മൊറോക്കോ നൽകുന്ന പാഠമെന്ത്? ബ്രസീൽ എത്രദൂരം മുന്നേറും

പുറത്ത് കനത്ത ഇരുട്ടാണ്... ജനൽപ്പാളികളിൽ നിന്നും അടിച്ചുകയറുന്ന ജൂൺ മാസ മഴയുടെ തണുപ്പ്! പക്ഷേ, സമയം പുലർച്ചെ മൂന്നരയായിട്ടും മലയാളി ഫുട്ബോൾ പ്രേമികളുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ഒരു തുള്ളി പോലുമില്ലായിരുന്നു. ന്യൂയോർക്കിൽ സ്ഥതി മറിച്ചാണ്. പകൽച്ചൂടിനെ വകവെക്കാതെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അണിനിരന്നത് പതിനായിരങ്ങൾ. എല്ലാവരും കാത്തിരുന്നത് കാർലോ ആഞ്ചലോട്ടി അണിയിച്ചൊരുക്കിയ പുതിയ കാനറിപ്പടയെ കാണാനാണ്.
പക്ഷേ, കളി തുടങ്ങിയത് മുതൽ അവരുടെ നെഞ്ചകം പടപടാ മിടിച്ചുതുടങ്ങി. നെഞ്ചിലേക്കൊരു ഭയം അരിച്ചുകയറി. ആദ്യ 10 മിനിറ്റിൽ സ്റ്റാറ്റ്സ് കാർഡിലേക്ക് നോക്കിയപ്പോൾ അവരുടെ മുന്നിൽ തെളിഞ്ഞതിങ്ങനെ - ഷോട്ടുകൾ: മൊറോക്കോ 5, ബ്രസീൽ 1! അഞ്ച് നക്ഷത്രങ്ങളണിഞ്ഞ് വന്ന ഈ ബ്രസീൽ ടീമിന് എന്തൊക്കെ പ്രതിസന്ധികളുണ്ടെന്ന് ബോധ്യപ്പെടുത്താൻ മൊറോക്കോയ്ക്ക് ആ പത്ത് മിനിറ്റുകൾ മാത്രം മതിയായിരുന്നു.
മൊറോക്കോയുടെ തുടർ മുന്നേറ്റങ്ങൾക്കിടയിൽ ബ്രസീൽ ആരാധകർക്ക് അൽപ്പം ആശ്വാസം നൽകിയത് ഗാലറിയിലെ ദൃശ്യങ്ങളാണ്. തങ്ങളെ മഞ്ഞക്കുപ്പായത്തോട് അടുപ്പിച്ച ഏതാനും മുഖങ്ങൾ അവിടെയിരിപ്പുണ്ട്! ഫുട്ബോൾ ലോകത്തെ ഒരേയൊരു 'ഫിനോമിനൻ' റൊണാൾഡോ നസാരിയോ! എതിർബോക്സിലേക്ക് ഇടിമിന്നലുകൾ പായിച്ചിരുന്ന റോബർട്ടോ കാർലോസ്! മധ്യനിരയിലെ മാന്ത്രികൻ കക്ക! കൂടെ ചിരിച്ചുകൊണ്ട് നെയ്മറും. ഓരോ ബ്രസീൽ ആരാധകനും അവരെയും ഇപ്പോൾ മൈതാനത്തുള്ളവരെയും നോക്കി ഒന്ന് നെടുവീർപ്പിട്ട് കാണണം...
പാളിയ തുടക്കവും ലൈനപ്പും
എന്താണ് ലൈനപ്പ് എന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ 4-2-3-൧ എന്ന ഫോർമേഷനിലാണ് ആഞ്ചലോട്ടി കളമൊരുക്കിയത്. വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ എന്നിവർ വിംഗുകളിൽ. ഒപ്പം സർപ്രൈസ് സെലക്ഷനായി ബ്രെന്റ്ഫോർഡിന്റെ ഇഗോർ തിയാഗോ, കൂടെ കളിമെനയാൻ ലൂക്കാസ് പക്വെറ്റ. മധ്യനിരയെ നിയന്ത്രിക്കാൻ കസെമിറോയും ബ്രൂണോ ഗ്വിമരായെസും. പ്രതിരോധത്തിലായിരുന്നു അതിലേറെ വലിയ സർപ്രൈസ്. തലവേദനയായ റൈറ്റ് ബാക്ക് പൊസിഷനിൽ നാച്ചുറൽ സെന്റർ ബാക്കായ റോജർ ഇബാനസ് നിൽക്കുന്നു. പക്ഷേ, ആകെ മൊത്തം ഒന്നും ശരിയാകാത്ത നിമിഷങ്ങൾ! കളി മെനയാൻ പക്വെറ്റയെ വലതുവശത്ത് വിന്യസിച്ചപ്പോൾ മധ്യനിരയിൽ കാസെമിറോയ്ക്കും ബ്രൂണോയ്ക്കും വലിയൊരു ഭാഗം ഒറ്റയ്ക്ക് കവർ ചെയ്യേണ്ടി വന്നു.
