

'കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നിൽ കളിക്കണം' - ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം കോൾഡോ ഒബിയേറ്റ

MediaOne Logo

Sports Desk

  • Updated:

    2025-11-05 13:47:33.0

Published:

5 Nov 2025 7:08 PM IST

കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നിൽ കളിക്കണം - ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം കോൾഡോ ഒബിയേറ്റ
X

അഭിമുഖം

കോള്‍ഡോ ഒബിയേറ്റ / മഹേഷ്‌ പോലൂർ

2025 ഇന്ത്യൻ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. രണ്ടിലും മിന്നും ജയവുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പാനിഷ് കുന്തമുന കോൾഡോ ഒബിയേറ്റ തകർപ്പൻ ഫോമിലാണ്. രാജസ്ഥാൻ യുനൈറ്റഡിനെതിരെ ഒന്നും സ്പോർട്ടിങ് ഡൽഹിക്കെതിരെ രണ്ടു ഗോളുകളുമാണ് താരം നേടിയത്. സ്പാനിഷ് താരം, കേരളവും അതുപോലെ ബ്ലാസ്റ്റേഴ്‌സ് ടീമുമായുള്ള തന്റെ അനുഭവൻ പങ്ക് വെക്കുന്നു.


കോൾഡോ, കേരളം ബ്ലാസ്റ്റേഴ്സിലേക്കും അതുപോലെ ഇന്ത്യൻ ഫുട്ബാളിലേക്കും സ്വാഗതം. ഈ ടീമിലെ അന്തരീക്ഷത്തിനോട് എത്രവേഗത്തിൽ പൊരുത്തപ്പെട്ടു?

ഏതാണ്ട് ഒരു മാസമായി ടീമിനൊപ്പം ചേർന്നിട്ട്. ടീം സ്റ്റാഫിലെ സ്പാനിഷുകാർ ടീമിലെ ഇടപഴകൽ എളുപ്പമാക്കി. കഴിഞ്ഞ വർഷം ടീമിലുണ്ടായിരുന്ന വിദേശ താരങ്ങളും അതിനു സഹായിച്ചു. സൂപ്പർ കപ്പിലെ ഞങ്ങളുടെ തുടക്കം മികച്ചതായിരുന്നു. ഇവിടെ ഞാൻ സന്തോഷവാനാണ്.

ഒരു ഗോളുടുകൂടിയുള്ള അരങ്ങേറ്റം, രണ്ടാം മത്സരത്തിൽ ഡെൽഹിയോട് ഇരട്ട ഗോൾ നേട്ടം. പുതിയ ടീമിലെ ഈ തുടകത്തെ നിങ്ങൾ എങ്ങനെ കാണുന്നു?

ആദ്യ മത്സരം കഠിനമായിരുന്നു രാജസ്ഥാൻ ഫിസിക്കലായി കളിക്കുന്ന ടീമാണ്. അവരുടെ പ്രതിരോധ നിരയെ മറികടക്കാൻ എളുപ്പമായിരുന്നില്ല. ഞങ്ങൾക്ക് ഗോൾ കണ്ടെത്താൻ ഒരുപാട് അവസരങ്ങളൊന്നും ലഭിച്ചില്ല. അവർ പത്തുപേരായി ചുരുങ്ങിയത് ഞങ്ങൾക്ക് എളുപ്പമായി. ഗോൾ നേടാൻ അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പക്ഷെ രണ്ടാം മത്സരത്തിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരുന്നു.

താങ്കളും പരിശീലകൻ ഡേവിഡ് കറ്റാലയും സ്പെയിനുകാരാണ് ഈ ബന്ധം എത്രത്തോളം ഗുണകരണമായിട്ടുണ്ട്?

അദ്ദേഹത്തിന്റെ രീതികൾ വളരെ സിമ്പിളാണ്. ടാക്ടിക്കൽ ചിന്തകളുമായി കൊഴപ്പിക്കുന്ന ഒരാളല്ല. താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നൊരാളാണ് അദ്ദേഹം. എല്ലാ താരങ്ങൾക്കും ആത്മവിശ്വാസം നൽകാൻ അദ്ദേഹത്തിന് ആവുന്നുണ്ട്.

ടീമിലെ ഇന്ത്യൻ താരങ്ങൾക്കൊപ്പമുള്ള അനുഭവം എങ്ങനെയുണ്ട്?

ഐമനെയും സന്ദീപിനെയും പോലുള്ള പരിചയസമ്പത്തുള്ള ഒരുപാട് താരങ്ങൾ സ്‌ക്വാഡിലുണ്ട്. അവർ ഒരുപാട് വർഷമായി ഇവിടെ കളിച്ച് പരിചയമുള്ളവരാണ്. ഒരുപാട് യുവ താരങ്ങളും ടീമിലുണ്ട്. പരിശീലന സെഷനുകളിൽ അവർ നടത്തുന്ന പ്രയത്നം എന്നെ സന്തോഷിപ്പിക്കുന്നു.

ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രാജ്യത്തുടനീളം അറിയപെടുന്നതാണ്. ഗോവയിലെത്തിയ ട്രാവലിങ് ഫാൻസിനെ ഇതിനോടകം ശ്രദ്ധിച്ചിട്ടുണ്ടാകും. അവർക്കുമുന്നിൽ കൊച്ചിയിൽ കളിക്കാൻ കാത്തിരിക്കുകയാണോ?

ഇവിടെ കളിച്ച മത്സരത്തിൽ ഗാലറിയിൽ അവരെ കണ്ടിരുന്നു. ഈ ടീമിനുള്ളത് വളരെ വലിയ ഒരു ആരാധക കൂട്ടായ്മയാണ് , ടീമിലെ സഹ താരങ്ങളും എന്നോടത്തിനെ പറ്റി പറഞ്ഞിട്ടുണ്ട്. അവർക്കുമുന്നിൽ കളിക്കാൻ ഞാൻ കാത്തിരിക്കുന്നു. അത് ഉടനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കളുടെ ആദ്യ ഗോൾ വന്നത് മറ്റൊരു സ്പാനിഷ് താരമായ യുവാൻ റോഡ്രിഗസിന്റെ ക്രോസിൽ നിന്നുമാണല്ലോ. അദ്ദേഹത്തോടപ്പമുള്ള കോമ്പിനേഷൻ എങ്ങനെയാണ്?

അത് ഞങ്ങളുടെ കമ്യുണിക്കേഷൻ എളുപ്പമാക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ അവൻ അവിടെ നിന്നു കുരിശ് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടാണ് ഞാൻ ബോളിനായി സെക്കൻഡ് പോസ്റ്റിൽ നിന്നത്. സ്‌പെയിനിൽ ഞങ്ങൾ തമ്മിൽ കളിച്ചിട്ടുണ്ട്. അവൻ വളരെ മികച്ച താരമാണ്.

ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമായുള്ള ബന്ധം എങ്ങനെയാണ്?

ടീമിലെത്തിയപ്പോൾ അദ്ദേഹം നൽകിയ സ്വീകരണം വളരെ വലുതായിരുന്നു. കുടുംബത്തെപോലെ ഞങ്ങളെ എല്ലാവരെയും അദ്ദേഹം നോക്കി കാണുന്നു. വളരെ മികച്ചൊരു വ്യക്തിത്വമാണ് ലൂണയുടേത്.

രണ്ടു മത്സരങ്ങളിൽ രണ്ട് വിജയം, സൂപ്പർ കപ്പിലെ ടീമിന്റെ പ്രതീക്ഷകൾ എന്തെല്ലാമാണ്?

നിലവിൽ ഞങ്ങൾ മികച്ച നിലയിലാണ് മുംബൈയുമായുള്ള അടുത്ത മത്സരം അനുകൂലമായി അവസാനിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കാം. നിലവിൽ സെമിയിലെത്തുക എന്നാണത് തന്നെയാണ് പ്രഥമ ലക്ഷ്യം.

ഇന്ത്യയിൽ നിരവധി ക്ലബ്ബുകൾ ഉണ്ട് പക്ഷെ എന്തുകൊണ്ട് താങ്കൾ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തു?

ബ്ലാസ്‌റ്റേഴ്‌സിനെ പറ്റി ഇന്ത്യയിൽ കളിച്ച സ്പാനിഷ് താരങ്ങളിൽ നിന്ന് എനിക്കറിയാം. അൽവാരോ വാസ്‌ക്വസുമായി എനിക്ക് മുൻപരിചയമുണ്ട്. ഇന്ത്യയിൽ കളിക്കുന്നത് ഒരു വേറിട്ട അനുഭവമാണെന്ന് എനിക്കറിയാം. അത് അനുഭവിച്ചറിയാനാണ് ഇവിടെയെത്തിയത്.

അവസാന ചോദ്യം, ടീമിന്റെ ആരാധകർക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളത്?

ആരാധകരെ ഹോം സ്റ്റേഡിയത്തിൽ നേരിൽ കാണാനാണ് ഞാൻ കാത്തിരിക്കുന്നത്. നിലവിൽ അവർ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ ഇനിയും തുടരണം. ഞങ്ങൾ കിരീടം ലക്ഷ്യമിട്ടാണ് ഈ ടൂർണമെന്റിന് ഇറങ്ങിയത് അത് പൂർത്തീകരിക്കാൻ ഞങ്ങൾ ശ്രമിക്കും. ഈ സീസണിന് അതിലും മികച്ചൊരു തുടക്കം ലഭിക്കാൻ ഇടയില്ല. ഇതേ പ്രകടനം ഐഎസ്എല്ലിലും തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


TAGS :

Next Story