ബൊളീവിയ എന്നുമൊരു ബാലികേറാമല; ലാറ്റിനമേരിക്കൻ ടീമുകളെ വലയ്ക്കുന്ന എൽ ആൾടോ സ്റ്റേഡിയം
ബ്രസീലിന് പുറമെ അർജന്റീനയും ബൊളീവിയയിലെ സ്റ്റേഡിയത്തിൽ തോൽവി നേരിട്ടിരുന്നു

ലാ പാസ്: വമ്പൻമാരായ ബ്രസീലിനെയും അർജന്റീനയെയും ഹോം ഗ്രൗണ്ടിൽ കിട്ടിയാൽ വിറപ്പിക്കുന്ന ഒരു ലാറ്റിനമേരിക്കൻ രാജ്യമുണ്ട്. ബൊളീവിയ. അവരെ ഹോം മത്സരത്തിൽ തോൽപ്പിക്കുക എന്നത് മറ്റു ടീമുകളെ സമ്മർദത്തിലാഴ്ത്തുന്ന കാര്യമാണ്. ഏറ്റവുമൊടുവിൽ തുടർജയവുമായി മുന്നേറിയ കാർലോ ആഞ്ചലോട്ടിയുടെ ബ്രസീൽ സംഘമാണ് അവർക്ക് മുന്നിൽ കീഴടങ്ങിയത്.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 മീറ്റർ ഉയരത്തിലാണ് ബൊളീവിയയുടെ പുതിയ സ്റ്റേഡിയമായ എൽ ആൾടോ സ്ഥിതി ചെയ്യുന്നത്. അതായത് ഏതാണ്ട് 13000 അടി ഉയരത്തിൽ. അതിനാൽ തന്നെ അവിടെ കളിക്കുമ്പോൾ താരങ്ങൾക്ക് ശ്വാസ തടസം, നിർജലീകരണം പോലെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഈ കാലാവസ്ഥ പരിചിതമായ ബൊളീവിയൻ താരങ്ങൾക്ക് ഇത് വലിയ പ്രശ്നമാകാറുമില്ല. പക്ഷേ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന താരങ്ങളെ ഇത് ശരിക്കും ബുദ്ധിമുട്ടിക്കും. 2009ൽ മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയും ടെവസുമടക്കം വമ്പൻതാരനിരയുമായെത്തിയ അർജന്റീനയും ഇതേ സ്റ്റേഡിയത്തിൽ വൻതോൽവി വഴങ്ങിയിരുന്നു. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് അർജന്റൈൻ സംഘത്തിന്റെ തോൽവി. 2017ൽ ബൊളീവിയയുമായുള്ള മത്സരം സമലിയായതിന് പിന്നാലെ ഈ സ്ഥിതി മനുഷ്യത്യരഹിതമാണെന്ന് നെയ്മർ നേരത്തെ തുറന്നടിച്ചിരുന്നു.
കളിക്കാർ നേരിടുന്ന ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 2007 ൽ ഫിഫ 2500 മീറ്ററിനു മുകളിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇക്വഡോർ, പെറു, ബൊളീവിയ തുടങ്ങിയ സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾക്ക് ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. അതിനാൽ വിലക്കിനെതിരെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ഉയർന്ന ശക്തമായ പ്രതിഷേധംമൂലം 2008 ൽ ഫിഫ വിലക്ക് നീക്കുകയായിരുന്നു. എന്തു തന്നെയായാലും ബൊളീവിയയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അവർക്കൊരു അനുഗ്രഹം തന്നെയാണ്. അഥവാ ബ്രസീലിന്റെ തോൽവിയിലും ഈ ഘടകം വർക്ക് ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