ബ്രസീൽ ഒന്നുണരും മുമ്പേ അവരെ ഞെട്ടിക്കുക! മൊറോക്കൻ കോച്ച് മുഹമ്മദ് ഔഹാബി കൃത്യമായ പ്ലാനോടെയാണ് വന്നത്. പ്രതീക്ഷിച്ച പോലെ ഹൈ-പ്രെസ്സിംഗും അതിവേഗ കൗണ്ടർ അറ്റാക്കുകളുമായിരുന്നു മൊറോക്കോയുടെ ആയുധം. ടാക്റ്റിക്കലായി അവർ ബ്രസീലിനെക്കാൾ ഏറെ മുന്നിൽ. 1966-ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ബ്രസീൽ ആദ്യ 10 മിനിറ്റിൽ 5 ഷോട്ടുകൾ നേരിടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. കാനറികൾ മൈതാനത്ത് ദിക്കറിയാതെ നിന്ന നേരങ്ങൾ. മിഡ്ഫീൽഡിലൂടെ ബ്രാഹിം ഡയസ് തെന്നി നീങ്ങുമ്പോൾ തടുക്കാൻ കാനറികൾക്ക് പ്ലാനുകളില്ലായിരുന്നു. അച്ചറഫ് ഹക്കീമിയും നൗസെയർ മസ്റൂയിയും വിംഗുകളിലൂടെ ഇരച്ചുകയറി. പക്ഷേ, ബ്രസീൽ കാത്തിരുന്ന ഒരു മൊമെന്റം അതിനിടയിൽ സംഭവിച്ചു. വിനീഷ്യസിന്റെ ഒരു ക്രോസിൽ നിന്നും ഇഗോർ തിയാഗോയ്ക്ക് ലഭിച്ചത് ഒരു സുവർണാവസരം. പക്ഷേ, അത് കൃത്യമായി കണക്റ്റ് ചെയ്യാനായില്ല. ഗാലറിക്ക് വലിയ നിരാശ.
മൊറോക്കൻ ചിപ്പും വിനീഷ്യസിന്റെ മറുപടിയും
കളിയുടെ ഇരുപത്തിയൊന്നാം മിനിറ്റ്. ബ്രസീൽ ആരാധകർ ഭയന്നത് തന്നെ സംഭവിക്കുകയാണ്. മാർക്വിഞ്ഞോസും ഗബ്രിയേലും ഒരേസമയം പൊസിഷൻ തെറ്റി നിൽക്കുന്നു. അവസരം മുതലെടുത്ത ഇസ്മായിൽ സൈബാരി, അലിസൺ ബെക്കറുടെ തലയ്ക്ക് മുകളിലൂടെ ആ പന്ത് ചിപ്പ് ചെയ്ത് വലയിലേക്കിട്ടു. ബ്രസീൽ ആരാധകരുടെ നെഞ്ചിലേക്ക് ഒരായിരം കുന്തമുനകൾ ഒന്നിച്ച് ഇറങ്ങുന്ന വേദന! 92 വർഷത്തിനുള്ളിൽ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോറ്റിട്ടില്ലെന്ന ആ അഹങ്കാരം തകർന്നുപോകുന്നുവെന്ന് ഓരോരുത്തരും കരുതി. മധ്യനിരയിലെ ക്രിയേറ്റിവിറ്റിയില്ലായ്മയായിരുന്നു ബ്രസീലിന്റെ ശാപം. നെയ്മർ ഇല്ലാത്ത കളിയിൽ ബോക്സിലേക്ക് കൃത്യമായ പാസുകൾ നൽകാൻ ആരുമുണ്ടായിരുന്നില്ല! കസെമിറോയും ബ്രൂണോ ഗ്വിമരായെസും കേവലം ഡിഫൻസീവ് ഡ്യൂട്ടിയിൽ ഒതുങ്ങിപ്പോയി. പക്വെറ്റയാകട്ടെ, വിംഗിൽ ഒറ്റപ്പെട്ടുപോയതോടെ ബ്രസീലിന് താളം നഷ്ടപ്പെട്ടു. കാര്യം തിരിച്ചറിഞ്ഞ ആൻസലോട്ടി തന്റെ പ്ലാൻ മാറ്റി, പക്വെറ്റയ്ക്ക് കൂടുതൽ ഡിഫൻസീവ് ഡ്യൂട്ടി നൽകി.
തലകുനിച്ച് നിന്ന ബ്രസീലിയൻ ഹൃദയങ്ങൾ ഒരു രക്ഷകന്റെ വരവിനായി പ്രാർത്ഥിക്കുകയായിരുന്നു. അവിടെ വെച്ചൊരാൾ ആ പ്രാർത്ഥനകൾ കേട്ടു! ക്ലോക്കിൽ സമയമപ്പോൾ 32-ാം മിനിറ്റ്! തന്റെ അൻപതാം അന്താരാഷ്ട്ര മത്സരം വിനീഷ്യസ് ജൂനിയർ എന്നെന്നും ഓർമിക്കാനുള്ളതാക്കി. ഇടത് വിംഗിൽ ബ്രൂണോ നൽകിയ പന്ത് സ്വീകരിക്കുമ്പോൾ വിനിക്ക് മുന്നിൽ അധികം സ്ഥലമുണ്ടായിരുന്നില്ല. പക്ഷേ, തന്റെ അസാധാരണമായ വേഗതയും മൂവ്മെന്റും കൊണ്ട് മൊറോക്കൻ ഡിഫൻസിനെ കബളിപ്പിച്ചു വിനി അകത്തേക്ക് കട്ട് ചെയ്തു കയറി. റയലിൽ പലവട്ടം ചെയ്ത അതേ പണി വിനീഷ്യസ് ഒരിക്കൽ കൂടി തന്റെ കോച്ചിനായി ചെയ്തു. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയ്ക്ക് ഒരു ചാൻസും നൽകാതെ പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തറച്ചു!
ഗോൾ...! മെറ്റ്‌ലൈഫ് സ്റ്റേഡിയം ഇളകി മറിഞ്ഞു! ബ്രസീലിയൻ തീരങ്ങൾ മുതൽ മലബാർ തീരങ്ങൾ വരെ ഒന്നിച്ച് കുലുങ്ങിയ നേരം. വിനിയുടെ ബ്രസീൽ ജേഴ്സിയിലെ പത്താം ഗോൾ! ബ്രസീൽ ഒപ്പത്തിനൊപ്പം (1-1)! ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഒരു അക്രോബാറ്റിക് വോളിയിലൂടെ പക്വെറ്റ ഒന്ന് വിറപ്പിച്ചെങ്കിലും ബോണോ അത് തട്ടിയകറ്റി.
കൗമാര വീര്യവും അലിസന്റെ ഡബിൾ സേവും
രണ്ടാം പകുതിയിൽ കൂടുതൽ കൺട്രോളുള്ള ബ്രസീലിനെയാണ് കണ്ടത്. എന്നാൽ വലതുവിംഗിൽ റാഫിഞ്ഞ നിരാശപ്പെടുത്തി. നുസൈർ മസ്റാവി റാഫിഞ്ഞയെ പൂർണ്ണമായും തന്റെ പോക്കറ്റിലാക്കിയെന്ന് പറയാം! രണ്ടാം പകുതിയിൽ ബ്രൂണോ ഗ്വിമരായെസ് നൽകിയ ഒരു ലോ ക്രോസ് കണക്ട് ചെയ്യാൻ റാഫിഞ്ഞയ്ക്കായില്ല. എന്നാൽ വൻതോക്കുകൾ പതറുമ്പോൾ മൊറോക്കോ കുപ്പായത്തിൽ ഒരു 18 കാരൻ എല്ലാവരുടെയും ഹൃദയം കവർന്നു - ഐയൂബ് ബൗആദി! ഫ്രഞ്ച് അണ്ടർ-21 ക്യാപ്റ്റനായിരുന്ന താരം ലോകകപ്പിന് തൊട്ടുമുമ്പാണ് മൊറോക്കോയ്ക്കായി കളിക്കാൻ തീരുമാനിച്ചത്. ബ്രസീലിന്റെ വൻമരങ്ങളായ കാസെമിറോയെയും ഗ്വിമാറെസിനെയും ബൗആദി വിറപ്പിച്ചു നിർത്തി. മധ്യനിരയിൽ പന്ത് ഹോൾഡ് ചെയ്യാനും വിതരണം ചെയ്യാനുമുള്ള അവന്റെ മിടുക്ക് ലോകം അത്ഭുതത്തോടെയാണ് കണ്ടത്.
ബ്രസീലിന്റെ നീക്കങ്ങൾക്ക് മൂർച്ച പോര എന്ന് കണ്ട ആൻസലോട്ടി ബെഞ്ചിലേക്ക് നോക്കി. കാസെമിറോയെ മാറ്റി ഫാബിഞ്ഞോയെയും, ഇബാനസിന് പകരം ഡാനിലോയെയും കളത്തിലിറക്കി. പക്വെറ്റയ്ക്ക് പകരം മാറ്റിയൂസ് കുന്യയും തിയാഗോയ്ക്ക് പകരം ലൂയിസ് എൻറിക്കെയും കളത്തിലെത്തി. മധ്യനിര താളം കണ്ടെത്താൻ പാടുപെടുമ്പോൾ ക്യാമറകൾ ബെഞ്ചിലിരിക്കുന്ന നെയ്മറിലേക്ക് സൂം ചെയ്തുകൊണ്ടിരുന്നു. എങ്കിലും ആദ്യ മിനിറ്റുകളെ അപേക്ഷിച്ച് ബ്രസീൽ അൽപ്പം കൂടി ഓർഗനൈസ്ഡ് ആയിരുന്നു.
കളിയുടെ അവസാന മിനിറ്റുകളിൽ മൊറോക്കോ വീണ്ടും ബ്രസീലിനെ മുൾമുനയിൽ നിർത്തി. മത്സരത്തിന്റെ 99-ാം മിനിറ്റിൽ എൽ ഐനാവിയുടെ ദൂരനിന്നുള്ള ഒരു വെടിയുണ്ട ഷോട്ട് അലിസൺ തട്ടിയകറ്റിയെങ്കിലും വീണത് അയൂബ് അമൈമൗണിയുടെ കാലുകളിൽ. പക്ഷേ, കണ്ണുതെറ്റാതെ നിന്ന അലിസൺ അതിശയിപ്പിക്കുന്ന ഒരു ഡബിൾ സേവിലൂടെ ഹീറോയായി! കൂടുതൽ അപകടങ്ങളില്ലാതെ ഫൈനൽ വിസിലുയർന്നു. ബ്രസീൽ 1, മൊറോക്കോ 1.
പാഠങ്ങളും കാനറികളുടെ മുന്നോട്ടുള്ള യാത്രയും
ഈ മത്സരത്തിൽ ബ്രസീലിന് ഏറ്റവും വലിയ പോസിറ്റീവ് വിനീഷ്യസ് ജൂനിയറാണ്. ടീം ഒട്ടാകെ അബദ്ധങ്ങൾ ചെയ്തെങ്കിലും അയാളുടെ ഒറ്റയാൻ മിടുക്കിലാണ് ആ ഗോൾ പിറന്നത്. കൂടെ കടുത്ത സമ്മർദ്ദ സാഹചര്യം മറികടക്കാനാകുമെന്നും വിനി തെളിയിച്ചു. എന്നാൽ ആകെത്തുകയിൽ കളിയിലുടനീളം മിസ് പാസുകളും കോർഡിനേഷൻ കുറവും കാണാമായിരുന്നു. മാർക്വിഞ്ഞോസും ഗബ്രിയേലും തമ്മിലുള്ള സിങ്ക് ഇനിയും ഒരുപാട് ശരിയാകേണ്ടിയിരിക്കുന്നു. നെയ്മർ ഇല്ലാത്ത സാഹചര്യത്തിൽ മധ്യനിരയിൽ ക്രിയേറ്റിവിറ്റി കൊണ്ടുവരാൻ പുതിയൊരു പ്ലാൻ ആൻസലോട്ടി കണ്ടെത്തിയേ തീരൂ. ഫാസ്റ്റ് വിംഗർമാരെ പൂട്ടാൻ ഫുൾബാക്കുകൾ കൂടുതൽ ജാഗ്രത പുലർത്തണം. റാഫിഞ്ഞയുടെ ഫോമും വരും മത്സരങ്ങളിൽ അതിനിർണ്ണായകമാണ്.
ഈ പോരായ്മകൾക്കിടയിലും ഗ്രൂപ്പ് ഘട്ടത്തിൽ ഹെയ്തിയെയും സ്കോട്ട്ലൻഡിനെയും മറികടക്കാൻ ബ്രസീലിന് കഴിഞ്ഞേക്കും. പക്ഷേ, അതിനപ്പുറം കടുപ്പമേറിയ നിർണ്ണായക നോക്കൗട്ട് മത്സരങ്ങൾ വരാനുണ്ട്. വ്യക്തിഗത മികവിനപ്പുറത്ത്, ഒത്തൊരുമയുള്ള ടീമെന്ന മെന്റാലിറ്റി കാനറികൾ എത്രയും വേഗം വീണ്ടെടുക്കണം. എങ്കിൽ മാത്രമേ അമേരിക്കൻ മണ്ണിൽ ആറാം ലോകകിരീടമെന്ന അത്ഭുതങ്ങൾ സംഭവിച്ചേക്കൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു!
Adjust Story Font
16

